ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍-യൂത്ത് ഇന്ത്യ ദേശീയദിനാഘോഷം
text_fieldsമനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷനും യൂത്ത് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ദേശീയദിനാഘോഷം പരിപാടിയുടെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു ആഘോഷപരിപാടികള്‍. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്ന ദേശീയദിനറാലിയോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കം. ബഹ്റൈന്‍ പതാകകളും തോരണങ്ങളും കയ്യിലേന്തിയ ജനക്കൂട്ടം അണിയണിയായി നിരന്ന് നീങ്ങിയത് നയനാനന്ദകരമായിരുന്നു.
റാലിക്ക് ഫ്രന്‍റ്സിന്‍െറയും യൂത്ത് ഇന്ത്യയുടെയും ഭാരവാഹികള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ദേശീയദിന സമ്മേളനം ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ നല്‍കുന്ന സൗകര്യങ്ങള്‍ക്കും സ്വാതന്ത്രത്തിനും വിദേശികളായ നമുക്ക് ഭരണാധികാരികളോടും ബഹ്റൈനോടും നന്ദിയും കടപ്പാടും രേഖപ്പെടുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ അറബ് മേഖല നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ബഹ്റൈനിനെയും ബാധിച്ചിട്ടുണ്ടെങ്കിലും രാജ്യം വിവിധ പദ്ധതികളിലൂടെയും പരിഷ്കരണത്തിലൂടെയും അതിനെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഏറെ ശ്ളാഘനീയമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫ്രന്‍റ്സ് ആക്ടിങ് പ്രസിഡണ്ട് ജമാല്‍ ഇരിങ്ങല്‍ അഭിപ്രായപ്പെട്ടു.
ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്‍റ് അസീല്‍ അബ്ദുറഹ്മാന്‍, ഐ.സി.ആര്‍.എഫ്. കണ്‍വീനര്‍ അജയ് കൃഷ്ണന്‍, സാമൂഹിക പ്രവര്‍ത്തകരായ കെ.ടി. സലീം, റഫീഖ് അബ്ദുല്ല, എ.സി.എ.ബക്കര്‍, സാനി പോള്‍, ഫ്രന്‍റ്സ് സെക്രട്ടി വി.പി.ഷൗക്കത്തലി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.ഖാലിദ്, അഹ്മദ് റഫീഖ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റ് അനീസ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.