റാസൽഖൈമയിൽ 18.5 ടൺ കരിമരുന്ന് പിടികൂടി
text_fieldsറാസൽഖൈമ: എമിറേറ്റിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പൊലീസ് പിടിച്ചെടുത്തു. പതിനെട്ടര ടൺ കരിമരുന്ന് ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്. റാസൽഖൈമയിലെ ഒരു വീട് കേന്ദ്രീകരിച്ച് നടന്നിരുന്ന അനധികൃത കച്ചവടത്തിനായി വീടിന് പിന്നിലെ തോട്ടത്തിലാണ് വൻ പടക്കശേഖരവും കരിമരുന്ന് ഉൽപന്നങ്ങളും സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു. നിരോധിത ഉൽപന്നങ്ങൾ ഒട്ടും സുരക്ഷിതമല്ലാതെയാണ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 1038 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 18.5 ടൺ പടക്കശേഖരവും കരിമരുന്ന് ഉൽപന്നങ്ങളും പൊലീസ് പിടിച്ചെടുത്തു. പെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി സജീവമാകുന്ന ഇത്തരം അനധികൃത പ്രവണതകൾക്കെതിരെ ജാഗ്രതപാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ലൈസൻസില്ലാതെ പടക്കങ്ങൾ വിൽക്കുന്നത് ലക്ഷം ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ലൈസൻസില്ലാതെ പടക്കങ്ങളുടെ വിൽപന, ഇറക്കുമതി, കയറ്റുമതി, രാജ്യത്തിനകത്തും പുറത്തും നിന്ന് പടക്കങ്ങൾ കൊണ്ടുവരുക എന്നിവയെല്ലാം ശിക്ഷാർഹമായ കുറ്റമാണ്.
ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ, സൈനിക ഉപകരണങ്ങൾ, അപകടകരമായ മറ്റ് വസ്തുക്കൾ എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2019ൽ പുറത്തിറക്കിയ ഫെഡറൽ നിയമത്തിലെ 54 അനുച്ഛേദത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
ചുറ്റുപാടും വൻ നാശനഷ്ടങ്ങളിലേക്ക് നയിക്കുന്ന ശക്തമായ സ്ഫോടന ശേഷിയുള്ളതും പരസ്പരം റിയാക്ട് ചെയ്യാൻ കഴിയുന്നതുമായ വ്യത്യസ്ത രാസവസ്തുക്കളുടെ മിശ്രിതം എന്നിവയുടെ ഉപയോഗം, വിൽപന എന്നിവക്ക് നിയമപരമായ അനുമതി വാങ്ങണമെന്നാണ് നിയമം അനുശാസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.