എട്ട് മണിക്കൂറിൽ എട്ട് അത്ഭുതങ്ങളിലൂടെ റബീഉൽ ഇബ്രാഹീമിന്‍റെ പര്യടനം
text_fieldsദോഹ: വ്യായാമത്തിന്‍റെയും കായിക പരിശീലനത്തിന്‍റെയും പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു ചൊവ്വാഴ്ച ഖത്തറിന്‍റെ ദേശീയ കായിക ദിനാചരണം. രാഷ്ട്രത്തലവൻ മുതൽ മന്ത്രിമാരും സ്വദേശികളും വിദേശികളുമെല്ലാം ആഘോഷത്തിന്‍റെ ഭാഗമായ ദിനം. എന്നാൽ, ഈ വേളയിൽ വേറിട്ട വഴിയിലൂടെയായിരുന്നു മലയാളിയായ റബീഉൽ ഇബ്രാഹീമിന്‍റെ ദേശീയ കായികദിനത്തിലെ സഞ്ചാരം. വിശ്വമേളക്കായി ഖത്തർ ഒരുക്കിയ എട്ട് സ്റ്റേഡിയങ്ങളിലേക്ക് ഒരു പകൽ നീണ്ട സൈക്കിൾ യാത്ര. കായിക ദിനത്തിൽ ഗ്രൗണ്ടുകളിലും എല്ലാവരും പാർക്കുകളിലും ബീച്ചുകളിലുമായി വിവിധ പരിശീലനത്തിനും വിനോദത്തിനുമായി നീങ്ങിയപ്പോൾ അൽ റയ്യാനിലെ അഹമ്മ് ബിൻ അലി സ്റ്റേഡിയത്തിൽ നിന്നും തന്‍റെ കാനൺഡെയ്ൽ ക്വിക്ക് 5 സൈക്കിളിലേറി സഞ്ചാരം തുടങ്ങുകയായിരുന്നു.
ലോകകപ്പിനായി ഖത്തർ ഒരുക്കിയ എട്ട് വേദികളിലും സന്ദർശിച്ചുള്ള ഒറ്റ ദിനത്തിലെ യാത്ര. റയ്യാനിൽ നിന്നും തുടങ്ങി നേരെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ വജ്രത്തിളക്കമുള്ള സൗന്ദര്യത്തിലേക്ക്. അതുകഴിഞ്ഞ് നേരെ കുതിച്ചെത്തിയത് ഖത്തറിന്‍റെ കായിക സംസ്കാരത്തിന്‍റെ പാരമ്പര്യം അടയാളപ്പെടുത്തപ്പെട്ട ആദ്യകാല കളിമുറ്റമായ ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിലേക്ക്. ആസ്പയർ സോണും ടോർച്ച് ടവറുമായി തലയുയർത്തി നിൽക്കുന്ന കളിത്തൊട്ടിൽ സന്ദർശിച്ച്, ദോഹയിൽ നഗരത്തിരക്കിനുള്ളിലെ അൽ തുമാമ സ്റ്റേഡിയം. പരമ്പരാഗത അറബ് കൗമാരക്കാരുടെ തലപ്പാവിന്‍റെ മാതൃകയിൽ തലയുയർത്തിനിൽക്കുന്ന തുമാമയും ചുറ്റിക്കണ്ട് നേരെ കിലോമീറ്ററുകൾ അകലെയുള്ള അൽ വക്റയിലേക്ക്.
അവിടെയാണ് ബ്രിട്ടീഷ് ഇറാഖ് ആർക്കിടെക്ടായ മൺമറഞ്ഞ സഹ ഹദീദിന്‍റെ വാസ്തുവിദ്യയിൽ വിസ്മയിപ്പിക്കുന്ന അൽ ജനൂബ് സ്റ്റേഡിയമുള്ളത്. ശേഷം, നേരെ റാസ് അബൂഅബൂദിലെ കണ്ടെയ്നർ സ്റ്റേഡിയത്തിന്റെ മായാപ്രപഞ്ചത്തിലേക്ക്. 974 ഷിപ്പിങ് കണ്ടെയ്നറുകൾകൊണ്ട് സ്റ്റേഡിയം നിർമാണങ്ങളുടെ ചരിത്രത്തിലെ മറ്റൊരു അത്ഭുതമായ ഈ കളിത്തൊട്ടിലിന്‍റെ സൗന്ദര്യവും കണ്ട് വീണ്ടും യാത്ര. ലോകകപ്പിന്‍റെ ഫൈനൽ വേദിയായി ഖത്തറിന്‍റെ നെറ്റിപ്പട്ടംപോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ലുസൈൽ സ്റ്റേഡിയമായിരുന്നു അടുത്ത സ്റ്റേഷൻ. ഈ മണ്ണിലാണ് 2022 ഡിസംബർ 18ന് രാത്രിയിൽ പുതിയ ഫിഫ ചാമ്പ്യന്മാർ പിറക്കുന്നത്. അതിന്‍റെ സൗന്ദര്യവും ആസ്വദിച്ച്, സൂര്യൻ മറയും മുമ്പേ ദോഹയിൽനിന്നും ഏറ്റവും അകലെയുള്ള വേദിയായ അൽ ബെയ്ത് സ്റ്റേഡിയം. ലോകകപ്പിന്‍റെ ഉദ്ഘാടന വേദികൂടിയായി ഈ തമ്പ് മൈതാനിയും പാർക്കും അടങ്ങുന്ന അൽബെയ്തിലെത്തുമ്പോഴേക്കും സമയം രാത്രി 7.30ന്.
വെള്ളിവെളിച്ചത്തിൽ തിളങ്ങുന്ന കളിയിടത്തോട് യാത്രപറഞ്ഞ് റബീഉൽ ഇബ്രാഹീമിന്‍റെ സ്റ്റേഡിയം ടൂറിന് ശുഭപര്യവസാനമായി. രാവിലെ 8.30ന് ആരംഭിച്ച ഓട്ടം രാത്രി 7.30നാണ് അവസാനിച്ചതെങ്കിലും എട്ട് മണിക്കൂറായിരുന്നു സൈക്കിൾ റണ്ണിങ്ങിന്‍റെ സമയം. ബാക്കിയുള്ള സമയം, ഫോട്ടോയെടുപ്പും സമൂഹ മാധ്യമത്തിലെ തത്സമയ അപ്ഡേഷനുമെല്ലാമായിരുന്നു. ഓടിത്തീർത്തത് 120 കി. മീറ്റർ. ഇതിൽ 100 കി. മീറ്ററും പ്രധാനപാതകളോട് ചേർന്നുള്ള സൈക്ലിങ് ട്രാക്കുകളിലൂടെയായിരുന്നു. ലോകകപ്പിന്‍റെ വർഷമെന്ന നിലയിൽ കായിക ദിനത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽനിന്നാണ് എട്ടു സ്റ്റേഡിയങ്ങളിലെ റൈഡിലെത്തിയതെന്ന് റബീഉൽ ഇബ്രാഹീം പറയുന്നു. തൃശൂർ പാവറട്ടി സ്വദേശിയായ റബീഉൽ ഖത്തർ ഗ്യാസ് ഗ്രൂപ്പിൽ സീനിയർ പ്രോജക്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. ഫാദിയ അലിയാണ് ഭാര്യ. മുആദ്, മർവാൻ എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.