പട്ടിണിയുടെ നോമ്പോർമ
text_fieldsനന്നേ ചെറുപ്പം മുതൽ നോമ്പെടുക്കുന്നത് ശീലമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന, എനിക്ക് 12 - 13 വയസ്സുണ്ടായിരുന്ന കാലഘട്ടം. ഒരു നോമ്പ് ദിവസം വൈകീട്ട് ഉമ്മ പറഞ്ഞു, മോൻ പോയി നോമ്പ് തുറക്കാൻ വല്ലതും വാങ്ങി വായോ എന്ന്. ഉമ്മ ഉദ്ദേശിച്ചത് വല്ല ബിസ്കറ്റോ റൊട്ടിയോ ആണ്. ഞാനും കൂട്ടുകാരൻ അബ്ദുല്ലയും കൂടി, അഞ്ച് മിനിറ്റ് നടന്നാൽ എത്തുന്ന ഞങ്ങളുടെ അങ്ങാടിയിലേക്ക് പോയി. ഉമ്മ തന്ന ചില്ലിക്കാശിന് കോലുമിഠായി വാങ്ങി. തിരിച്ചു വീട്ടിലെത്തി ഉമ്മാക്ക് നീട്ടി. പിന്നെയൊരു ഇടിമുഴക്കവും പെരുമഴയും ആയിരുന്നു.
ഞാനും അബ്ദുല്ലയും എന്തെന്നറിയാതെ തരിച്ചുനിന്നു. നോമ്പ് തുറക്കുന്നത് മിഠായികൊണ്ടാണോ, വല്ല ബിസ്കറ്റോ റൊട്ടിയോ കിട്ടിയില്ലേ നിങ്ങൾക്ക് എന്ന് ഉമ്മ വളരെ ഗൗരവത്തിൽ ചോദിച്ചു. കോലായിൽ ചിതറിക്കിടക്കുന്ന മിഠായി പെറുക്കിയെടുത്ത് ഞങ്ങൾ വീണ്ടും കടയിലേക്ക് പോയി. തിരിച്ചു കടക്കാരന് കൊടുത്ത് സംഭവം പറഞ്ഞു.
കടക്കാരൻ പുഞ്ചിരിച്ചുകൊണ്ട് തൊട്ടടുത്ത ബേക്കറി കാണിച്ചുതന്നു. അവിടെ ചെന്ന് റൊട്ടിയോ ബിസ്കറ്റോ വാങ്ങി വേഗം ഉമ്മാക്ക് കൊണ്ടുകൊടുക്കാൻ പറഞ്ഞു. കട്ടൻ ചായയും ബ്രെഡും കൂട്ടി നോമ്പ് തുറന്നിരുന്ന ഒരു കാലമായിരുന്നു അത്. ഇന്നത്തെ പോലെ വൈവിധ്യമാർന്ന ഭക്ഷണങ്ങളുണ്ടാക്കിക്കഴിച്ച് ബാക്കിയുള്ളത് കളയുന്ന കാലമല്ലായിരുന്നു. ഇഷ്ടഭക്ഷണം ഒരു നേരമെങ്കിലും കഴിക്കാൻ മനസ്സിൽ ആശ വെച്ച് നോമ്പുനോറ്റിരുന്ന ഒരുകാലം കൂടിയായിരുന്നു അത്. ഉമ്മയില്ലാത്ത ആദ്യത്തെ റമദാൻ ഈ വർഷം കടന്നു പോകുമ്പോൾ ഓർമകളുടെ കടലിരമ്പമാണ് മനസ്സിൽ. നീണ്ട കാലമായി തുടരുന്ന പ്രവാസ ജീവിതത്തിലൂടെ അത്യാവശ്യം സൗകര്യങ്ങൾ ആയെങ്കിലും ഓരോ റമദാൻ വരുമ്പോഴും അന്നത്തെ ആ വറുതിയുടെ നോമ്പുകാലം മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു.
വായനക്കാർക്ക് എഴുതാം
'റമദാൻ നൊസ്റ്റാൾജിയ'യിലേക്ക് വായനക്കാർക്കും എഴുതാം. റമദാൻ ഓർമ്മകളും അനുഭവങ്ങളും bahrain@gulfmadhyamam.net എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.