സൽമാൻ സിറ്റിയിൽ 1,60,000 മരങ്ങൾ നട്ടു
text_fieldsമനാമ: 2023ലെ വനവത്കരണ ലക്ഷ്യം നേടുന്നതിെൻറ ഭാഗമായി 1,60,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി പൂർത്തിയാക്കിയതിൽ ഏറെ സന്തോഷമുള്ളതായി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ് സൽമാൻ സിറ്റിയിൽ 1,60,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കിയത്.
2035 ഓടെ കാർബൺ ബഹിർഗമനത്തോത് 50 ശതമാനം കുറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്. സൽമാൻ സിറ്റിയിൽ ഇതോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ ഉപപ്രധാനമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ടവർ, ശൂറ കൗൺസിൽ, പാർലമെൻറ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണസാരഥ്യത്തിൽ പരിസ്ഥിതി സംരക്ഷണ മേഖലയിൽ ഏറെ മുന്നേറ്റം കൈവരിക്കാൻ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ചുവടുപിടിച്ച് നിരവധി പദ്ധതികളാണ് ബഹ്റൈനിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സാമൂഹിക പങ്കാളിത്തത്തോടെ വനവത്കരണ പദ്ധതികൾ ശക്തമാക്കുന്ന പ്രവർത്തനങ്ങൾ സജീവമാണ്.
ഇതുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന മന്ത്രാലയങ്ങൾ, സർക്കാർ അതോറിറ്റികൾ, സ്വകാര്യ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവർക്കെല്ലാം അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണ മേഖലയിൽ അവബോധം വളർത്തുന്നതിന് നിരവധി പദ്ധതികളുള്ളതായി മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.