പത്താം വാർഷികത്തിനൊരുങ്ങി ബഹ്റൈൻ നാഷനൽ തിയറ്റർ
text_fieldsമനാമ: ബഹ്റൈൻ നാഷനൽ തിയറ്റർ 10ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. നവംബറിൽ നടക്കുന്ന വാർഷികാഘോഷത്തിൽ ബഹ്റൈൻ സാംസ്കാരിക, പൈതൃക അതോറിറ്റി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. അറബ് സാംസ്കാരിക ലോകത്തിെന്‍റ തലസ്ഥാനമായ മനാമക്ക് തിലകക്കുറിയായി സ്ഥാപിതമായ നാഷനൽ തിയറ്റർ 2012 നവംബർ 12നാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി പരിപാടികൾക്കാണ് നാഷനൽ തിയറ്റർ വേദിയായത്. ലോകത്തിലെ പ്രശസ്തരായ പല കലാകാരന്മാരും ഇവിടെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സ്പാനിഷ് ഓപറ സൂപ്പർ സ്റ്റാർ പ്ലാസിഡോ ഡൊമിംഗോ, റഷ്യയിൽനിന്നുള്ള മരീൻസ്കി ബാലറ്റ്, ഇതിഹാസ സംഗീതജ്ഞൻ യാന്നി എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
1001 സീറ്റുകളോടെ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന നാഷനൽ തിയറ്റർ ശിൽപചാരുതകൊണ്ടും ശ്രദ്ധനേടിയതാണ്. 1001 രാവുകൾ എന്ന അറേബ്യൻ കഥകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് തിയറ്ററിലെ മരം പൊതിഞ്ഞ അകംഭിത്തികൾ രൂപകൽപന ചെയ്തിരിക്കുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ തിയറ്ററുകളിൽ ഒന്നാണെന്ന സവിശേഷതയും ബഹ്റൈൻ നാഷനൽ തിയറ്ററിനുണ്ട്. ഈജിപ്തിലെ കൈറോ ഓപറ ഹൗസ്, ഒമാനിലെ റോയൽ ഓപറ ഹൗസ് മസ്കത്ത് എന്നിവ കഴിഞ്ഞാൽ അറബ് ലോകത്തെ മൂന്നാമത്തെ വലിയ ഓപറ ഹൗസെന്ന നിലയിലും തിയറ്റർ പ്രശസ്തി നേടി. തിയറ്റർ രംഗത്തെ അന്താരാഷ്ട്ര പ്രശസ്തയായ ഉപദേശക ഫ്രാൻസിസ്ക കാംപാഗ്നയുമായി സഹകരിച്ചാണ് പത്താം വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.