രാജ്യാന്തര സർവിസ് ആരംഭിക്കാൻ സൗദി സിവിൽ ഏവിയേഷൻ വിമാന കമ്പനികൾക്ക് അനുമതി നൽകി
text_fieldsറിയാദ്: കോവിഡിനെ തുടർന്നുള്ള രാജ്യാന്തര യാത്രാവിലക്ക് ചൊവ്വാഴ്ച മുതൽ ഭാഗികമായി നീക്കിയ പശ്ചാതലത്തിൽ അന്താരാഷ്ട്ര സർവിസ് ആരംഭിക്കാൻ വിമാന കമ്പനികൾക്ക് സൗദി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ (ഗാക) അനുമതി നൽകി. രാജ്യത്ത് നിന്ന് വിദേശത്തേക്കും തിരികെയും യാത്രക്കാരെ കൊണ്ടുപോകുന്നതിനും വരുന്നതിനുമുള്ള അനുമതിയാണ് നൽകിയതെന്ന് ഗാക ബന്ധപ്പെട്ട വൃത്തങ്ങൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.
സൗദി പൗരന്മാർക്കും എക്സിറ്റ് എൻട്രി വിസ, ഇഖാമ, സന്ദർശന വിസ എന്നിവയുള്ള വിദേശികൾക്കും യാത്രാസൗകര്യമൊരുക്കാനാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. യാത്രക്ക് മുമ്പ് 48 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് യാത്രക്കാർ കൈയ്യിൽ കരുതിയിരിക്കണം. വിദേശത്തുള്ള സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ ടെസ്റ്റ് ആയിരിക്കണം.
സൗദി ആരോഗ്യമന്ത്രാലയം നിശ്ചയിച്ച കോവിഡ് പ്രതിരോധ പ്രോേട്ടാക്കോളുകൾ പാലിച്ച് മാത്രമേ യാത്രക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പുറത്തേക്ക് പോകാനും അനുമതിയുള്ളൂ. ഇൗ നിബന്ധനകൾ ഒരു കാരണവശാലും ലംഘിക്കാൻ അനുവദിക്കുന്നതല്ല എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സെപ്റ്റംബർ 15 ചൊവ്വാഴ്ച രാവിലെ ആറ് മുതൽ തീരുമാനം പ്രാബല്യത്തിലായതായും സർക്കുലറിൽ പറയുന്നു.
എന്നാൽ കോവിഡ് വ്യാപനം തടയാൻ സ്വന്തം നിലയിൽ നടപടി സ്വീകരിച്ചതും സൗദി അറേബ്യയിലേക്ക് സ്വയം യാത്രാനിരോധനം ഏർപ്പെടുത്തിയതുമായ രാജ്യങ്ങൾക്ക് മേൽപറഞ്ഞ തീരുമാനം ബാധകമല്ല എന്ന് സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ അത് ഏതൊക്കെ രാജ്യങ്ങളെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും റെഗുലർ സർവിസ് നിർത്തിവെച്ചിരുന്നു. ആ വിലക്ക് നീക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കും സൗദിക്കുമിടയിൽ സാധാരണ സർവിസ് പുനസ്ഥാപിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.