ഉൽപാദന ചെലവ് വർധിക്കുന്നു; കാർഷിക മേഖലക്ക് തിരിച്ചടി
text_fieldsമസ്കത്ത്: വർധിച്ചുവരുന്ന ഉൽപാദന ചെലവ് കാർഷിക മേഖലക്ക് തിരിച്ചടിയാകുന്നുവെന്ന് കർഷകർ. ഇത് കാരണം മുഴുവൻ ഭൂമിയിലും കൃഷി ചെയ്യാതെ സ്ഥലം ഒഴിച്ചിടേണ്ട അവസ്ഥയാണെന്നും കർഷകർ പരാതിപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന രാസവളങ്ങൾ, ഗതാഗതം, വിത്ത് എന്നിവയുടെ വില വർധനയാണ് പലരെയും പ്രയാസത്തിലാക്കുന്നത്.
വിദേശ തൊഴിലാളികളുടെ അഭാവവും മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചെലവ് കുറവായതിനാൽ ചിലർ വിളകൾക്കു പകരം പുല്ല് കൃഷി ചെയ്തുതുടങ്ങിയിരിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന ഉൽപനങ്ങളുമായി പ്രാദേശിക ഉൽപന്നങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്ന് ചില കർഷകർ പരാതിപ്പെടുന്നു. ഉൽപാദന ചെലവ് വർധിച്ചതിനാൽ കാർഷിക മേഖലക്ക് വളരാനും സാമ്പത്തിക വൈവിധ്യവത്കരണത്തിന് സംഭാവന നൽകാനും കഴിയില്ലെന്ന് ഒമാനി അഗ്രികൾചർ അസോസിയേഷൻ (ഒ.എ.എ) സെക്രട്ടറി ഘോസ്ൻ അൽ റാഷിദി പറഞ്ഞു.
ആധുനിക സാങ്കേതികസഹായത്തോടെ കാർഷിക, വിളവെടുപ്പ് രീതികളും ജലസേചന സംവിധാനങ്ങളും ഒരുക്കിയാൽ ഉൽപാദന ചെലവ് ഗണ്യമായി കുറക്കാൻ സഹായിക്കുമെന്ന് ഒമാനി സ്വദേശി ഖാലിദ് അൽ സാലിഹി പറഞ്ഞു. സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പ്രാദേശിക വിളകൾ വാങ്ങാൻ ഒമാനി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ഒരു സംവിധാനം രൂപവത്കരിക്കണമെന്ന് മറ്റൊരു പൗരനായ നാസർ അൽ ഹൊസ്നി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.