ചുമടിറക്കാൻ ഈടാക്കിയത് അഞ്ചിരട്ടി കൂലി പരാതിയുമായി കെട്ടിട നിർമാണ കരാറുകാരൻ
text_fieldsനെന്മാറ: വിത്തനശ്ശേരി നെന്മാറപ്പാടത്ത് ചുമടിറക്കാൻ അമിതക്കൂലി നൽകേണ്ടി വന്നെന്ന പരാതിയുമായി കെട്ടിട നിർമാണ കരാറുകാരൻ മനോജ്. കഴിഞ്ഞദിവസം വടക്കഞ്ചേരിയിൽനിന്ന് തന്‍റെ വീട്ടിലേക്ക് വാഹനത്തിലെത്തിച്ച 30 പെട്ടി ടൈൽസ് ഇറക്കി വെക്കാൻ വിത്തനശ്ശേരിയിലെ ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടത് പെട്ടിയൊന്നിന് 40 രൂപ. എന്നാൽ, 25 തരാമെന്നുപറഞ്ഞിട്ടും പെട്ടിയിറക്കാൻ തൊഴിലാളികൾ തയാറാവാത്തതിനെ തുടർന്ന് നെന്മാറ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
വിവരം ധരിപ്പിച്ചതിനെ തുടർന്ന് പെട്ടിയൊന്നിന് 30 രൂപ വെച്ച് കൊടുക്കാൻ പൊലീസുകാർ നിർബന്ധിച്ചു. പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞ തുക കൊടുക്കാമെന്നും അതിന്‍റെ രശീതി വാങ്ങിത്തരണമെന്നും മനോജ് പറഞ്ഞപ്പോൾ അതിനുകഴിയില്ലെന്നും സാധനമിറക്കണമെങ്കിൽ പറഞ്ഞ പണം നൽകണമെന്നും പറഞ്ഞ് പൊലീസുകാർ സ്ഥലം വിടുകയായിരുന്നു. ഗത്യന്തരമില്ലാതെ പെട്ടിയൊന്നിന് 30 വെച്ച് 900 രൂപ ചുമട്ടുതൊഴിലാളികൾക്ക് നൽകി ചുമടിറക്കി.
നിജസ്ഥിതി അറിയാനായി നെന്മാറ ലേബർ ഓഫിസറെ നേരിൽ കണ്ടപ്പോഴാണ് നിലവിലുള്ള ചുമട്ടുകൂലി പട്ടിക ലഭിച്ചത്. അതുപ്രകാരം പെട്ടിയൊന്നിന് 6 രൂപ വെച്ച് 180 രൂപ മാത്രമേ നിയമ പ്രകാരം നൽകേണ്ടതുള്ളൂ. നിലവിൽ ഉള്ളതിനേക്കാൾ അഞ്ചിരട്ടിയാണ് കൂലിനൽകേണ്ടി വന്നതെന്ന് മനോജ് പറയുന്നു. അധികമായി നൽകിയ 720 രൂപ തിരിച്ച് വാങ്ങിതരണമെന്നും കൂടുതൽ പണം നൽകാൻ ആവശ്യപ്പെട്ട നെന്മാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കണമെന്നും കാണിച്ച് മനോജ് ആലത്തൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഒപ്പം മുഖ്യമന്ത്രി, ജില്ല കലക്ടർ, ജില്ല ലേബർ ഓഫിസർ, നെന്മാറ പൊലീസ് ഇൻസ്പെക്ടർ എന്നിവർക്കും പരാതി നൽകിയതായി മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.