കവർച്ച സംഘം തട്ടിക്കൊണ്ടുപോയ മലയാളിയെ രക്ഷിച്ചു
text_fieldsറിയാദ്: സി.ഐ.ഡി ചമഞ്ഞെത്തിയ കവർച്ച സംഘം തട്ടിക്കൊണ്ടുപോയ മലയാളിയെ സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ പൊലീസ് മോചിപ്പിച്ചു. കവർച്ച സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് ആവശ്യാർഥം ഒമാനിൽനിന്ന് സൗദിയിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിവെച്ച് 50,000 റിയാൽ മോചനദ്രവ്യം ആവശ്യപ്പെട്ടത്. മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് പൊലീസ് സാഹസികമായി ഇദ്ദേഹത്തെ രക്ഷിച്ചത്.
ഒമാനിൽ വ്യവസായിയായ ഇദ്ദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിസിനസ് ആവശ്യാർഥം റിയാദിൽ എത്തിയത്. രണ്ടുദിവസത്തെ സന്ദർശനം കഴിഞ്ഞ് വ്യാഴാഴ്‌ച ജുബൈലിലുള്ള മകളെയും മരുമകനെയും കാണാൻ റിയാദ് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. അറബ് വേഷധാരികളായ ഒരു സംഘം ഇദ്ദേഹം യാത്ര ചെയ്ത വാഹനത്തെ പിന്തുടരുകയും സി.ഐ.ഡികൾ ആണെന്ന് പരിചയപ്പെടുത്തി അവരുടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. വാഹനത്തിൽ കയറ്റിയ ഉടൻ പഴ്സും മൊബൈൽ ഫോണും പാസ്പോർട്ടും സംഘം കൈക്കലാക്കി. റിയാദ് നഗരത്തിൽനിന്ന് ഏറെദൂരം വിജനമായ പ്രദേശത്തുകൂടി യാത്ര ചെയ്ത് ഒടുവിൽ ഒളിസങ്കേതത്തിൽ കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു. ഇതിനിടെ പല സ്ഥലങ്ങളിലും ഇദ്ദേഹത്തെ കൊണ്ടുപോയതായി പറയുന്നു.
പൂട്ടിയിട്ട മുറിയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൊബൈൽ ഫോണാണ് അബൂബക്കറിന്റെ മോചനത്തിന് വഴിതെളിയിച്ചത്. ഈ ഫോണിൽനിന്ന് മകളുടെ ഭർത്താവിന് മെസേജിലൂടെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. ലൊക്കേഷൻ അയച്ചുകൊടുത്തിരുന്നെങ്കിലും കവർച്ച സംഘം പലയിടങ്ങളിലേക്ക് ഇദ്ദേഹത്തെ മാറ്റിയത് കാരണം കൃത്യമായ സ്ഥലം കണ്ടെത്താനായില്ല. മകളുടെ ഭർത്താവ് സഹായം തേടിയതിനെ തുടർന്ന് അൻസാർ കൊടുവള്ളി, റിയാദ് ടാക്കീസ് വളൻറിയർ നവാസ് ഒപീസ് തുടങ്ങിയവർ സാമൂഹിക പ്രവർത്തകനായ റാഫി പാങ്ങോടിന്റെ സഹായത്തോടെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചു. ലൈവ് ലൊക്കേഷന്റെ സഹായത്താൽ ഒളിസങ്കേതം സായുധ പൊലീസ് സംഘം വളയുകയും അബൂബക്കറിനെ സുരക്ഷിതമായി മോചിപ്പിക്കുകയുമായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അബൂബക്കറിന്റെ മോചനത്തിന് ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ കൂടിയായ റാഫി പാങ്ങോട്, അൻസാർ കൊടുവള്ളി, നവാസ് ഒപീസ്, അലി ആലുവ, നൗഷാദ് ആലുവ, ഷൈജു പച്ച, സജീർ സമദ് എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.