500, 1000 നോട്ടുകള്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രവാസികള്‍; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍
text_fieldsമനാമ: നവംബര്‍ എട്ടിന് രാത്രി അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ ഏറ്റവും ഞെട്ടിയത് പ്രവാസികളാണ്. നാട്ടിലുള്ളവര്‍ക്ക് പ്രയാസങ്ങള്‍ അനുഭവിച്ചാണെങ്കില്‍ പോലും ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നും പെട്രോളടിച്ചും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുമെല്ലാം പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിച്ചു. എന്നാല്‍, അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വരുമ്പോള്‍ 1000ന്‍െറയും 500ന്‍െറയും നോട്ടുകള്‍ കൈയില്‍ കരുതിയിരുന്ന പ്രവാസികളാണ് ആകെ വലഞ്ഞത്. അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ ഉപയോഗിക്കാന്‍ കരുതിയ പണത്തിന് കടലാസ് വിലയാണെന്ന് അറിഞ്ഞപ്പോള്‍ നല്ളൊരു ശതമാനം പ്രവാസികളും ഞെട്ടി.
1000 രൂപ മുതല്‍ 15000 രൂപവരെയാണ് ബഹുഭൂരിഭാഗം പ്രവാസികളുടെ കൈവശമുള്ളത്.
നോട്ട് നിരോധം പ്രാബല്യത്തില്‍ വന്നയുടന്‍ എക്സ്ചേഞ്ചുകളിലും മറ്റും നോട്ട് മാറ്റാന്‍ പ്രവാസികള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ളെന്നും പണം മാറാന്‍ കഴിയുമെന്നും സാമ്പത്തിക വിദഗ്ധരും മറ്റും പ്രഖ്യാപിച്ചു. എംബസികളിലും മണി എക്സ്ചേഞ്ച് കേന്ദ്രങ്ങളിലും അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറിക്കിട്ടുമെന്ന പ്രതീക്ഷയും പലര്‍ക്കുമുണ്ടായിരുന്നു. വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍, നോട്ട് നിരോധനം ഒരു മാസം പിന്നിടുകയും നാട്ടിലെ അക്കൗണ്ടുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ 20 ദിവസം മാത്രം ബാക്കി നില്‍ക്കുകയും ചെയ്യുമ്പോള്‍ പ്രവാസികള്‍ നെട്ടോട്ടത്തിലാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബാങ്കോ ഇടപെട്ടിട്ടുമില്ല. നിലവിലെ സാഹചര്യത്തില്‍ കൈയിലുള്ള അസാധുവായ നോട്ടുകള്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് പ്രവാസികള്‍ക്ക് അറിവില്ല.
പലരും നാട്ടിലേക്ക് പോകുന്നവരുടെ കൈയില്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈമാറാന്‍ കൊടുത്തുവിടുന്നുണ്ട്. അസാധു നോട്ടുകള്‍ മാറുന്നതിനുള്ള അനുമതിപത്രങ്ങളോടൊപ്പമാണ് നോട്ടുകള്‍ കൊടുത്തുവിടുന്നത്. നിയമപരമായി 25000 രൂപ വരെ മാത്രമേ പ്രവാസിക്ക് കൈവശം വെക്കാന്‍ സാധിക്കുമെന്നതിനാല്‍ അധികം പേരും മറ്റുള്ളവരുടെ പണം കൊണ്ടുപോകാനും തയാറാകുന്നില്ല. ഡിസംബര്‍ 30നകം പോകാന്‍ സാധിക്കാത്തതിനാല്‍ ഈ നോട്ടുകള്‍ എന്തുചെയ്യണമെന്ന് അറിയില്ല. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ കൈയിലുള്ള പണം ഡിസംബര്‍ 30 കഴിഞ്ഞാല്‍ കള്ളപ്പണത്തിന്‍െറ കണക്കില്‍ ഉള്‍പ്പെടാതിരിക്കാനും മാറി നല്‍കുന്നതിനും ഉള്ള അവസരം ഒരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നോട്ട് മാറാം; പക്ഷേ
മനാമ: ഡിസംബര്‍ 30 കഴിയുമ്പോഴേക്കും കൈയിലിരുന്ന 500, 1000 നോട്ടുകള്‍ക്ക് കടലാസിന്‍െറ വിലയേ ഉള്ളൂ എന്ന് കരുതേണ്ടതില്ല. ഡിസംബര്‍ 30ന് ശേഷവും ഈ നോട്ടുകള്‍ മാറിയെടുക്കാം. ബാങ്കുകളില്‍ അസാധു നോട്ടുകള്‍ അക്കൗണ്ടുകളിലേക്ക് സ്വീകരിക്കുന്നത് അവസാനിക്കുമെങ്കിലും മാര്‍ച്ച് 31ന് മുമ്പ് നാട്ടിലത്തെുന്നവര്‍ക്ക് നോട്ട് മാറുന്നതിന് അവസരമുണ്ട്. റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളിലാണ് നോട്ടുകള്‍ മാറുന്നതിന് അവസരമുള്ളത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളുണ്ട്. ഡിസംബര്‍ ഒന്നിന് ശേഷവും ഇവിടെ നോട്ടുകള്‍ മാറാന്‍ കഴിയുമെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. അതേസമയം, അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറുന്നതിന് പരിധിയുണ്ടായിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് തിരുവനന്തപുരം കേന്ദ്രത്തില്‍ ഇന്നലെ ‘ഗള്‍ഫ് മാധ്യമം’ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമാക്കിയത്. എന്നാല്‍, കോഴിക്കോടും കണ്ണൂരും തൃശൂരും എല്ലാമുള്ളവര്‍ നോട്ട് മാറുന്നതിന് വേണ്ടി കൊച്ചിയിലും തിരുവനന്തപുരത്തും പോകേണ്ടി വരും. ആയിരവും രണ്ടായിരവും മാത്രം കൈവശമുള്ള പ്രവാസികള്‍ ഇതിന് തയാറാകാന്‍ സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.