മണിപ്പൂർ: കുഞ്ഞിനെയടക്കം മൂന്നു പേരെ ചുട്ടുകൊന്ന കേസ് സി.ബി.ഐക്ക് കൈമാറി
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ ജൂണിൽ നടന്ന വംശീയ സംഘർഷത്തിനിടെ ഏഴുവയസ്സുകാരനെയും അമ്മയെയും അമ്മായിയെയും ആൾക്കൂട്ടം ജീവനോടെ ചുട്ടുകൊന്ന കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കും. ടോൺസിംഗ് ഹാങ്‌സിംഗ് എന്ന കുട്ടിയുടെ തലയിൽ വെടിയേറ്റതിനെ തുടർന്ന് അമ്മ മീന ഹാങ്‌സിംഗും അമ്മായി ലിഡിയ ലൗറെംബമും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജനക്കൂട്ടം വാഹനം ആക്രമിക്കുകയും തീയിടുകയും ചെയ്യുകയായിരുന്നു.
കുട്ടിയുടെ അമ്മ മെയ്തേയിയും പിതാവ് കുക്കി വംശജനും ആയിരുന്നു. ലോക്കൽ പോലീസാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ മറ്റ് 20 കേസുകൾക്കൊപ്പം ഈ കേസും സി.ബി.ഐക്ക് കൈമാറുകയായിരുന്നു. 2,000 ത്തോളം വരുന്ന ജനക്കൂട്ടം വാഹനവ്യൂഹം തടഞ്ഞാണ് ഇവരെ കൊലപ്പെടുത്തിയത്. ആംബുലൻസിന്റെ ഡ്രൈവറും നഴ്‌സും രക്ഷപ്പെട്ടെങ്കിലും ജനക്കൂട്ടം വാഹനത്തിന് തീയിട്ടു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.
പട്ടികവർഗ (എസ്ടി) പദവിക്കായുള്ള മെയ്തേയ് വിഭാഗത്തിന്റെ അഭ്യർത്ഥനയ്‌ക്കെതിരെ മലയോര ജില്ലകളിൽ നടത്തിയ ‘ഗോത്ര സോളിഡാരിറ്റി മാർച്ചിനെ’ തുടർന്നാണ് കുക്കി, മെയ്തേയ് സമുദായങ്ങൾക്കിടയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലിൽ 160ലധികം ജീവനുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ നിരവധി വാഹനങ്ങളും അക്രമികൾ തകർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.