മുറി ഇംഗ്ലീഷ് ചതിച്ചു; പൂച്ചപ്രസവത്തിന് എത്തിയത് രണ്ട് ആംബുലൻസ്
text_fieldsദുബൈ: യു.എ.ഇ നാഷനൽ ആംബുലൻസ് കേന്ദ്രത്തിലെ അടിയന്തര നമ്പറിലേക്ക് കഴിഞ്ഞ ദിവസം ഒരു ഫോൺ കോൾ. ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരനാണ് സംസാരിക്കുന്നത്. ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞൊപ്പിക്കുകയാണ് അയാൾ. വലിയ എന്തോ അപകടം സംഭവിച്ചത് പോലെയുണ്ട് ശബ്ദം. 'ടോം ആൻഡ് ജെറി', 'ബേബി' എന്നൊക്കെ ചേർത്ത് ഉടനെയെത്തണം എന്ന് ഇംഗ്ലീഷിൽ അയാൾ പറഞ്ഞൊപ്പിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം വിളികൾ വരുന്ന നമ്പറായതിനാൽ അധികൃതർ ഉടൻ രണ്ട് ആംബുലൻസും നാല് ആരോഗ്യ പ്രവർത്തകരുമടങ്ങുന്ന സന്നാഹങ്ങളുമായി പുറപ്പെട്ടു. വിളിച്ചയാളുടെ ഭാര്യ പ്രസവവേദനയാൽ പ്രയാസത്തിലാണെന്നാണ് അധികൃതർ മനസ്സിലാക്കിയത്. ഇന്ത്യക്കാരന്‍റെ താമസ സ്ഥലത്തെത്തിയപ്പോഴാണ് കാര്യമറിയുന്നത്. സ്വന്തം പൂച്ചയുടെ പ്രസവ വേദന കണ്ട് വെപ്രാളപ്പെട്ടാണ് നാഷനൽ ആംബുലൻസിലേക്ക് ഫോൺ വിളിച്ചത്. പൂച്ചയാണെങ്കിൽ ആംബുലൻസ് സഹായം വാങ്ങാതെ സുഖമായി പ്രസവിക്കുകയും ചെയ്തു.
സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നിസ്സാര ആവശ്യങ്ങൾക്ക് വിളിക്കരുതെന്ന് നാഷനൽ ആംബുലൻസ് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കയാണ്. അടിയന്തരമല്ലാത്ത കാര്യങ്ങൾക്ക് വിളിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ സേവനങ്ങൾക്ക് വേണ്ടി വരുന്ന വിളികൾ വർധിച്ചിട്ടുണ്ട്. എന്നാൽ പലതും അടിയന്തര ആവശ്യങ്ങളല്ലെന്നും നാഷനൽ ആംബുലൻസ് ചീഫ് എക്സിക്യൂട്ടിവ് അഹമ്മദ് അൽ ഹജ്രി പറഞ്ഞു. കോവിഡിന് മുമ്പുള്ള കാലത്ത് 250 മുതൽ 300വരെ വിളികൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 600വിളികൾ വരെയുണ്ടാകുന്നുണ്ട്.
തെരുവിൽ കാണുന്ന മൃഗങ്ങളെ കുറിച്ച് അറിയിക്കാനും ശമ്പളം ലഭിക്കാത്തത് പറയാനും അടക്കം പലരും ഈ നമ്പറിലേക്ക് വിളിക്കുന്നുണ്ട്. അടുത്ത കാലത്ത് ഒരാൾ വിളിച്ചത് പാരസെറ്റമോൾ എവിടെ കിട്ടുമെന്ന് അന്വേഷിച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.