സത്യം പറയുമ്പോള്‍ ഭീഷണി എന്തിനെന്ന് എബ്രഹാം ജോണ്‍
text_fieldsമനാമ: യു.പി.പി നല്‍കിയ വാര്‍ത്താക്കുറിപ്പിനെതിരെ കേസ് കൊടുക്കുമെന്ന് ഭരണസമിതി ഭീഷണി മുഴക്കിയത് പ്രതിപക്ഷത്തെ പേടിപ്പിച്ച് ഒതുക്കാനുള്ള തന്ത്രമാണെന്ന് മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ പറഞ്ഞു. ഇന്ത്യന്‍ സ്കൂളില്‍ 12ാം ക്ളാസ് പാഠപുസ്തകങ്ങള്‍ ഏപ്രില്‍ അഞ്ചു വരെയും എത്താതിരുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടായ വിഷമം ഭരണ സമിതിയെയും പൊതുസമൂഹത്തെയും അറിയിക്കാനാണ് വാര്‍ത്താക്കുറിപ്പ് നല്‍കിയത്. മാര്‍ച്ചില്‍ ആരംഭിച്ച പ്ളസ്ടു ക്ളാസില്‍ ഏപ്രില്‍ അഞ്ചിനാണ് പുസ്തകം വന്നതെന്ന് സ്വയം സമ്മതിച്ചവര്‍ യു.പി.പിയുടെ കുറിപ്പിലെ അസത്യം എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ കമ്മിറ്റിയെ വിമര്‍ശിച്ച് ഭരണ സമിതിയിലുള്ളവര്‍ തന്നെ പല പൊതുവേദിയിലും പ്രസംഗിക്കുന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കഴിഞ്ഞ ഭരണ കാലത്തെ പുസ്തക കരാറിലുണ്ടായ ക്രമക്കേടില്‍ ഇന്ന് കേസ് നേരിടുന്നവര്‍ ആരാണെന്നും കേസിന്‍െറ നമ്പറും കോടതിയും ഏതാണെന്നും അറിയാന്‍ താല്‍പര്യമുണ്ട്.ബന്ധപ്പെട്ടവര്‍ അത് വ്യക്തമാക്കണം.
അപാകം ചൂണ്ടികാണിക്കുമ്പോള്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കമ്മ്യൂണിറ്റി സ്കൂളിന്‍െറ ഭരണകര്‍ത്താക്കളുടെ മാന്യതക്ക് ഭൂഷണമല്ല. ചരിത്രത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെയും സത്യത്തെയും എതിര്‍ത്തവരുടെയെല്ലാം സ്ഥിതി എന്തായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതുണ്ടെന്നും എബ്രഹാം ജോണ്‍ പറഞ്ഞു. 65വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ സ്കൂളില്‍ വിമര്‍ശനങ്ങളെ യാഥാര്‍ഥ്യബോധത്തോടെ കാണുന്ന സമീപനമാണ് ഇതുവരെയുള്ള ഭരണസമിതികള്‍ സ്വീകരിച്ചിരുന്നത്.
സ്കൂള്‍ ഭരണകര്‍ത്താക്കള്‍ക്ക് സ്കൂളിനേക്കാള്‍ താല്‍പര്യമുണ്ടായിരുന്ന കേരളീയ സമാജം തെരഞ്ഞെടുപ്പിന്‍െറ തിരക്കുകളൊക്കെ കഴിഞ്ഞ് ഇപ്പോഴെങ്കിലും സ്കൂളിന്‍െറ കാര്യം ഓര്‍മയില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.