കേരളീയ സമാജം ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. ഇന്ത്യൻ സമൂഹവും വിശിഷ്യ പ്രവാസി മലയാളികളും നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്തു. അംബാസഡറുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായതായി പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. കോവിഡ് രോഗാവസ്ഥയുടെ സാഹചര്യത്തിൽ വിമാന സർവിസുകളിൽ ഉണ്ടായ മാറ്റം പ്രവാസി സമൂഹത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് സമാജം പ്രതിനിധികൾ അംബാസഡറെ ധരിപ്പിച്ചു. ഉടൻ സാധാരണ വിമാന സർവിസ് പുനഃസ്ഥാപിക്കുന്നതിനാവശ്യമായ എയർ ബബ്ൾ കരാറിലൂടെ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യൻ എംബസിയെന്ന് പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.
സാധാരണ വിമാന സർവിസുകളുടെ അഭാവത്തിൽ നിലവിൽ രജിസ്ട്രേഷൻ നടന്നുവരുന്ന ചാർട്ടേഡ് വിമാനങ്ങൾക്കാവശ്യമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ സഹായത്തോടെ ത്വരിതപ്പെടുത്തണമെന്നും സമാജം ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ അരികിൽ തിരിച്ചെത്താൻ കഴിയാതെ നിരവധി വിദ്യാർഥികൾ നാട്ടിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കൂടാതെ, നൂറുകണക്കിന് പ്രവാസികൾ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽനിന്ന് വരാനാവാതെ പ്രയാസപ്പെടുന്നുണ്ട്. ഇൗ വിഷയങ്ങൾ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാമെന്ന് അംബാസഡർ ഉറപ്പുനൽകി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള ബാങ്കുകളിൽനിന്ന് വായ്പ എടുത്തവർക്ക് തിരിച്ചടവ് കാലാവധി നീട്ടികൊടുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൻെററുകൾ ബഹ്റൈനിൽ ആരംഭിക്കണമെന്നും സമാജം ആവശ്യപ്പെട്ടു. എംബസിയുടെ കവാടത്തിൽ തന്നെ ഒരു ഇന്ത്യൻ സ്റ്റാഫിനെ നിയമിക്കണമെന്നും ആവശ്യക്കാർക്ക് വിശ്രമസൗകര്യം ഒരുക്കണമെന്നും സമാജം ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.