ദുബൈയിലെ ജനസംഖ്യ 35 ലക്ഷമായി ഉയർന്നു
text_fieldsദുബൈ: ദുബൈ എമിറേറ്റിലെ ജനസംഖ്യ 35 ലക്ഷ്യമായി ഉയർന്നു. ഒന്നര വർഷത്തിനിടെ ലക്ഷം പേരുടെ വർധനവാണുണ്ടായിരിക്കുന്നത്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ഇത് പ്രകാരം ദുബൈയിലെ ജനങ്ങളുടെ എണ്ണം 3,500,105 ആണ്.
2040ഓടെ 58 ലക്ഷം ജനങ്ങൾ എന്നതാണ് ദുബൈ സർക്കാരിന്‍റെ ലക്ഷ്യം. ഇതിലേക്കുള്ള യാത്ര വേഗത്തിലാണെന്നതിന്‍റെ തെളിവാണ് പുതിയ കണക്കുകൾ. എക്സപോ ഉൾപെടെയുള്ള മേളകളാണ് കഴിഞ്ഞ വർഷം ജനസംഖ്യ കുതിച്ചുയരാൻ കാരണമായത്. മഹാമാരിക്കിടയിലും ദുബൈ മുന്നോട്ടു തന്നെയാണെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്.
യു.എ.ഇ നടപ്പാക്കിയ ഉദാര വിസ നിയമങ്ങളും ഇതിന് സഹായകരമായി. ദുബൈയിൽ ഈ വർഷം പുതിയതായി പഠനത്തിന് ചേർന്ന വിദ്യാർഥികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞിരുന്നു. ആദ്യമായാണ് എമിറേറ്റിൽ ഇത്രയധികം വിദ്യാർഥികൾ പുതിയതായി പ്രവേശനം നേടുന്നത്. കോവിഡിന് മുൻപ് ഇത് 2.95 ലക്ഷമായിരുന്നു.
യു.എ.ഇയുടെ ആകെ ജനസംഖ്യയുടെ 35 ശതമാനവും ദുബൈ എമിറേറ്റിലാണ്. 1990ൽ കേവലം 4.75 ലക്ഷമായിരുന്നു ദുബൈയിലെ ജനസംഖ്യ. 2000ൽ ഇത് 8.50 ലക്ഷം ആയിരുന്നെങ്കിൽ പത്ത് വർഷം കഴിഞ്ഞപ്പോൾ ഇരട്ടിയായി ഉയർന്നു (17 ലക്ഷം). വീണ്ടും പത്ത് വർഷം പിന്നിടുമ്പോൾ ജനസംഖ്യ ഇരിട്ടിച്ചിരിക്കുകയാണ്. ഇതിൽ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.