കാരവനുമായി കടൽതീരത്ത് ഇനി സുഖവാസം
text_fieldsസീലൈനിൽ പരിസ്ഥിതി മന്ത്രാലയം സജ്ജമാക്കിയ മോട്ടോർ ഹോമും മോട്ടോർ ഹോം സൗകര്യത്തിനായി ഒരുക്കിയ സംവിധാനങ്ങളും
ദോഹ: കാരവനുമായെത്തി സീലൈനിലെ കടൽതീരത്ത് രണ്ടു രാത്രിവരെ താമസിക്കാനും ഉല്ലസിക്കാനും സൗകര്യമൊരുക്കുന്ന മോട്ടോർ ഹോം പദ്ധതിയുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. മന്ത്രാലയത്തിനു കീഴിലെ നാച്വറൽ റിസർവ് വിഭാഗമാണ് മോട്ടോർഹോം ഉടമകൾക്കായി സീലൈനിൽ മുഴുവൻ സജ്ജീകരണങ്ങളുമായി പ്രത്യേക മേഖല തന്നെ തുറന്നു നൽകിയത്. ഇക്കോ ടൂറിസത്തിന് പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി. വൈദ്യുതി, വെള്ളം, മാലിന്യ സംസ്കരണം, വെളിച്ചം ഉൾപ്പെടെ മുഴുവൻ സേവനങ്ങളും ഏർപ്പെടുത്തിയ മോട്ടോർ ഹോം കഴിഞ്ഞ ദിവസം തുറന്നു നൽകി.
കാരവനുമായെത്തുന്നവർക്ക് മികച്ച സൗകര്യങ്ങളോടെ പരമാവധി രണ്ടു രാത്രികൾ വരെ തങ്ങാം. അടുത്ത ഏപ്രിലിലാണ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനമെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തറിലെയും ജി.സി.സി രാജ്യങ്ങളിലെയും പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കാരവനുകൾക്കായിരിക്കും താമസിക്കാൻ അനുവാദം നൽകുന്നത്. പ്രകൃതിയോടിണങ്ങിയ സാഹചര്യത്തിൽ ഏറ്റവും മികച്ച രീതിയിൽ തന്നെ താമസിക്കാനും കടൽതീരം ആസ്വദിക്കാനുമുള്ള സൗകര്യമാണ് ഇതുവഴി ഒരുക്കുന്നതെന്ന് നാച്വറൽ റിസർവ് വിഭാഗം ഡയറക്ടർ സാലിഹ് അൽ കുവാരി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾക്കുപുറമെ, പാർക്കിങ് മേഖലയിൽ പ്രത്യേക സീറ്റിങ് സൗകര്യവുമുണ്ടാവും. കുടുംബങ്ങൾക്ക് ആവശ്യമായ സ്വകാര്യതയും ഉറപ്പുവരുത്തും. ഭാവിയിൽ കൂടുതൽ കടൽതീരങ്ങളിലേക്ക് മോട്ടോർ ഹോം സൗകര്യം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും അൽ കുവാരി പറഞ്ഞു. സന്ദർശകർക്കും പൗരന്മാർക്കും കൂടുതൽ സൗകര്യപ്രദമായ വിനോദമാർഗങ്ങൾ ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.