Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതാരവാഴ്ച രാജഭരണം...

താരവാഴ്ച രാജഭരണം പോലെയെന്ന് മധു

text_fields
bookmark_border
താരവാഴ്ച രാജഭരണം പോലെയെന്ന് മധു
cancel

മനാമ: സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണെന്ന് മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന നടനായ മധു പറഞ്ഞു. ബഹ്റൈനില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങള്‍ക്കുമേല്‍ കേന്ദ്രീകൃതമായ സിനിമക്ക് പല ദോഷങ്ങളുമുണ്ടാകും. സിനിമയില്‍ സംവിധായകനും സ്ക്രിപ്റ്റ് റൈറ്റര്‍ക്കുമെല്ലാം പ്രധാനപങ്കുണ്ട്. അത് കേവലം താരത്തിലേക്ക് ചുരുങ്ങുമ്പോള്‍, രാജഭരണത്തിന് തുല്യമായ അവസ്ഥയാണ് ഉണ്ടാവുക എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഘട്ടങ്ങളില്‍ താരങ്ങളുടെ ഇടപെടലിന് സംവിധായകരുടെയും എഴുത്തുകാരുടെയും കഴിവുകേടുകൂടി ഒരു ഘടമായിരിക്കാം. ചിലപ്പോള്‍, സംവിധായകരേക്കാള്‍ ധാരണ താരത്തിനുണ്ടായി എന്നും വരാം. അത്തരം ഘട്ടങ്ങളിലുള്ള ഇടപെടലുകള്‍ അല്ല പറയുന്നത്. പൊതുവെ, താരത്തെ മാത്രം കേന്ദ്രീകരിച്ചുള്ള സിനിമ ഈ രംഗത്തിന് ഗുണം ചെയ്യില്ല.
സിനിമയില്‍ വന്ന മാറ്റങ്ങളെല്ലാം അനിവാര്യമാണ്. സമൂഹം അടിമുടി മാറിയിരിക്കുന്നു.പിന്നെ സിനിമ മാത്രം മാറരുത് എന്ന് പറയുന്നതില്‍ കാര്യമില്ല. സാങ്കേതികവിദ്യ സിനിമയെ ദോഷകരമായി ബാധിച്ചുവെങ്കില്‍ അത് സംഗീതത്തെ മാത്രമായിരിക്കും. മറ്റേതെല്ലാം ഒരു തുടര്‍ച മാത്രമാണ്.
സിനിമയുടെ വിവിധ മേഖലകളില്‍ സജീവമായെങ്കിലും ഏറ്റവും താല്‍പര്യത്തോടെ ചെയ്തത് അഭിനയമാണ്. ഞാന്‍ പ്രധാനമായും ഒരു അഭിനേതാവാണ്. ഹിന്ദിയില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞെങ്കിലും അതിന് തുടര്‍ചയുണ്ടാക്കാനായില്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയം തുടങ്ങുന്ന ഒരു രീതിയാണ് ഹിന്ദി സിനിമയില്‍ ഉണ്ടായിരുന്നത്. ഞാന്‍ ആ സമയത്ത് മധ്യവയസിലേക്കത്തെിയിരുന്നു. മാത്രവുമല്ല, ഹിന്ദിയില്‍ വളരെ റിലാക്സ്ഡ് ആയി സിനിമ ചെയ്യുന്ന ഒരു രീതിയാണ് അന്നുണ്ടായിരുന്നത്. നമ്മളാകട്ടെ ഒരു വര്‍ഷം മുഴുവന്‍ നായകവേഷത്തില്‍ നിരവധി സിനിമകള്‍ ചെയ്തിരുന്ന സമയമാണ്. ആ തിരക്കിനിടയില്‍ ഹിന്ദിയിലേക്കൊന്നും ശ്രദ്ധിക്കാനായില്ല.
കേരളീയ സമൂഹം അടിമുടി മാറിയിട്ടുണ്ട്. അതിന്‍െറ ഭാഗമായാണ് സിനിമയിലും പ്രമേയങ്ങളില്‍ മാറ്റമുണ്ടാകുന്നത്. വലിയ കുടുംബങ്ങളിലെ പ്രശ്നങ്ങള്‍, കാരണവരുടെയും മറ്റും അധികാരങ്ങള്‍, അതിനുള്ളിലെ പ്രണയങ്ങള്‍ തുടങ്ങിയവയൊന്നും ഇപ്പോള്‍ ഒരിടത്തുമില്ല. അപ്പോള്‍ അത്തരം ഒരു കാന്‍വാസിലുള്ള സിനിമയും ഉണ്ടാകില്ല.‘ ചെമ്മീന്‍’ പോലുള്ള സിനിമകള്‍ ഇപ്പോഴും മടുപ്പില്ലാതെ കാണാനാകുന്നത് അതിന് ഒരു ക്ളാസിക്കല്‍ സ്വഭാവമുള്ളതുകൊണ്ടാണ്. ശാകുന്തളത്തിനുശേഷം എന്തുമാത്രം പ്രണയകഥകള്‍ വന്നു. എന്നിട്ടും എന്തുകൊണ്ടാണ് ശാകുന്തളം നിലനില്‍ക്കുന്നത്?അങ്ങനെ ഒരു ഘടകം ‘ചെമ്മീനി’ല്‍ ഉണ്ട്. ‘ചെമ്മീന്‍െറ’ പാട്ട് റെക്കോഡിങ് കഴിഞ്ഞ് കേട്ടപ്പോള്‍ ‘മാനസമൈനേ വരൂ’ എന്ന ഗാനത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. ആ പാട്ട് വരുമ്പോള്‍ ജനം കൂകിവിളിക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെട്ടു. പക്ഷേ അതുണ്ടായില്ല. മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകളിലൊന്നായി മന്നാഡെ പാടിയ ‘മാനസമൈനേ’ മാറി. അപ്പോള്‍ ഉച്ചാരണം പോലുമല്ല, ‘ഫീല്‍’ ആണ് പ്രധാനം എന്ന് മനസിലായി. പിന്നീട് പലരും ‘മാനസമൈനേ വരൂ’ എന്ന പാട്ടുപാടാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും മന്നാഡെയോളം വന്നിട്ടില്ല. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് മലയാള സിനിമാഗാനങ്ങള്‍ ഒന്ന് ‘ശ്യാമസുന്ദര പുഷ്പമേ’യും, രണ്ട് ‘അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ള’വുമാണ്. സിനിമയില്‍, വീടുകളിലുള്ളപോലുള്ള ഒരു ബന്ധം നിലനിന്നിരുന്നു. ഞാനും പ്രേംനസീറും ഒരു മുറിയില്‍ താമസിച്ചിട്ടുണ്ട്. നസീറും സത്യനും അങ്ങനെ കഴിഞ്ഞിട്ടുള്ളവരാണ്. അതൊക്കെ ഇന്ന് നടക്കുമോ എന്നറിയില്ല. എല്ലാവരും സ്വാതന്ത്ര്യവും സ്വതന്ത്ര വ്യക്തിത്വവും ആണ് ആഗ്രഹിക്കുന്നത്. മുമ്പും അഭിപ്രായവിത്യാസമൊക്കെ ഉണ്ടാകും. എങ്കിലും ഒരുമിച്ച് നില്‍ക്കാന്‍ ആരും മടികാണിച്ചില്ല.
താന്‍ ഇടതുപക്ഷക്കാരനല്ല എന്ന നിലയില്‍ വന്ന വാര്‍ത്ത ശരിയല്ളെന്നും തനിക്ക് പ്രത്യേകിച്ച് ഒരു പക്ഷവും ഇല്ളെന്നും മധു പറഞ്ഞു. കെ.പി.എ.സിയും മറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതുകൊണ്ട് ഞാന്‍ സി.പി.ഐക്കാരനാണെന്നൊരു ധാരണയുണ്ടായിരുന്നു. ഇപ്പോള്‍ യു.ഡി.എഫ് ആണോ എല്‍.ഡി.എഫ് ആണോ ഇടതുപക്ഷം എന്നൊന്നും മനസിലാകുന്നില്ല. വ്യക്തികളെ നോക്കിയാണ് താന്‍ വോട്ടുചെയ്യുന്നതെന്നും മധു പറഞ്ഞു.
മലയാളികളെ സാമൂഹിക മര്യാദകള്‍ പഠിപ്പിക്കാന്‍ ഒരു സംവിധാനവുമില്ല. ഗള്‍ഫില്‍ വന്നാല്‍ മലയാളി പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുകയോ തുപ്പുകയോ ഇല്ല. എന്നാല്‍ നാട്ടില്‍ സ്ഥിതി മറിച്ചാണ്.
നാടകവേദി ക്ഷയിച്ചത് കേരളീയ സമൂഹത്തിന് വലിയ ക്ഷീണമായി.മുമ്പ് ഓരോ ഗ്രാമത്തിലും ഒരു വായനശാലയും കലാസമിതിയും ഉണ്ടായിരുന്നു. അവിടെ വര്‍ഷത്തില്‍ ഒരു നാടകമെങ്കിലും കളിച്ചിരുന്നു. ഈ അമച്വര്‍ നാടക പ്രസ്ഥാനം കലാ-സാഹിത്യ മണ്ഡലത്തില്‍ ഉണ്ടാക്കിയ ഉണര്‍വ് ഇന്ന് നിലനില്‍ക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും മുംബൈ പോലുള്ള നഗരങ്ങളിലുമെല്ലാം സജീവമായ നാടകവേദികള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. നാട്ടില്‍ നാടകവേദിക്കായി പണം മുടക്കാന്‍ പോലും ആരും തയ്യാറാവുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor madhu
Next Story