ഹൂതി വിമതരുെട പിടിയിലകപ്പെട്ട രണ്ട് മലയാളികളടക്കം 14 ഇന്ത്യക്കാർക്ക് മോചനം
text_fieldsമനാമ: യെമനിൽ ഒമ്പത് മാസത്തോളമായി ഹൂതി വിമതരുടെ പിടിയിലായിരുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരെ വിട്ടയച്ചു. സനയിലെ ഇന്ത്യൻ എംബസിയുടെയും വിദേശ കാര്യ മന്ത്രാലയത്തിെൻറയും ഇടപെടലിനെത്തുടർന്നാണ് മോചനം സാധ്യമായത്.
വടകര കുരിയാടി ദേവപത്മത്തിൽ ടി.കെ പ്രവീൺ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫ (43) എന്നിവരാണ് മോചിതരായ മലയാളികൾ. ഏഴ് മഹാരാഷ്ട്ര സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും യു.പി, ബംഗാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള ഒാരോരുത്തരുമാണ് സംഘത്തിലുള്ളത്. ഇന്ത്യക്കാർക്ക് പുറമേ, അഞ്ച് ബംഗ്ലാദേശികളും ഒരു ഇൗജിപ്തുകാരനും സംഘത്തിലുണ്ടായിരുന്നു.
ശനിയാഴ്ച ഇന്ത്യൻ എംബസി അധികൃതർക്ക് കൈമാറിയ 14 പേരെയും യെമൻ തലസ്ഥാനമായ സനയിലെ ഒരു ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഏദൻ വിമാനത്താവളം വഴിയായിരിക്കും നാട്ടിലേക്കുള്ള മടക്കം. ഇപ്പോൾ താമസിക്കുന്ന ഹോട്ടലിൽനിന്ന് 14 മണിക്കൂർ ദൂരമുണ്ട് വിമാനത്താവളത്തിലേക്ക്. നടപടികൾ പൂർത്തീകരിച്ച് രണ്ട് ദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
17 വർഷമായി ഒമാൻ െഎലൻഡ് ബ്രിഡ്ജ് ട്രേഡിങ് ആൻറ് ട്രാൻസ്പോർട്ട് ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനാണ് പ്രവീൺ. ഇൗ കമ്പനിയുടെ കീഴിലെ അൽ റാഹിയ, ദാന-6, ഫരീദ എന്നീ ചെറുകപ്പലുകൾ ഫെബ്രുവരി മൂന്നിനാണ് ഒമാനിലെ മസീറ എന്ന ദ്വീപിൽനിന്ന് സൗദിയിലെ യാംബൂ പോർട്ടിലേക്ക് പുറപ്പെട്ടത്. കപ്പലിലെ ചീഫ് ഒാഫീസറായിരുന്നു പ്രവീൺ. സൗദിയിൽ ആറ് മാസത്തെ പ്രവൃത്തി പൂർത്തീകരിക്കാനാണ് സംഘം പോയത്. എന്നാൽ, കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന ദാന -6 എന്ന കപ്പൽ മുങ്ങി. തുടർന്ന് ഇതിലെ ജീവനക്കാരും അൽ റാഹിയയിലായിരുന്നു യാത്ര. വീണ്ടും കാലാവസ്ഥ മോശമായതിനാൽ ഒരു ദ്വീപിൽ കപ്പൽ നങ്കൂരമിട്ടു. ഇവിടെ വെച്ചാണ്, നാല് മത്സ്യ ബന്ധന ബോട്ടുകളിൽ ആയുധങ്ങളുമായി എത്തിയ ഹൂതി വിമതർ ഇവരെ തട്ടിക്കൊണ്ടു പോയത്. ആദ്യം സലിഫ് എന്ന പോർട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് ദിവസം കഴിഞ്ഞ് വിട്ടയക്കാമെന്ന് പറഞ്ഞെങ്കിലും അവർ വാക്ക് മാറ്റി. തുടർന്ന്, സനയിലെത്തിച്ച് ഒരു ഹോട്ടലിൽ പൂട്ടിയിടുകയായിരുന്നു.
ഇന്ത്യക്കാരുടെ മോചനത്തിനായി വിവിധ തരത്തിലുള്ള ഇടപെടലുകൾ നടന്നിരുന്നതായി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്ത് പറഞ്ഞു. യു.എന്നിലടക്കം നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.