മന്ത്രിസഭാ യോഗം:പൗരാണിക പ്രദേശങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും
text_fieldsമനാമ: രാജ്യത്തെ ചരിത്രപരവും പൗരാണികവുമായ പ്രദേശങ്ങളും സ്മാരകങ്ങളും സംരക്ഷിക്കാനും നവീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുവര്‍ഷത്തേക്ക് കാലെടുത്ത് വെക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
പുതിയ വര്‍ഷം നന്മയുടെയും സ്നേഹത്തിന്‍െറയും സമാധാനത്തിന്‍േറതുമായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ലോകത്ത് സമാധാനവും ശാന്തിയും നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ പുതിയ വര്‍ഷത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും അതുവഴി സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉണര്‍ത്തി. നിക്ഷേപ പദ്ധതികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്‍െറ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ദിയാറുല്‍ മുഹറഖില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഡ്രാഗണ്‍ സിറ്റി ഇത്തരത്തിലുള്ള ഒന്നാണ്. ബഹ്റൈനും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിനും സംയുക്ത നിക്ഷേപ സംരംഭ പദ്ധതികള്‍ ആരംഭിക്കുന്നതിനും ഈ പദ്ധതി നിമിത്തമാവുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ചരിത്രപ്രധാനമായ പൗരാണിക പ്രദേശങ്ങള്‍ നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ ആവശ്യമാണ്. ടൂറിസം മേഖലയില്‍ വളര്‍ച്ച സാധ്യമാക്കുന്നതിനും ഇത് സഹായിക്കും.
കഴിഞ്ഞ ദിവസം ബാബുല്‍ ബഹ്റൈനില്‍ ഉദ്ഘാടനം ചെയ്ത പോസ്റ്റല്‍ മ്യൂസിയം ഏറെ ശ്രദ്ധേയമായ ഒന്നാണ്. രാജ്യത്തെ പോസ്റ്റല്‍ ചരിത്രത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നത് കുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ ചെലവ് കുറക്കുന്നതിന്‍െറ ഭാഗമാണ് തീരുമാനം. ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ വില വര്‍ധിപ്പിക്കാനും തീരുമാനമെടുത്തു. എന്നാല്‍ ബേക്കറികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മണ്ണെണ്ണ, മീന്‍ പിടുത്തക്കാര്‍ക്കുള്ള ഡീസല്‍ എന്നിവക്ക് വില വര്‍ധന വേണ്ടതില്ളെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഊര്‍ജ മന്ത്രാലയത്തെ കാബിനറ്റ് ചുമതലപ്പെടുത്തി. ബഹ്റൈന്‍ യൂനിവേഴ്സിറ്റിയും റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് യൂനിവേഴ്സിറ്റിയും തമ്മില്‍ സഹകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ സന്നിഹിതനായ യോഗത്തിന്‍െറ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.