കാറുകളും തെരുവുകളുമുണ്ടാവില്ല; സൗദിയിൽ ഉയരുന്നത് കാർബൺ രഹിത പരിസ്ഥിതി സൗഹൃദ നഗരം
text_fieldsജിദ്ദ: കാറുകളോ, തിരക്കുപിടിച്ച തെരുവുകളോ, കാർബൺ പുറന്തള്ളലോ ഇല്ലാത്ത ഒരു നഗരം. പുതിയ കാലത്ത് ചിന്തിക്കാൻപോലും കഴിയാത്ത ഇത്തരമൊരു നഗരത്തെ പടുത്തുയർത്താനുള്ള പദ്ധതികളിലാണ് സൗദി അറേബ്യ. കാർബൺ രഹിതവും പരിസ്ഥിതി സൗഹൃദവുമായ നഗരമാണ് നിയോമിൽ ഉയരുകയെന്ന് സൗദി കിരീടാവകാശിയും നിയോം കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. 'ദി ലൈൻ' എന്ന പേരിലുള്ള ഇൗ നഗരം ഭാവിയിൽ നഗര സമൂഹങ്ങൾ എങ്ങനെയായിരിക്കാമെന്നതിെൻറ മികച്ച മാതൃകയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 170 കിലോമീറ്റർ നീളമുള്ള ഈ നഗരം പത്തുലക്ഷം പേർക്ക് വസിക്കാൻ കഴിയുന്നതാകും. നിയോമിലെ 95 ശതമാനം പ്രകൃതിയെയും സംരക്ഷിക്കുന്ന ഇൗ നഗര പദ്ധതി പ്രകൃതിയോടൊപ്പം ജീവിക്കാൻ കഴിയുന്നതും സന്തുലിതാവസ്ഥ ഉറപ്പുനൽകുന്നതുമായിരിക്കും. ശബ്ദമോ മലിനീകരണമോ ഇല്ലാത്ത പരിസ്ഥിതിയായിരിക്കും. വാഹനങ്ങളിൽ നിന്നും അതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തിൽ നിന്നും ജനതിരക്കുകളിൽ നിന്നും മുക്തമായിരിക്കും.
തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി മലിനീകരണം, നഗര ജനസംഖ്യ വർധനവ് പോലുള്ള മനുഷ്യരാശിയുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന നഗരവത്കരണ വെല്ലുവിളികളെ ചെറുക്കുന്നതാവും ഇൗ നഗരം. രാജ്യത്തിെൻറ സമഗ്ര സാമൂഹിക സാമ്പത്തിക സാംസ്കാരിക പരിവർത്തന വികസന കാഴ്ചപ്പാടായ 'വിഷൻ 2030'െൻറ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതായിരിക്കും ഇൗ നഗര പദ്ധതി. വ്യത്യസ്ത മേഖലകളിലായി 3,380,000 തൊഴിലവസരങ്ങൾ സൃഷ് ടിക്കാനാവും ഇൗ പദ്ധതിക്കാവും. ആഭ്യന്തര ഉൽപാദന രംഗത്ത് 180 ശതകോടി റിയാലിെൻറ സംഭാവനകളുണ്ടാകുമെന്നും കിരീടാവകാശി പറഞ്ഞു. 2050 ആകുേമ്പാഴേക്കും പട്ടണങ്ങളിൽ താമസിക്കുന്നവരുടെ എണ്ണം ഇരട്ടിയാകും.
വർധിച്ചുവരുന്ന കാർബൺ പുറംതള്ളലും സമുദ്ര ജലം ഉയരലും കാരണം ശതകോടി ജനങ്ങൾ പട്ടണം വിടുമെന്നും കിരീടാവകാശി പറഞ്ഞു. ഇടുങ്ങിയ ഇടങ്ങളിൽ ആളുകളെ സംരക്ഷിക്കുന്നതിനാണ് നഗരങ്ങൾ നിർമിച്ചത്. വ്യാവസായിക വിപ്ലവത്തിന് ശേഷം നഗരങ്ങളിൽ കാറുകളും ഫാക്ടറികളും മനുഷ്യരാശിക്ക് മുമ്പിൽ സ്ഥാപിതമായി. വികസനത്തിനായി പ്രകൃതിയെ ത്യജിക്കുകയാണ്. മലിനീകരണം മൂലം പ്രതിവർഷം ഏഴ് ദശലക്ഷം ആളുകൾ മരിക്കുന്നു. വാഹനാപകട മരണത്തിൽ പ്രതിവർഷം ഒരു ദശലക്ഷം ആളുകൾ നമുക്ക് നഷ്ടപ്പെടുകയാണ്. ഇതെല്ലാം എന്തുകൊണ്ടാണെന്നും കിരീടാവകാശി ചോദിച്ചു.
ദി ലൈൻ നഗരം നഗരവികസനത്തെ പുനർനിർവചിക്കും. ജീവിത നിലവാരം ഉയർത്തും. അഞ്ച് മിനിറ്റ് നടത്തത്തിനിടയിൽ മെഡിക്കൽ കേന്ദ്രങ്ങൾ, സ്കൂളുകൾ, വിനോദ സ്ഥാപനങൾ, ഹരിത ഇടങ്ങൾ എന്നിവിടങ്ങളിലെത്താൻ കഴിയും. യാത്രക്ക് ഏറ്റവും അതിവേഗ മാർഗങ്ങളുണ്ടാകും. ഏറ്റവും വിദൂര യാത്ര 20 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. നഗരത്തിലെ ആളുകളുടെ അഭൂതപൂർവമായ കഴിവുകൾ മുൻകൂട്ടി അറിയാനും അവരുമായി ഇടപഴകാനും പ്രാപ്തരാക്കുന്ന ആശയവിനിമയ സംവിധാനങ്ങളുണ്ടാകും. ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടെക്നോളജിയെ ഉപയോഗപ്പെടുത്തും. ആളുകൾ വെർച്വൽ സംവിധാനത്തിലുടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വിധം എല്ലാം ആധുനിേകാത്തരമാകുമെന്നും കിരീടാവകാശി പറഞ്ഞു.
ദി ലൈൻ ജീവിതത്തിന് പുതിയൊരു അർഥം നൽകും. ഭാവി നഗരങ്ങളെ പ്രകൃതിയുമായി പൊരുത്തപ്പെടുന്നതിെൻറ സമാനതകളില്ലാത്ത മാതൃകയാകും. 100 ശതമാനം ശുദ്ധമായ ഉൗർജത്തെയായിരിക്കും ആശ്രയിക്കുക. നഗരവത്കരണത്തിെൻറ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ലോകമെമ്പാടുമുള്ള വിദഗ്ധരുമായി നിയോം സഹകരിച്ചു പ്രവർത്തിക്കും. പുതുമ തേടുന്നവർക്കും സംരംഭകർക്കും നിക്ഷേപകർക്കും ആകർഷകമായ അന്തരീക്ഷം ഒരുക്കും. 2021 ആദ്യ പാദത്തിൽ ദി ലൈൻ പദ്ധതി ആരംഭിക്കും. നിയോമിൽ നടന്നുകൊണ്ടിരിക്കുന്ന വലിയ വികസനത്തിെൻറ സുപ്രധാന ഭാഗമാണിതെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.