യമന്‍ ചര്‍ച്ചകളില്‍ പുരോഗതി; തടവുകാരെ കൈമാറാന്‍ ധാരണ
text_fieldsജിദ്ദ: ജനീവയില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചകളില്‍ തടവുകാരെ പരസ്പരം കൈമാറാന്‍ ഇരുപക്ഷവും ധാരണയായി. മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങളില്‍ പലപ്പോഴായി പിടിയിലായ നൂറുകണക്കിന് തടവുകാരെയാണ് കൈമാറുന്നത്. ഐക്യരാഷ്ട്രസഭയുടെ കാര്‍മികത്വത്തില്‍ ജനീവയില്‍ തുടങ്ങിയ ചര്‍ച്ചയുടെ രണ്ടാം ദിനത്തിലാണ് നിര്‍ണായകമായ തീരുമാനം ഉണ്ടായത്. സമാധാനശ്രമങ്ങള്‍ക്ക് ആക്കം പകരുന്നതാണ് തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഏദനില്‍ പിടിയിലായ 360 ഹൂതി വിമതരെയും അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നിയന്ത്രണത്തിലുള്ള മേഖലയിലെ 265പൗരന്‍മാരെയും പരസ്പരം കൈമാറും. കൈമാറേണ്ടവരെ ഇരുപക്ഷവും ബസുകളില്‍ നിശ്ചിത സ്ഥലത്തേക്ക് കൊണ്ടുപോയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ചൊവ്വാഴ്ച ഉച്ചയോടെ നിലവില്‍ വന്ന ഏഴുദിവസത്തെ വെടിനിര്‍ത്തല്‍ തുടരുകയാണ്. ഏതുകരാര്‍ ലംഘനത്തെയും കര്‍ശനമായി നേരിടുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസ്സീരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.