ഭരണാധികാരികള്‍ എത്തി; ജി.സി.സി ഉച്ചകോടിക്ക് തുടക്കം
text_fieldsമനാമ: അറബ്- ഗള്‍ഫ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 37ാമത് ജി.സി.സി ഉച്ചകോടിക്ക് ബഹ്റൈനില്‍ തുടക്കമായി. അറബ് മേഖലയുടെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രണ്ട് ദിവസത്തെ ഉച്ചകോടിക്ക് സഖീര്‍ പാലസിലാണ് തുടക്കമായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അംഗ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ബഹ്റൈനിലത്തെിയത്. സഖീര്‍ എയര്‍ബേസില്‍ എത്തിയ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് തിങ്കളാഴ്ച രാത്രി തന്നെ ബഹ്റൈനില്‍ എത്തിയിരുന്നു.
സിറിയയിലെയും യമനിലെയും സംഘര്‍ഷം, എണ്ണ വിലയിടിവ്, ബ്രക്സിറ്റിലൂടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുവന്ന സാഹചര്യം, അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ മാറുന്ന സമവാക്യങ്ങള്‍, ജി.സി.സി യൂനിയനിലേക്കുള്ള ചുവടുവെപ്പ് എന്നിവയെല്ലാം രണ്ട് ദിവസത്തെ ഉച്ചകോടി വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടെയാണ് ഒൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചത്. സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഒമാന്‍ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് ആല്‍ സഈദ് എന്നിവരാണ് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളെയും പ്രതിനിധി സംഘങ്ങളെയും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധി സംഘങ്ങളുമായി അനൗപചാരിക ചര്‍ച്ചകളും നടന്നു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ബഹ്റൈന്‍ ഉച്ചകോടി സഹായകമാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. ഗള്‍ഫ് സഹകരണത്തില്‍ പുതിയ കാല്‍വെപ്പായിരിക്കും ബഹ്റൈന്‍ ഉച്ചകോടി. സൈനികം, രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനും ഒത്തൊരുമിച്ച് മുന്നേറാനും ഉച്ചകോടിയിലൂടെ സാധിക്കും. ഇത്തവണത്തെ ഉച്ചകോടിയിലൂടെ ഗള്‍ഫിന് ശ്രേഷ്ഠമായ കര്‍ത്തവ്യം പൂര്‍ത്തീകരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും പ്രതിനിധി സംഘവും ബഹ്റൈനില്‍ എത്തിയത്. സഖീര്‍ പാലസില്‍ സൗദി ഭരണാധികാരിയും ബഹ്റൈന്‍ രാജാവും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അറബ് മേഖലയിലും അന്താരാഷ്ട്ര തലത്തില്‍ സാഹചര്യങ്ങള്‍ അപകടാവസ്ഥയിലായ സമയത്താണ് ഉച്ചകോടി നടക്കുന്നതെന്ന് ഖത്തര്‍ അമീര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. അറബ് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും സംഭാവന നല്‍കുന്നതിനും വിവിധ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും ബഹ്റൈന്‍ ഉച്ചകോടിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.