അധ്യാപനരീതി പുനര്‍നിര്‍വചിക്കണം –ഡോ.ടി.പി.ശശികുമാര്‍
text_fieldsമനാമ: ഇന്ത്യയില്‍ തുടര്‍ന്നുവരുന്ന അധ്യാപനരീതി പുനര്‍നിര്‍വചിക്കേണ്ട കാലമാണിതെന്ന് പ്രമുഖ പരിശീലകന്‍ ഡോ.ടി.പി.ശശികുമാര്‍ പറഞ്ഞു. പഠന പ്രവര്‍ത്തനം കാലാനുസൃതമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഡോ.ശശികുമാര്‍.
പലവിഷയങ്ങളും സൂക്ഷ്മാര്‍ഥത്തില്‍ പരസ്പര ബന്ധിതമാണ്. അതുകൊണ്ട് സ്വയം ആസ്വദിച്ചു പഠിക്കുന്ന അവസ്ഥയുണ്ടായാല്‍ കുട്ടികള്‍ക്ക് ഏതെങ്കിലും പ്രത്യേക വിഷയത്തോട് താല്‍പര്യമില്ലാത്ത അവസ്ഥ ഇല്ലാതാക്കാം.
പഠനാഭിനിവേശം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇത് നിലനിര്‍ത്തുകയും ചെയ്യണം. എങ്കില്‍ മാത്രമേ വിജയം സുനിശ്ചിതമാകൂ.
പാഠപുസ്തകത്തിലെ അറിവുമതി എന്നത് അപക്വമായ ധാരണയാണ്. പൊതുവിജ്ഞാനത്തിന്‍െറ അടിത്തറയില്ലാത്തത് പുതുതലമുറ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ്. ദൈനംദിന പത്രപാരായണവും അതിന്‍െറ അവലോകനവും വഴി ഈ പ്രശ്നം പരിഹരിക്കാം. ആസ്വദിച്ചുള്ള പഠനത്തില്‍ പരീക്ഷാപ്പേടി എന്ന അവസ്ഥ നിലനില്‍ക്കുന്നില്ല.
അറിവു നേടുന്നതിന് ഇന്ന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താതെയുള്ള അധ്യയനമാണു നടക്കുന്നത്. അറിവിനെ ആസ്വാദ്യമാക്കിത്തീര്‍ക്കുന്ന നിരവധി വെബ്സൈറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കളികളിലൂടെ കിട്ടിയിരുന്ന അറിവിന്‍െറ ലോകവും ചുരുങ്ങിപ്പോയിരിക്കുന്നു.
ക്രിയാത്മകമായ പാഠ്യപദ്ധതികളാണ് കേരളത്തിലുള്ളതെങ്കിലും അതിനെ ശാസ്ത്രീയമായി പ്രയോഗിക്കാന്‍ പല അധ്യാപകരും തയാറല്ലാത്തതിന്‍െറ പോരായ്മകള്‍ നിലനില്‍ക്കുകയാണ്. അധ്യാപകരുടെ കഴിവുകള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണ്. ഉന്നത വിദ്യാഭ്യാസം നേടുമ്പോഴും ലക്ഷ്യബോധമില്ലാത്തതിന്‍െറ പരിമിതി നിലനില്‍ക്കുന്നു.
എഞ്ചിനിയറിങ് പഠിക്കുമ്പോഴും എന്താണ് ലക്ഷ്യമെന്ന ചോദ്യത്തിനു കുട്ടികള്‍ക്ക് ഉത്തരമില്ല. ഇതുമൂലം പഠിച്ച ജോലി ചെയ്യുന്നതിനു പകരം ആകസ്മികമായി വന്നുപെടുന്ന ജോലികള്‍ക്കാണ് പലരും ചേരുന്നത്. -അദ്ദേഹം പറഞ്ഞു.‘സാംസ’യുടെ ആഭിമുഖ്യത്തില്‍ 8, 9 തിയതികളില്‍ ഇന്ത്യന്‍ ക്ളബില്‍ നടക്കുന്ന ‘ലൈഫ് ഗൈഡന്‍സ് വര്‍ക്ഷോപ്പി’ല്‍ അദ്ദേഹം ക്ളാസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.