സ്വിമ്മിങ് പൂള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
text_fieldsമനാമ: സ്വിമ്മിങ് പൂള്‍ ഉപയോഗിക്കുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വേനല്‍കാലത്ത് ആളുകള്‍ കുടുംബസമേതവും അല്ലാതെയും സ്വിമ്മിങ് പൂളുകളിലേക്ക് എത്തുന്നുണ്ട്. ഇതില്‍ പലരുടെ കൂടെയും കുട്ടികളും വരുന്നത് പതിവാണ്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള സ്വിമ്മിങ്പൂള്‍ സന്ദര്‍ശകര്‍ക്കായി ബോധവത്കരണ കാമ്പയിന്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ഇത് സെപ്റ്റംബര്‍ അവസാനം വരെ നീളും. അപകടങ്ങള്‍ പരമാവധി കുറക്കുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
നിയമപ്രകാരം പ്രവര്‍ത്തിക്കുന്നതും മതിയായ സുരക്ഷാമുന്നൊരുക്കങ്ങള്‍ ഉള്ളതുമായ സ്വിമ്മിങ് പൂളുകളിലേക്ക് മാത്രമേ പോകാവൂ എന്ന് അധികൃതര്‍ പറഞ്ഞു. ആവശ്യമായ സുരക്ഷാസജ്ജീകരണങ്ങളും അപകടനിവാരണ മുന്നൊരുക്കങ്ങളും ഇല്ലാത്ത സ്വിമ്മിങ് പൂളുകള്‍ പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലുള്ള നീന്തലും കുളിയും അപകടങ്ങളുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ചെറിയ കുട്ടികളെ ഒരിക്കലും തനിച്ച് പൂളിനടുത്ത് വിടരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. ചെറിയ കുട്ടികളെ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രം പൂളുകളില്‍ ഇറങ്ങാന്‍ അനുവദിക്കുക, സ്വിമ്മിങ് പൂളുകള്‍ക്ക് സമീപം ഉടമകള്‍ പ്രഥമശുശ്രൂഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുക, മറ്റ് സുരക്ഷാക്രമീകരണങ്ങള്‍ തയ്യാറാക്കുക എന്നതും പ്രധാനമാണ്. പൊതുജനങ്ങള്‍ക്കും സ്വിമ്മിങ് പൂള്‍ ഉടമകള്‍ക്കുമായി ഇത് സംബന്ധിച്ച ബോധവത്കരണ കാമ്പയിന്‍ നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.