മന്ത്രിസഭായോഗം: ഓയില്‍ ആന്‍റ് ഗ്യാസ് അതോറിറ്റി പുന:സംഘടിപ്പിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം
text_fieldsമനാമ: തുനീഷ്യന്‍ പ്രസിഡന്‍റ് അല്‍ബാജി ഖാഇദ് അസ്സബ്സിയുടെ ബഹ്റൈന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കുന്നതിന് വഴിതുറന്നതായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍സമാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു യോഗം. വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ സാധിച്ചെന്നും ഇത് ഇരുരാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ചക്ക് സഹായകരമാകുമെന്നും കാബിനറ്റ് വിലയിരുത്തി. സൗദി അറേബ്യയിലെ അല്‍അഹ്സ പ്രവിശ്യയിലെ പള്ളിയിലുണ്ടായ തീവ്രവാദ സ്ഫോടനത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. മതമുല്യങ്ങള്‍ക്കും മനുഷ്യത്വത്തിനും വിരുദ്ധമായ ഇത്തരം സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടത്തെി ഉചിതമായ നടപടി സ്വീകരിക്കാനും രാജ്യത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്താനും സല്‍മാന്‍ രാജാവിന്‍െറ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് സാധിക്കുമെന്ന് പ്രത്യാശിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് സൗദി ഭരണകൂടത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന സ്വദേശികളായ ഡോക്ടര്‍മാര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് ആരോഗ്യ മന്ത്രിക്ക് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ നിര്‍ദേശം നല്‍കി. സല്‍മാനിയ ആശുപത്രിയില്‍ ഇവരുടെ സേവനം വളരെ പ്രാധാന്യമുള്ളതാണെന്നും ബഹ്റൈനിലെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ‘സിക വൈറസ്’ ബാധയെക്കുറിച്ച് ജാഗ്രത പുലര്‍ത്താനും ഇക്കാര്യത്തില്‍ ലോകരോഗ്യ സംഘടന നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതും നിരോധിക്കപ്പെട്ടതുമായ മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്നത് തടയാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശമുണ്ട്. രാജ്യത്തിന്‍െറ ബജറ്റില്‍ കാണിച്ച പൊതുകടവുമായി ബന്ധപ്പെട്ട് നിയമം നിര്‍മിക്കുന്ന കാര്യം സഭ ചര്‍ച്ച ചെയ്തു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 60 ശതമാനത്തേക്കാള്‍ പൊതുകടം വര്‍ധിപ്പിക്കരുതെന്നാണ് നിര്‍ദേശമുള്ളത്. എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കിയാല്‍ അത് സര്‍ക്കാര്‍ പദ്ധതികളെയും ജനങ്ങളെയും നേരിട്ട് ബാധിക്കുമെന്ന് കാബിനറ്റ് വിലയിരുത്തി. അതിനാല്‍ ഇക്കാര്യം രാജാവിന് മുമ്പാകെ സമര്‍പ്പിക്കാന്‍ സഭ തീരുമാനിച്ചു. ഓയില്‍ ആന്‍റ് ഗ്യാസ് ദേശീയ അതോറിറ്റി പുന:സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശം കാബിനറ്റ് അംഗീകരിച്ചു.
ഇതനുസരിച്ച് ചില ഡയറക്ടറേറ്റുകളുടെ പേരുകള്‍ മാറുകയും ചിലത് ഇല്ലാതാവുകയും ചെയ്യും. പാര്‍ലമെന്‍റില്‍ നിന്നുയര്‍ന്ന രണ്ട് നിര്‍ദേശങ്ങളും സഭ ചര്‍ച്ചക്കെടുത്തു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.