ബംഗാളിൽ വീണ്ടും മമതാ ഗർജ്ജനം?
text_fieldsകൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധമുഖമാണ് പശ്ചിമ ബംഗാൾ. മമതയുടെ തേരോട്ടം അവസാനിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിയുടെ മുന്നിൽ അവർ വീണ്ടും ഗർജ്ജിച്ചു നിൽക്കുന്നതിന്‍റെ സൂചനകളാണ് ആദ്യഘട്ട ഫലങ്ങളിൽ വരുന്നത്. മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ പ്രതിപക്ഷ ബ്ലോക്കിലെ അംഗമാണ് തൃണമൂൽ എന്ന പ്രത്യേകതയുമുണ്ട്.
2019ൽ മുഖ്യമന്ത്രി മമതയുടെ തൃണമൂലിന് സംസ്ഥാനത്തെ 42 സീറ്റുകളിൽ 22 എണ്ണവും ബി.ജെ.പിക്ക് 18 സീറ്റുകളും കോൺഗ്രസിന് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. ഇത്തവണ മമതക്കെതിരായ ആക്രമണോത്സുക പ്രചാരണത്തിന്റെ പിൻബലത്തിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി വൻ ജയം നേടുമെന്നായിരുന്നു എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്. വോട്ടെടുപ്പ് ദിവസങ്ങളിൽ ഒന്നിലധികം അക്രമ സംഭവങ്ങളും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
33 മണ്ഡലങ്ങളുടെ വിധി ഇന്ന് തീരുമാനിക്കുമെങ്കിലും ഡം ഡം, ബരാസത്ത്, ബസിർഹത്ത്, ജയ്‌നഗർ, മഥുരാപൂർ, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, കൊൽക്കത്ത ദക്ഷിണ്, കൊൽക്കത്ത ഉത്തർ എന്നീ 9 മണ്ഡലങ്ങളിലെ വോട്ടുനില അതീവ നിർണായകമാണ്. കൂച്ച്ബിഹാർ, അലിപുർദുവാർ, ജൽപായ്ഗുരി, ഡാർജിലിംഗ്, റായ്ഗഞ്ച്, ബാലുർഘട്ട് എന്നിവയും സംസ്ഥാനത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളും പ്രധാനപ്പെട്ട യുദ്ധഭൂമികകളിൽ ഉൾപ്പെടുന്നു. തൃണമൂൽ കോൺഗ്രസ്,ബി.ജെ.പി, ഇടതുമുന്നണിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സഖ്യം എന്നിവയിൽനിന്നുമാണ് ഇവിടെനിന്നുള്ള പ്രധാന മത്സരാർത്ഥികൾ. സംസ്ഥാനത്ത് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 78ശതമാനമാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.