കോഴിക്കോട്ടുനിന്ന് കഴിഞ്ഞ മാസം ബഹ്റൈനിലെത്തിയത് 13,371 യാത്രക്കാർ
text_fieldsമനാമ: കഴിഞ്ഞ മാസം കോഴിക്കോട്ടുനിന്ന് ബഹ്റൈനിലേക്കെത്തിയത് 13,371 വിമാന യാത്രക്കാർ. യാത്രക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനയാണുണ്ടായത്.
2023 സെപ്റ്റംബറിനെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് കോഴിക്കോട്ടുനിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. കഴിഞ്ഞ മാസം ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിലൂടെ കടന്നുപോയ മൊത്തം യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനയുണ്ട്.
ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മൊത്തം 7,20,546 യാത്രക്കാർ 2024 സെപ്റ്റംബറിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയി.
3,39,356 യാത്രക്കാർ വന്നിറങ്ങിയപ്പോൾ 3,81,190 യാത്രക്കാർ തിരികെപ്പോയി. മൊത്തം 8478 വിമാന സർവിസുകളാണ് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ നടന്നത്. ഇതിൽ 4242 വിമാനങ്ങൾ ഇവിടെനിന്ന് പുറപ്പെട്ടതാണ്. 4236 വിമാനങ്ങൾ വന്നുചേർന്നു.
വിമാന സർവിസുകളുടെ എണ്ണം വർധിക്കുന്നത് അന്താരാഷ്ട്ര വിമാന യാത്രക്കുള്ള പ്രധാന ട്രാൻസിറ്റ് പോയന്റായി ബഹ്റൈൻ വിമാനത്താവളം മാറുന്നതിന്റെ പ്രകടമായ സൂചനയാണ്. കാർഗോ, മെയിൽ സർവിസുകളൂശട കാര്യത്തിലും വർധനയുണ്ട്. മൊത്തം 31,938 ടൺ ചരക്ക് വിമാനത്താവളം കൈകാര്യം ചെയ്തു. ഇതിൽ 11,175 ടൺ ട്രാൻസ്ഷിപ്മെന്റ് കാർഗോ, 8076 ടൺ കയറ്റുമതി, 12,687 ടൺ ഇറക്കുമതി എന്നിവ ഉൾപ്പെടുന്നു.
കയറ്റുമതി, ഇറക്കുമതി ചരക്കുകളുടെ കാര്യത്തിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥയുണ്ട്. ഇത് പ്രദേശത്തെ വ്യാപാരഹബ്ബായി ബഹ്റൈൻ മാറുന്നതിന്റെ സൂചന കൂടിയാണ്. 2023 സെപ്റ്റംബറിനെ അപേക്ഷിച്ച് നിരവധി പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ഗണ്യമായ വളർച്ചയും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.