മന്ത്രിസഭയിൽ സമൂല അഴിച്ചുപണി: 13 പുതിയ മന്ത്രിമാർ, നാല് വനിതകൾ
text_fieldsമനാമ: മന്ത്രിസഭയിൽ സമൂല അഴിച്ചുപണി നടത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. നാല് വനിതകൾ ഉൾപ്പെടെ 13 മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്തി.
ചില മന്ത്രിമാരുടെ വകുപ്പുകൾ വിഭജിച്ച് പുതിയ മന്ത്രിമാർക്ക് ചുമതല നൽകി. നാല് പുതിയ വകുപ്പുകൾക്കും രൂപം നൽകിയിട്ടുണ്ട്. സുസ്ഥിര വികസനം, നിയമകാര്യം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് പുതുതായി രൂപവത്കരിച്ച വകുപ്പുകൾ. പുനഃസംഘടനയോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 24 ആയി. മുനിസിപ്പൽ, കാർഷിക മന്ത്രാലയം പൊതുമരാമത്തിൽനിന്നും വേർപെടുത്തി.
മുനിസിപ്പൽ, കാർഷികകാര്യ മന്ത്രിയായി നേരത്തെ വൈദ്യുതി, ജലകാര്യ മന്ത്രിയായ വാഇൽ അൽമുബാറകിനെയും പൊതുമരാമത്ത് കാര്യ മന്ത്രിയായി ഇബ്രാഹിം അൽ ഹവാജിനെയും നിയമിച്ചു. തൊഴിൽ മന്ത്രാലയത്തിൽനിന്നും സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം വേർപെടുത്തുകയും ജമീൽ മുഹമ്മദ് അലി ഹുമൈദാനെ തൊഴിൽ മന്ത്രിയായി സ്ഥിരപ്പെടുത്തുകയും ഉസാമ അൽ അസ്ഫൂറിനെ സാമൂഹിക ക്ഷേമകാര്യ മന്ത്രിയായും നിയമിച്ചു. നഗരാസൂത്രണ കാര്യ മന്ത്രാലയത്തെ പാർപ്പിട മന്ത്രാലയത്തിൽ ലയിപ്പിക്കുകയും ആമിന അൽ റുമൈഹിയെ ചുമതലയേൽപിക്കുകയും ചെയ്തു.
പരിസ്ഥിതി കാര്യത്തെ ഓയിൽ കാര്യ മന്ത്രാലയത്തിൽ ലയിപ്പിക്കുകയും പുതുതായി മുഹമ്മദ് ബിൻ ദൈനയെ മന്ത്രിയായി ചുമതലപ്പെടുത്തുകയും ചെയ്തു.
പുതിയ മന്ത്രിമാരും വകുപ്പുകളും
ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന (എണ്ണ, പരിസ്ഥിതി)
മുഹമ്മദ് ബിൻ താമർ അൽ കാബി (ഗതാഗത ടെലി കമ്യൂണിക്കേഷൻ)
ഇബ്രാഹിം ബിൻ ഹസ്സൻ അൽ ഹവാജ് (പൊതുമരാമത്ത്)
യൂസഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫ് (നിയമകാര്യം)
ഒസാമ ബിൻ അഹമ്മദ് ഖലഫ് അൽ അസ്ഫൂർ (സാമൂഹിക വികസനം)
യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ (വൈദ്യുതി, ജലകാര്യം)
ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ (ആരോഗ്യം)
നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ
(നീതിന്യായ, ഇസ്ലാമിക കാര്യം, ഔഖാഫ്)
ഹമദ് ബിൻ ഫൈസൽ അൽ മാൽകി (കാബിനറ്റ് കാര്യം)
അംന ബിൻത് അഹമ്മദ് അൽ റൊമൈഹി (ഭവന, നഗരാസൂത്രണം)
നൂർ ബിൻത് അലി അൽ ഖുലൈഫ് (സുസ്ഥിര വികസനം)
ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി (ടൂറിസം)
ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി (ഇൻഫർമേഷൻ)
പ്രധാനമന്ത്രി മന്ത്രിസഭ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭ പുനഃസംഘടിപ്പിച്ച ശേഷം നടത്തിയ കൂടിക്കാഴ്ചയിൽ, രാജ്യത്തിന് കൂടുതൽ സേവനങ്ങൾ നൽകാൻ സഹപ്രവർത്തകർക്ക് സാധ്യമാകട്ടെയെന്ന് ആശംസിച്ചു. രാജ്യത്തിനും ജനങ്ങൾക്കുമായി ആത്മാർഥമായി പ്രവർത്തിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഗുദൈബിയ പാലസിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന മന്ത്രിമാർ രാജ്യത്തിനും ജനങ്ങൾക്കും നൽകിയ സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. മന്ത്രിസഭ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പുതിയ മന്ത്രിമാർക്ക് പ്രിൻസസ് സബീക്ക ആശംസകൾ നേർന്നു
മനാമ: പുതുതായി ചുമതലയേൽപിക്കപ്പെട്ട മന്ത്രിമാർക്ക് വനിത സുപ്രീം കൗൺസിൽ ചെയർപേഴ്സൻ പ്രിൻസസ് ശൈഖ സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ ആശംസകൾ നേർന്നു.
മന്ത്രിസഭയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയത് ഏറെ സന്തോഷകരമാണെന്ന് അവർ പറഞ്ഞു. ആരോഗ്യ മന്ത്രി ജവാദ് ഹസൻ ജവാദ്, പാർപ്പിട, നഗരാസൂത്രണ കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി, സുസ്ഥിര വികസന മന്ത്രി നൂറ ബിൻത് അലി അൽ ഖലീഫ്, ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അൽ സൈറഫി എന്നിവരെയാണ് ഹമദ് രാജാവ് പുതിയ വനിത മന്ത്രിമാരായി നിയമിച്ചിട്ടുള്ളത്.
ഇവർക്ക് ചുമതല ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്ന് പ്രിൻസസ് സബീക്ക ആശംസിച്ചു. അധികാര മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും നടപടികളെടുത്ത രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെയും അവർ അഭിനന്ദിച്ചു. രാജ്യത്തിന്റെ വളർച്ചയിലും ഉയർച്ചയിലും സത്രീകൾക്ക് കൂടുതൽ പങ്കാളിത്തം വഹിക്കാൻ സാധിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.