ബെല്ലടിക്കും; സ്കൂളിലും ഫോണിലും
text_fieldsദുബൈ: രക്ഷിതാക്കളുടെ ആശയക്കുഴപ്പം ഇപ്പോഴും മാറിയിട്ടില്ല. സ്കൂൾ തുറക്കാൻ രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളു. ഓൺലൈൻ പഠനം വേണോ കുട്ടികളെ സ്കൂളിലേക്ക് നേരിട്ടയക്കണോ എന്ന ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഷാർജ ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും ഞായറാഴ്ച ക്ലാസ്മുറികൾ തുറക്കും. എന്നാൽ, താൽപര്യമുള്ളവർക്ക് മാത്രം കുട്ടികളെ സ്കൂളിലേക്ക് നേരിട്ടയച്ചാൽ മതി. ഷാർജയിൽ രണ്ടാഴ്ച കൂടി ഓൺലൈൻ പഠനം തുടരാനാണ് തീരുമാനം. ഓരോ എമിറേറ്റുകളിലും സ്കൂളുകളിലും നിബന്ധനകൾ വ്യത്യസ്തമാണ്. ഈ സാഹചര്യത്തിൽ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും സ്കൂൾ തുറക്കലിനെക്കുറിച്ച് വിവരിക്കുകയാണ് ഗൾഫ് മാധ്യമം ലേഖകർ.
• അജ്മാൻ
സലീം നൂർ
അജ്മാനിലെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം മൂന്നു മാര്‍ഗങ്ങളാണ് നല്‍കിയിരിക്കുന്നത്. എല്ലാ കുട്ടികളും ഒരുമിച്ച് സ്കൂളില്‍ എത്തുന്നത് ഒന്നാമത്തെ വിധം, ഒരു ദിവസം തന്നെ കുട്ടികളെ രണ്ട് ഷിഫ്റ്റാക്കി തിരിച്ച് രണ്ടാം വിധം, മൂന്നാമത്തേത് മിശ്രിത ദിവസങ്ങളില്‍ സ്കൂളില്‍ എത്തിയുള്ള പഠനം. അതായത് ഒരു ദിവസം ക്ലാസ് മുറി പഠനവും അടുത്ത ദിവസം ഓണ്‍ലൈന്‍ പഠനവും. മൂന്ന് വിഭാഗത്തിലുള്ള ഏത് തരം രീതി തിരഞ്ഞെടുക്കുകയാണെങ്കിലും അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍, ആവശ്യമായി വരുന്ന ജീവനക്കാര്‍, വാഹന സൗകര്യം എന്നിവ സ്കൂള്‍ മാനേജ്മെൻറ് ഒരുക്കണം. 30 ശതമാനം കുട്ടികള്‍ക്ക് ക്ലാസ് മുറികളിലെ പഠനം ഒരുക്കണമെന്നതിനാല്‍ അജ്മാനിലെ വിവിധ വിദ്യാലയങ്ങള്‍ വ്യത്യസ്ത രീതികളാണ് സ്വീകരിച്ചിരിക്കുന്നത്. ക്ലാസ് മുറി പഠനം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി അല്‍ അമീര്‍ സ്കൂളില്‍ ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്ഥിരമായി ക്ലാസുകളില്‍ വരുകയോ ഓണ്‍ലൈന്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം. ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തവര്‍ക്ക് നിര്‍ബന്ധമായും ഈ രീതി തുടരണമെന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അല്‍ അമീര്‍ സ്കൂള്‍ അക്കാദമിക് കോഒാഡിനേറ്റര്‍ സൈഫുദ്ദീന്‍ പി. ഹംസ പറഞ്ഞു. ഇടവിട്ട ദിവസങ്ങളില്‍ സ്കൂളില്‍ വരുന്ന രീതിയും അല്ലാത്ത കുട്ടികള്‍ക്ക് പരിപൂര്‍ണമായി ഓണ്‍ലൈന്‍ ക്ലാസ് എന്ന രീതിയുമാണ് അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. അജ്മാന്‍ ഇന്ത്യന്‍ സ്കൂള്‍ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ക്ലാസ് മുറി പഠനത്തിന് എത്തുന്ന 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയും ഹെല്‍ത്ത് ഡിക്ലറേഷന്‍, ട്രാവല്‍ ഡിക്ലറേഷന്‍ എന്നിവയും ഹാജരാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
• ഷാർജ
ബഷീർ മാറഞ്ചേരി
ഷാർജ എമിറേറ്റിൽ ഞായറാഴ്ച മുതൽ ആദ്യ രണ്ടാഴ്ച ഓൺലൈൻ പഠനം മാത്രമാണ്. രണ്ടാഴ്ചക്ക് ശേഷമുള്ള കാര്യം പിന്നീട് തീരുമാനിക്കും. കുട്ടികൾക്ക് കോവിഡ് പരിശോധന നിർബന്ധമാണെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, സ്കൂളുകളിൽ നേരിട്ട് പഠനം ആരംഭിക്കുന്ന സമയത്ത് പുതിയ നിർദേശം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഷാർജയിലെ സ്വകാര്യ സ്കൂളുകളിലെ ആയിരക്കണക്കിന് അധ്യാപകരും മറ്റ് സ്റ്റാഫുകളും പുതിയ ടേമിനുള്ള തയാറെടുപ്പിനായി കോവിഡ് -19 പരിശോധന നടത്തിക്കഴിഞ്ഞു. ആഴ്ചാവസാനത്തോടെ 17,000 പേരെ പരിശോധിക്കുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾ അടുത്തയാഴ്ച പരിശോധനക്ക് വിധേയരാകും. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിെൻറ സഹകരണത്തോടെയും എസ്.പി.ഇ.എ നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ചുമാണ് സ്ക്രീനിങ് നടത്തുന്നത്.
• ദുബൈ
ടി.എ. ഷിഹാബ്
ദുബൈയിൽ ഓൺലൈൻ പഠനത്തിനും ഓഫ്ലൈനിനും അവസരമുണ്ട്. വിദ്യാർഥികൾ ഭൂരിപക്ഷവും ക്ലാസ് മുറികളിൽ എത്തണമെന്നതാണ് ദുബൈയുടെ ആഗ്രഹം. സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികൾ കോവിഡ് പരിശോധന ഫലം നിർബന്ധമില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ െഡവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചിട്ടുണ്ട്. എന്നാൽ, അധ്യാപകർ പരിശോധനക്ക് വിധേയരാകണമെന്നും അധികൃതർ നിർദേശിച്ചു. ദുബൈയിൽ നല്ലൊരു ശതമാനം വിദ്യാർഥികളും ക്ലാസ് മുറികളിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 18000ത്തോളം കുട്ടികൾ ബസ് യാത്രക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 400 സ്മാർട്ട് ബസുകൾ ഇവർക്കായി തയാറായി. പഠന രീതി ഏതാണെങ്കിലും ട്യൂഷൻ ഫീസിൽ മാറ്റമുണ്ടാവില്ല. ബസ് ഫീസിൽ മാത്രമാണ് കുറവ് വരുക. അഞ്ച് ദിവസം ഓൺലൈൻ, അഞ്ച് ദിവസം ഓഫ്ലൈൻ എന്ന രീതിയും ചില സ്കൂളുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരേ ക്ലാസിലെ കുട്ടികൾക്ക് ഒാൺലൈനിലും ഓഫ് ലൈനിലും വ്യത്യസ്ത ടൈംടേബിളാണ് ഭൂരിപക്ഷം സ്കൂളുകളും നൽകിയിരിക്കുന്നത്.
• റാസൽഖൈമ
ശക്കീര്‍ അഹമ്മദ്
ആദ്യഘട്ടത്തില്‍ ഉയര്‍ന്ന ക്ലാസുകളിലും ഘട്ടം ഘട്ടമായി മുഴുവന്‍ ക്ലാസുകളിലും വിദ്യാര്‍ഥികളെ എത്തിച്ച് അധ്യയനം പൂര്‍വസ്ഥിതിയിലാക്കണമെന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വെക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ ക്ലാസിനാണ് മുന്‍ഗണന നല്‍കിയതെന്ന് റാക് സ്കോളേഴ്സ് പ്രിന്‍സിപ്പലും സി.ബി.എസ്.ഇ യു.എ.ഇ കൗണ്‍സലറുമായ പ്രഫ. എം. അബൂബക്കര്‍ പറഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ ക്ലാസുകളിലും അധ്യയനം തുടങ്ങുമെന്ന നിലപാടുമായി വിദ്യാലയങ്ങള്‍ മുന്നോട്ടുപോകുമ്പോഴും രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്ത് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ ഓണ്‍ലൈന്‍ പഠനം ഒരുക്കാന്‍ മന്ത്രാലയം നിര്‍ദേശിക്കുന്നത് ആശ്വാസമേകുന്നതാണെന്ന് അബൂബക്കര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിച്ചാകും റാക് ഇന്ത്യന്‍ സ്കൂളിെൻറ പ്രവര്‍ത്തനമെന്ന് സ്കൂള്‍ ചെയര്‍മാന്‍ എസ്.എ. സലീം പറഞ്ഞു. കെ.ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ആറുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. 10, 11, 12 ക്ലാസുകള്‍ ഒന്നിടവിട്ട ആഴ്ചകളില്‍ 50 ശതമാനം കുട്ടികള്‍ക്ക് സ്കൂളുകളിലും 50 ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഷിഫ്റ്റ് ക്രമത്തില്‍ ക്ലാസ് തുടരുമെന്നും സലീം വ്യക്തമാക്കി.
റാക് ഇന്ത്യന്‍ പബ്ലിക് സ്കൂളില്‍ രണ്ടാമത് ആഴ്ച മുതല്‍ ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള പകുതി വീതം കുട്ടികള്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ വഴിയും ക്ലാസ് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അനുഭാ നിജാവന്‍ പറഞ്ഞു. സെപ്റ്റംബര്‍ 13 മുതല്‍ ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ളവര്‍ക്ക് നേരിട്ടുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നും അനുഭാ നിജാവന്‍ വ്യക്തമാക്കി.
റാക് ന്യൂ ഇന്ത്യന്‍ സ്കൂളില്‍ കെ.ജി മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ സ്കൂളില്‍ നേരിെട്ടത്തിക്കാനാണ് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ ബീന റാണി പറഞ്ഞു. ആദ്യവാരത്തിലെ മൂന്ന് ദിവസം ഉയര്‍ന്ന ക്ലാസിലെയും തുടര്‍ന്നുള്ള രണ്ട് ദിവസം ചെറിയ ക്ലാസുകളിലെ കുട്ടികളും നേരിെട്ടത്തുന്ന രീതിയാണ് സ്വീകരിക്കുകയെന്നും ബീന അറിയിച്ചു.
റാക് ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മുതിര്‍ന്ന കുട്ടികള്‍ക്കും രണ്ട് ദിവസം ചെറിയ കുട്ടികള്‍ക്കും സ്കൂളില്‍ നേരിട്ട് ക്ലാസ് നല്‍കാനാണ് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ പ്രസന്ന ഭാസ്കര്‍ പറഞ്ഞു. രക്ഷിതാക്കളില്‍ ഒരു സര്‍വേ കൂടി നടത്തിയാകും സ്കൂളിെൻറ പ്രവര്‍ത്തനമെന്നും പ്രസന്ന അഭിപ്രായപ്പെട്ടു.
• ഫുജൈറ
സി.കെ. സിറാജുദ്ദീൻ
ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഓൺലൈനും ഓഫ്ലൈനും തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇവരെ രണ്ട് ബാച്ചാക്കി തിരിച്ചായിരിക്കും ക്ലാസെടുക്കുക.
എന്നാൽ, ക്ലാസുകൾ ഒരേ സമയമാണ് ഭൂരിപക്ഷം സ്കൂളുകളിലും നടക്കുക. സ്കൂളിലെ ക്ലാസുകൾ അതേസമയം തന്നെ കുട്ടികൾക്ക് വീട്ടിലിരുന്നും വീക്ഷിക്കാൻ കഴിയും. ടൈം ടേബിളും ഒന്ന് തന്നെയായിരിക്കും. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച എല്ലാ മുൻകരുതലുകളും എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കും. അതേസമയം, എമിറേറ്റിലെ ഭൂരിപക്ഷം കുട്ടികളും ഓൺലൈൻ പഠനമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്കൂൾ ബസിൽ 30 ശതമാനം കുട്ടികൾക്ക് യാത്ര ചെയ്യാം.
• ഉമ്മുൽഖുവൈൻ
നവാസ് വടകര
എമിറേറ്റിലെ സ്കൂളുകളിൽ അധ്യാപകർ കഴിഞ്ഞ ദിവസം മുതൽ എത്തിത്തുടങ്ങി. കോവിഡ് പരിശോധന നടത്തിയ ശേഷമാണ് സ്കൂളില്‍ എത്തിയത്. ഇവർക്കൊപ്പമുള്ള കുട്ടികള്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ഉണ്ടായിരുന്നു. ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷമായിരുന്നു പ്രവേശനം. സ്കൂളിെൻറ താഴത്തെ നിലയില്‍ നിശ്ചിത മുറികളിൽ മാത്രമാണ് യോഗങ്ങള്‍ ചേര്‍ന്നത്. രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസും മൂന്ന് ദിവസം നിബന്ധനകളോടെയുള്ള കാമ്പസ് ക്ലാസും ഉണ്ടാകുമെന്നാണ് തീരുമാനം.
നാലുമുതല്‍ പത്താം തരം വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് മുറികളിലെ പഠനത്തിന് അനുമതി. കെ.ജി മുതല്‍ മൂന്നാം തരം വരെയുള്ള കുട്ടികള്‍ക്ക് സ്കൂളില്‍ വരേണ്ടതില്ല. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ്. ആഗസ്റ്റ് 30ന് കുട്ടികൾ സ്കൂളിൽ എത്തിത്തുടങ്ങിയ ശേഷം ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. പരമാവധി ഒരു ക്ലാസില്‍ 10 വിദ്യാര്‍ഥികള്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. യാത്ര കഴിഞ്ഞെത്തിയ അധ്യാപകരിൽ ചിലർ ക്വാറൻറീനില്‍ ആയതിനാല്‍ 14 ദിവസത്തിനുശേഷമേ സ്കൂള്‍പടി ചവിട്ടാന്‍ അനുവാദമുള്ളൂ.
• അബൂദബി
ശമീറുൽ ഹഖ് തിരുത്തിയാട്
അബൂദബിയിൽ കെ.ജി മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ, 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധന നിർബന്ധമാണ്.
72 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. പഠനരീതി തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അനുവാദമുണ്ട്. അഞ്ചുവരെ ക്ലാസുകൾ തുറക്കാനാണ് അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അനുമതി നൽകിയത്. അഡെക് ഉദ്യോഗസ്ഥർ നേരിട്ടെത്തി ഓരോ സ്കൂളുകളിലെയും ആരോഗ്യ സുരക്ഷ സൗകര്യങ്ങൾ പരിശോധിച്ചാണ് അനുമതി നൽകുന്നത്.
കഴിഞ്ഞയാഴ്ച സ്കൂൾ ജീവനക്കാർക്ക് കോവിഡ് പരിശോധന സർക്കാർ സൗജന്യമായി നടത്തിയിരുന്നു. ഭൂരിപക്ഷം സ്കൂളുകളിലും ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നാലാഴ്ചകൾക്ക് ശേഷമാണ് സ്കൂളിൽ വന്നുള്ള പഠനം ആരംഭിക്കുക. അതുവരെ പൂർണമായും ഓൺലൈൻ പഠനരീതിയായിരിക്കും. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതിന് ശേഷമാണ് 'അഡെക്' സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ അനുമതി നൽകുന്നതെന്ന് അൽഐൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.