വേനലവധി: പ്രവാസികളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിഴിയുന്നു
text_fieldsമനാമ: മധ്യവേനല്‍ അവധിയും പെരുന്നാള്‍, ഓണം ആഘോഷങ്ങളും പ്രമാണിച്ച് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിഴിയുന്നു.
ജൂണില്‍ ഗള്‍ഫില്‍ അവധി ആരംഭിക്കുന്നതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇരുട്ടടിയായാണ് വന്‍ തുക ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുന്നത്.
ജൂണ്‍ 15 മുതല്‍ ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടവര്‍ റിട്ടേണ്‍ അടക്കം 214 ദിനാര്‍ നല്‍കേണ്ട അവസ്ഥയാണ്. മധ്യവേനലവധിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് വന്നിട്ടുള്ളത്. ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമായി പോകുന്നവര്‍ക്ക് ആറ് മാസം മുമ്പ് തന്നെയുള്ള കുറഞ്ഞ നിരക്ക് 214 ദിനാറാണ്.
ബഹ്റൈന്‍- കൊച്ചി ആണെങ്കില്‍ റിട്ടേണ്‍ അടക്കം 204 ദിനാറാണ് എക്സ്പ്രസ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത് 150- 160 ദിനാറിന് കോഴിക്കോട് റിട്ടേണ്‍ ടിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചി റിട്ടേണ്‍ ടിക്കറ്റിന് 150 ദിനാര്‍ മതിയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിന്‍െറ അറ്റകുറ്റപ്പണിയുടെ പേരില്‍ വിമാനങ്ങളുടെ എണ്ണത്തിലും കുറവ് അനുഭവപ്പെടുന്നുണ്ട്.
വേനലവധിക്കാലത്തേക്കുള്ള ടിക്കറ്റുകള്‍ക്ക് തുടക്കത്തില്‍ തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസ് വന്‍ തുക ഈടാക്കിയതോടെ പ്രവാസികളുടെ ആഘോഷങ്ങളും അവധികളും ഇത്തവണ ‘കൈപൊള്ളിക്കുമെന്ന്’ ഉറപ്പാണ്. സ്കൂള്‍ അവധിക്കൊപ്പം പെരുന്നാളിനും ഓണത്തിനും പോകേണ്ടവര്‍ക്ക് വന്‍ തുക ചെലവിടേണ്ടി വരും.
കുടുംബവുമായി നാട്ടില്‍ പോകാന്‍ തീരുമാനിച്ചവര്‍ക്കും ടിക്കറ്റ് നിരക്കില്‍ തുടക്കത്തില്‍ തന്നെ അനുഭവപ്പെടുന്ന ഉയര്‍ന്ന നിരക്ക് വന്‍ തിരിച്ചടിയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഉയര്‍ന്ന നിരക്ക് പ്രഖ്യാപിച്ചതോടെ മറ്റ് വിമാന കമ്പനികളുടെ ടിക്കറ്റുകള്‍ക്കും വലിയ തുക നല്‍കേണ്ടി വരുമെന്നും ഉറപ്പാണ്.
അതേസമയം, ജൂണിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവില്‍ വന്ന ചൊവ്വാഴ്ച തന്നെ വര്‍ധനയും ഉണ്ടായിട്ടുണ്ട്. ബഹ്റൈന്‍- കോഴിക്കോട് റിട്ടേണ്‍ ഉച്ചക്ക് 214 ദിനാറിനാണ് നല്‍കിയതെങ്കില്‍ രാത്രിയായപ്പോഴേക്കും 224 ദിനാര്‍ ആയി ഉയര്‍ന്നതായി ട്രാവല്‍ ഏജന്‍സി നടത്തുന്നവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ വേനലവധിക്കാലത്ത് 145 ദിനാറിനാണ് കോഴിക്കോട് റിട്ടേണ്‍ ടിക്കറ്റ് ലഭിച്ചതെന്നും എന്നാല്‍, ഇത്തവണ 214 ദിനാര്‍ നല്‍കേണ്ടി വന്നതായും ബഹ്റൈനില്‍ ജോലി ചെയ്യുന്ന എടച്ചേരി സ്വദേശി മഹ്റൂഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നത് മാറ്റിവെക്കേണ്ടി വരുമെന്നാണ് കുടുംബങ്ങളുമായി താമസിക്കുന്നവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.