തുഷാരഗിരി: ആദ്യ കൈയേറ്റം വ്യാജ മുക്ത്യാർ വഴി
text_fieldsതിരുവനന്തപുരം: കേസ് നടത്തിപ്പിലെ വീഴ്ച കാരണം കോഴിക്കോട് തുഷാരഗിരിയിൽ സർക്കാറിന് നഷ്ടമാകുന്ന 270 ഏക്കർ പരിസ്ഥിതി ദുർബല പ്രദേശത്തിന്മേലുള്ള ആദ്യ കൈയേറ്റം വ്യാജ മുക്ത്യാർ വഴി. കർഷകരുടെയും പരിസ്ഥിതി സംഘടനകളുടെയും പ്രക്ഷോഭത്തിൽ ഇ.എഫ്.എല്ലായി ഏറ്റെടുത്ത വനഭൂമിയാണ് കേസ് നടത്തിപ്പിലെ വീഴ്ച കാരണം വ്യക്തികളുടെ കൈയിലേക്ക് പോകുന്നത്. സർക്കാർ അഭിഭാഷകനും വനംവകുപ്പും കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയതിന് പിന്നിൽ രാഷ്ട്രീയ പിന്തുണയും സമ്മർദവുമുണ്ടെന്നാണ് ആക്ഷേപം.
ഭൂപരിഷ്കരണത്തെതുടർന്ന് ഭൂമി നഷ്ടമായ പാലക്കാടെ അവശ ജന്മികളായ കുതിരവട്ടം കുടുംബത്തിലെ 32 പേർക്ക് ലഭിച്ച 549 ഏക്കർ വനഭൂമിയിലാണ് തുഷാരഗിരി. ഇൗ ഭൂമിയുടെ അവകാശം മുക്ത്യാർ വഴി സമ്പാദിച്ച വ്യക്തി 1990കളിൽ ഭൂമി ചെറിയ ഭാഗങ്ങളായി 71 പേർക്ക് വിറ്റു. 270 ഏക്കറിലെ മരങ്ങൾ മുറിച്ച് തരിശാക്കി.
ചെറിയ ഭാഗമായി വിറ്റത് തദ്ദേശീയരടക്കമാണ് വാങ്ങിയത്. വനനശീകരണം തീവ്രമായപ്പോൾ കർഷകരും പരിസ്ഥിതി പ്രവർത്തകരും ചേർന്നാണ് ജീരകപ്പാറ വനസംരക്ഷണസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് ഇറങ്ങിയത്. മേധപട്ക്കർ, സുഗതകുമാരി, സുകുമാർ അഴിക്കോട്, തായാട്ട് ബാലൻ അടക്കമുള്ളവരെ പെങ്കടുപ്പിച്ച് സമരം നടത്തിയതിനെ തുടർന്നാണ് ഭൂമി വാങ്ങിയവർക്ക് നഷ്ടപരിഹാരം പോലും നൽകാതെ 2000ൽ 270 ഏക്കർ ഇ.എഫ്.എല്ലായി സർക്കാർ ഏറ്റെടുത്തത്.
ഏറ്റെടുത്ത 24 ഏക്കർ ഭൂമി തിരിച്ച് ലഭിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് പേർ നൽകിയ കേസിൽ ഇ.എഫ്.എൽ ൈട്രബ്യൂണലിലും ഹൈകോടതിയിലും കേസ് നടത്തുന്നതിൽ വനം വകുപ്പും സർക്കാർ അഭിഭാഷകനായ നാഗരാജനും വരുത്തിയ വീഴ്ചക്ക് പിന്നിൽ വാദികളായവരുടെ രാഷ്ട്രീയബന്ധമാണ് ഒരു കാരണമെന്നാണ് ആക്ഷേപം. വർക്കി ചക്കാലയിൽ, ജോർജ് കരേക്കുടിയിൽ, ഡൊമനിക് തെക്കേകര, ഇ.കെ. കുര്യച്ചൻ, ഇ.കെ. സെബാസ്റ്റ്യൻ എന്നിവരാണ് കേസ് നൽകിയത്. ഇതിലൊരാളുടെ അടുത്തബന്ധു ചെറുകിട ക്വാറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറും തിരുവമ്പാടി മുൻ എം.എൽ.എയുമാണെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.