ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ യു.എ.ഇയിൽ; യു.എസും സൗദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
text_fieldsഇന്ത്യക്കാരായ പ്രവാസികൾ ഏറ്റവുംകൂടുതൽ ഉള്ളത് യു.എ.ഇയിലെന്ന് യു.എൻ റിപ്പോർട്ട്. 35 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. യു.എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ പ്രവാസികളുടെ കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യു.എസിൽ 27 ലക്ഷവും സൗദി അറേബ്യയിൽ 25 ലക്ഷവും ഭാരതീയരായ പ്രവാസികളുണ്ട്. ഓസ്‌ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ പ്രവാസികൾ വൻതോതിൽ കുടിയേറിയിട്ടുള്ളതായി റിപ്പോർട്ട് പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. 2020 ലെ കണക്കനുസരിച്ച് 1.8 കോടി ആളുകൾ ജന്മനാടിന് പുറത്ത് താമസിക്കുന്നുണ്ടെന്നും യുഎൻ പറയുന്നു. 'ലോകത്തിലെ ഏറ്റവും വലിയ അന്തർദേശീയ ജനസംഖ്യ ഇന്ത്യയിലാണ്. 18 ദശലക്ഷം വരുമിത്. ഇത് ഒരു പ്രധാന സംഖ്യയാണ്. ഇന്ത്യൻ കുടിയേറ്റക്കാരെകുറിച്ചുള്ള വളരെ രസകരമായ മറ്റൊരു സവിശേഷത അവർ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട് എന്നതാണ്' -യുഎൻ ഡിപ്പാർട്ട്‌മെന്‍റിലെ പോപ്പുലേഷൻ അഫയേഴ്‌സ് ഓഫീസർ ക്ലെയർ മെനോസി വെള്ളിയാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. ചില രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒരു രാജ്യത്ത് അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് കേന്ദ്രീകരിക്കുമ്പോൾ ഇന്ത്യൻ പ്രവാസികൾ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രദേശങ്ങളിലും ഉണ്ട്. ഗൾഫ് മുതൽ വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, യുകെ എന്നിങ്ങനെ അവർ വ്യാപിച്ചിരിക്കുന്നു. 'ഇന്ത്യയുടേത് വളരെ ഊർജ്ജസ്വലവും ചലനാത്മകവുമായ പ്രവാസികളാണ്'- മെനോസി പറഞ്ഞു.
വെള്ളിയാഴ്ച യുഎൻ പുറത്തിറക്കിയ 'ഇന്‍റർനാഷണൽ മൈഗ്രേഷൻ 2020 ഹൈലൈറ്റുകൾ' എന്ന റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. 2000നും 2020നും ഇടയിൽ വിദേശത്തുള്ള കുടിയേറ്റ ജനസംഖ്യയുടെ വലുപ്പം ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും വളർന്നു. ഇക്കാലയളവിൽ മാത്രം 10 ലക്ഷം ഇന്ത്യക്കാരാണ് പ്രവാസികളായി മാറിയത്. സിറിയ, വെനിസ്വേല, ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് 2000നും 2020നും ഇടയിൽ ഏറ്റവുംകൂടുതൽ പ്രവാസികളെ സൃഷ്ടിച്ചത്.
ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം പ്രധാനമായും തൊഴിൽ, കുടുംബപരമായ കാരണങ്ങളാലാണെന്ന് യുഎൻ പോപ്പുലേഷൻ ഡിവിഷൻ ഡയറക്ടർ ജോൺ വിൽമോത്ത് റിപ്പോർട്ട് പുറത്തിറക്കിയവേളയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 10 ശതമാനംപേരെ നിർബന്ധിതമായി രാജ്യത്തുനിന്ന് കടത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ സാന്നിധ്യം വളരെ കൂടുതലാണ്. കുടിയേറിയ രാജ്യങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയിൽ പ്രവാസികൾ പ്രധാന പങ്ക് വഹിക്കുന്നു. നിർമാണം, ഹോസ്പിറ്റാലിറ്റി, സേവനങ്ങൾ എന്നിവിടങ്ങളിലാണ് കുടിയേറ്റക്കാരിലധികവും പ്രവർത്തിക്കുന്നത്. ഇന്ത്യൻ പ്രവാസികളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഡോക്ടർമാർ എന്നിവരും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.