കാതോര്‍ക്കുക, ഭാവനയുടെ ശബ്ദവീചികള്‍ക്കായി
text_fieldsമനാമ: കേരളീയ സമാജം ‘സ്കൂള്‍ ഓഫ് ഡ്രാമ’യും യുവര്‍ എഫ്.എം റേഡിയോയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ജി.സി.സിതല റേഡിയോ നാടക മത്സരമായ ‘ഫസ്റ്റ്ബെല്‍’ ആറാം സീസണ്‍ ഇന്ന് തുടങ്ങുമെന്ന് സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ജനറല്‍ സെക്രട്ടറി വി.കെ.പവിത്രന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മലയാളിയുടെ കലാബോധത്തെ മാറ്റിത്തീര്‍ത്ത റേഡിയോ നാടകങ്ങളുടെ തിരിച്ചുവരവാണ് ഈ നാടകമത്സരം. ഇത് ആറാം തവണയാണ് ‘ഫസ്റ്റ്ബെല്‍’ നാടക മത്സരം നടക്കുന്നത്.
16ഓളം നാടകങ്ങളാണ് ഇക്കുറി മത്സരത്തിനുള്ളത്. ബഹ്റൈനു പുറമെ, ഖത്തര്‍,സൗദി എന്നിവിടങ്ങളില്‍ നിന്നും നാടകങ്ങളുണ്ട്.നാട്ടില്‍ നിന്നുള്ള പ്രശസ്തര്‍ വിധികര്‍ത്താക്കളായിരിക്കും. വിജയികള്‍ക്ക് ടോഫിയും കാഷ് അവാര്‍ഡുമാണ് സമ്മാനം.
ബഹ്റൈനിലെ നാടകപ്രേമികള്‍ ആവേശത്തോടെയാണ് റേഡിയോ നാടകമത്സരം കാത്തിരിക്കുന്നത്. രംഗവേദികളില്‍ മികവ് തെളിയിച്ച പലരും ശബ്ദം മാത്രം ഉപയോഗിച്ചുള്ള ഈ പ്രതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.നാട്ടിലേക്ക് തിരിച്ചുപോയ നാടകപ്രവര്‍ത്തകരായ രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍, പപ്പന്‍ ചിരന്തന തുടങ്ങിയവര്‍ ഈ രംഗത്ത് തിളങ്ങിയവരാണ്.
ആദ്യ വര്‍ഷങ്ങളില്‍ രാത്രി ഏഴ് മണിക്കാണ് പ്രക്ഷേപണം ചെയ്തിരുന്നത്. പിന്നീട് ഉച്ച ഒരുമണി ആക്കിയത് പലര്‍ക്കും അസൗകര്യമായിരുന്നു. ഈ സാഹചര്യത്തില്‍ സമാജം വൈകീട്ട് വീണ്ടും നാടകങ്ങള്‍ കേള്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു.
നിരവധി ചരിത്ര-കുടുംബ-സാമൂഹിക നാടകങ്ങള്‍ പോയ വര്‍ഷങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. ‘ആടുജീവിതവും’ ‘ആരാച്ചാരും’ നാടകരൂപത്തില്‍ വന്നിട്ടുണ്ട്. മഞ്ജുളന്‍, പാര്‍വതി, പ്രഫ. അലിയാര്‍, കൊല്ലം തുളസി, മുരളീധരന്‍, സീമ ജി. നായര്‍ തുടങ്ങിയ പ്രമുഖരാണ് പോയ വര്‍ഷങ്ങളില്‍ വിധികര്‍ത്താക്കളായത്. നാട്ടില്‍അറ്റുപോയ കലയുടെ കണ്ണികള്‍ ഗള്‍ഫില്‍ വീണ്ടെടുക്കുന്നത് കണ്ട് അവര്‍ അദ്ഭുതപ്പെട്ടിരുന്നു.
റേഡിയോ നാടകങ്ങളില്‍ അരങ്ങും സമൂഹവും തമ്മിലുള്ള ബന്ധം ശ്രാവ്യഭാഷയിലൂടെയാണ് വിനിമയം ചെയ്യുന്നതെന്നും അതിലൂടെ ഒരു സംസ്കാരം വളരുകയാണെന്നും നാടകപ്രവര്‍ത്തകനായ പ്രദീപ് പതേരി അഭിപ്രായപ്പെട്ടു. ശബ്ദമെന്ന ഒരൊറ്റ ഘടകം കൊണ്ടുമാത്രം നിശ്ചയിക്കപ്പെടുന്ന റേഡിയോ നാടകങ്ങള്‍ ഏറെ പ്രതിഭ ആവശ്യമുള്ള ഒരു വിഭാഗമാണെന്ന് മൂന്നുതവണ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട നാടകപ്രവര്‍ത്തകന്‍ ഹരീഷ് മേനോന്‍ പറഞ്ഞു.
ശബ്ദവ്യതിയാനങ്ങളിലൂടെ വികാരവിചാര പ്രപഞ്ചത്തെ തുറന്നുകാട്ടുക എന്ന ധര്‍മ്മമാണ് അഭിനേതാക്കള്‍ ഈ മാധ്യമം വഴി അനുഷ്ഠിക്കുന്നതെന്ന് നാടകകൃത്തായ ആശാമോന്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി ദൃശ്യകലയായ നാടകത്തിന്‍െറ ശ്രാവ്യരൂപമായ റേഡിയോ നാടകത്തിന് കേള്‍വിക്കാരന്‍െറ മനസില്‍ ഭാവനക്കനുസൃതമായി കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കാനാകുമെന്ന് നടനായ ശ്രീജിത്ത് ഫറൂഖ് പറഞ്ഞു.
നാടകങ്ങളുടെ
അവതരണ ക്രമം:
ഫെബ്രുവരി അഞ്ച് (ഉച്ച ഒരു മണി)-‘ചുടല’, സംവിധാനം-അനില്‍ സോപാനം. 1.30-കിനാവ് അവതരിപ്പിക്കുന്ന ‘മരുഭൂമിയിലെ സൂര്യകാന്തികള്‍’, സംവിധാനം-ശബിനി വിജു.
ഫെബ്രുവരി ആറ് (ഉച്ച ഒരു മണി) -‘ഹൃദ്യം’, സംവിധാനം-സജു മുകുന്ദ് . 1.30ന് പ്രേരണ ബഹ്റൈന്‍ അവതരിപ്പിക്കുന്ന ‘മിസ്സിങ്’-സംവിധാനം സിനു കക്കട്ടില്‍.
ഫെബ്രുവരി ഏഴ് (ഉച്ച ഒരു മണി)- സരിഗ അവതരിപ്പിക്കുന്ന ‘ഇല്ലാതെ പോയൊരാള്‍’, സംവിധാനം -രമേഷ് കൈവേലി. 1.30-‘പേജുകള്‍ മറിക്കുമ്പോള്‍ മെയ് 5’,സംവിധാനം-അജിത് കുമാര്‍ അനന്തപുരി.
ഫെബ്രുവരി എട്ട് (ഉച്ച ഒരു മണി)-‘ഒറ്റ’, സംവിധാനം-എം ജയശങ്കര്‍. 1.30-‘ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്’, സംവിധാനം-മനോജ് തേജസ്വിനി.
ഫെബ്രുവരി ഒമ്പത് (ഉച്ച ഒരു മണി)- വിശ്വകലാ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന ‘പുനപ്രതിഷ്ഠ’,സംവിധാനം-കെ.ബി.പ്രസാദ്. 1.30-തനിമ കലാസാഹിത്യ വേദി ഖത്തര്‍ അവതരിപ്പിക്കുന്ന ‘ശാന്തിതീരം തേടി’, സംവിധാനം-ഖാലിദ് കല്ലൂര്‍.
ഫെബ്രുവരി 10(ഉച്ച ഒരു മണി)-‘അഗ്നിശലഭം’, സംവിധാനം-ഹരീഷ് മേനോന്‍. 1.30-‘ഇവള്‍ ജ്വാല’, സംവിധാനം-ഷിബു വില്‍ഫ്രെഡ്.
ഫെബ്രുവരി 11(ഉച്ച ഒരു മണി)‘സര്‍വൈവല്‍’,സംവിധാനം-ദിനേശ് കുറ്റിയില്‍. 1.30-ഓലപ്പുര അവതരിപ്പിക്കുന്ന ‘കുഞ്ഞേടത്തി’, സംവിധാനം- രാജേഷ്, സുധീഷ്.
ഫെബ്രുവരി 12 (ഉച്ച ഒരു മണി)-‘ലോധിയ’, സംവിധാനം-അമല്‍ ജോണ്‍ . 1.30ന്-‘തുമ്പപ്പൂ’,സംവിധാനം-നിഹാസ് ബഷീര്‍.
ഫിനാലെയും സമ്മാനദാനവും ഫെബ്രുവരി 12ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ രാത്രി 8 മണിക്ക് അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജയകുമാര്‍-39807185, ശിവകുമാര്‍ കുളത്തൂപ്പുഴ-39676830 എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.