ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയെക്കുറിച്ച് ഡോക്യുമെന്‍ററി തയാറാക്കുന്നു
text_fieldsമനാമ: ബഹ്റൈന്‍ മുന്‍ ഭരണാധികാരി ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയെക്കുറിച്ച് ഡോക്യുമെന്‍ററി തയാറാക്കുന്നു. ഇതിന്‍െറ ഭാഗമായി പൊതുജനത്തിന്‍െറ പക്കല്‍ ശൈഖ് ഈസയുടെ ചിത്രങ്ങളോ വീഡിയോയോ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ഡോക്യുമെന്‍ററി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഇതിനായുള്ള കാമ്പയിന് കഴിഞ്ഞ ദിവസം തുടക്കമായി. ‘ഈസ അവാര്‍ഡ് ഫോര്‍ സര്‍വീസസ് ടു ഹ്യുമാനിറ്റി’യാണ് ഈ ഉദ്യമത്തിനുപിന്നിലുള്ളത്. പൊതുജനം ഇതേവരെ കണ്ടിരിക്കാനിടയില്ലാത്ത ദൃശ്യങ്ങളാണ് ഇവര്‍ തേടുന്നത്. ‘നിര്യാതനായ അമീര്‍ ശൈഖ് ഈസ ബിന്‍ സല്‍മാനോടൊത്തുള്ള നിമിഷങ്ങള്‍’ എന്ന പേരിലാണ് കാമ്പയിന്‍ നടത്തുന്നത്. ഇതോടൊപ്പം ശൈഖ് ഈസയുമായി ബന്ധമുള്ള വ്യക്തിപരമായ അനുഭവങ്ങളും മറ്റും ഇവരുടെ വെബ്സൈറ്റ് വഴി പങ്കുവക്കുകയും ചെയ്യാം. 2017 പകുതിയോടെ നടക്കുന്ന ഈസ ഹ്യുമാനിറ്റി അവാര്‍ഡ് ദാനചടങ്ങില്‍ പൂര്‍ത്തിയാക്കിയ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. സമൂഹത്തിന് നല്‍കിയ സവിശേഷ സേവനങ്ങള്‍ പരിഗണിച്ചാണ് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ അവാര്‍ഡ് നല്‍കുന്നത്. ഇതിന് വംശ,മത,സംസ്കാര,വിശ്വാസ പരിഗണനകളില്ല. ശൈഖ് ഈസയെക്കുറിച്ച ഡോക്യുമെന്‍ററികള്‍ 2013ലും 2015ലും നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, ഇതുമായി സാമ്യമില്ലാത്ത ഡോക്യുമെന്‍ററി തയാറാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ബഹ്റൈന്‍ സമൂഹത്തിന്‍െറ തുടിപ്പുകളുടെ അടയാളമാണ് ശൈഖ് ഈസയുടെ ജീവിതമെന്ന് അവാര്‍ഡ് സെക്രട്ടറി ജനറല്‍ അലി അബ്ദുല്ല ഖലീഫ കഴിഞ്ഞ ദിവസം ജുഫൈറിലെ ഈസ കള്‍ചറല്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും ഇഷ്ടപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു ശൈഖ് ഈസയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്‍െറ ജീവിതത്തിന് പല മാനങ്ങളുണ്ട്. ഇതൊന്നും ഒൗദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പൊതുജനങ്ങളും, സുഹൃത്തുക്കളുമായി അദ്ദേഹത്തിന് വലിയ ബന്ധമുണ്ടായിരുന്നു. ജനങ്ങള്‍ തങ്ങളുടെ മുന്‍ അമീറിനെക്കുറിച്ച് ആദരപൂര്‍വം സംസാരിക്കുന്നത് നാം പലതവണ കേട്ടിട്ടുണ്ട്. അവരില്‍ ചിലരുടെ കയ്യില്‍ അദ്ദേഹത്തിന്‍െറ വീഡിയോയും ചിത്രങ്ങളും കാണും. ബഹ്റൈനി ജനതക്കിടയില്‍ ശൈഖ് ഈസക്ക് സവിശേഷ സ്ഥാനമാണുള്ളത്. പലപ്പോഴും പ്രോട്ടോകോള്‍ മറികടന്നാണ് അദ്ദേഹം ജനങ്ങളുമായി ഇടപഴകിയിരുന്നത്. ഇത് മറ്റുപലരിലും കാണാത്ത സവിശേഷതയാണ്.
ഒരിക്കല്‍ ഒരു സ്കൂള്‍ ബസ് കേടായപ്പോള്‍, പുതിയ ബസ് വരുന്നതുവരെ അദ്ദേഹം കുട്ടികളോടൊപ്പം നിന്ന ചരിത്രമുണ്ട്. അദ്ദേഹം വീട്ടില്‍ നിന്നുതിരിച്ചു വരുന്ന വഴിയായിരുന്നു. എന്നാല്‍ വഴിയരികില്‍ കുട്ടികളുടെ ബസ് കേടായതു കണ്ടപ്പോള്‍ അദ്ദേഹം കാര്‍ നിര്‍ത്തി അവിടെ ഇറങ്ങുകയായിരുന്നു. അസുഖബാധിതരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി എത്തുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. -അലി അബ്ദുല്ല ഖലീഫ പറഞ്ഞു.
ഡോക്യുമെന്‍റിയിലേക്ക് ചിത്രങ്ങളും വീഡിയോയും നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് www.isaaward.com എന്ന വെബ്സൈറ്റ് വഴിയോ communication@isaaward.og എന്ന വിലാസത്തിലോ ഏപ്രില്‍ 15നകം അയക്കാം.ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം 10മിനിറ്റ് ആയിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത് ഇന്ത്യയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ ഡോ. അച്യുത സാമന്തക്കാണ്. ഒരു ദശലക്ഷം ഡോളറാണ് അവാര്‍ഡ് തുക. ചെറിയ പ്രായം മുതലേ സാമൂഹിക-വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായ അച്യുത സാമന്ത കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സ്ഥാപകനാണ്.
2013ല്‍ ഈ അവാര്‍ഡ് ലഭിച്ചത് മലേഷ്യയില്‍ നിന്നുള്ള ഡോ.ജമീല മഹ്മൂദിനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.