സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് അംഗീകാരം
text_fieldsമനാമ: 2016-2018 കാലയളവില്‍ 15,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. വിവിധ യൂനിവേഴ്സിറ്റികളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്കും, സാങ്കേതിക തൊഴില്‍ പരിശീലനം നേടിയവര്‍ക്കും, ഡിപ്ളോമ-ഹയര്‍ സെക്കന്‍ററി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും സ്വകാര്യ മേഖലയില്‍ ഉചിതമായ തൊഴില്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതി. 10,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് 2014ല്‍ തയാറാക്കിയ പദ്ധതി വിജയകരമായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ പദ്ധതി തയാറാക്കിയത്. സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്കും നിക്ഷേപകര്‍ക്കും സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പ്രോത്സാഹനം നല്‍കും. സ്വദേശി തൊഴിലന്വേഷകരെ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം നടപ്പിലാക്കും. വിയന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന്‍െറ ‘സമാധാന ജ്വാല’ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫക്ക് കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ ആശംസാ സന്ദേശം വായിച്ചു. മാനവിക ഐക്യം, മതസഹിഷ്ണുത, ജനസമൂഹങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമായി പ്രധാനമന്ത്രി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഈ രംഗങ്ങളില്‍ പ്രധാനമന്ത്രി നല്‍കിയ പ്രോത്സാഹനങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ബഹ്റൈന്‍െറ യശസ്സുയരാന്‍ അംഗീകാരം കാരണമായെന്ന് കാബിനറ്റ് വിലയിരുത്തി. ഈ സന്തോഷത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളോടൊപ്പം മന്ത്രിസഭയും പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി.
വന്‍ മുതല്‍ മുടക്കില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ പണിയുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങ് സംബന്ധിച്ച് മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പദ്ധതി വഴി സിവില്‍ ഏവിയേഷന്‍ രംഗത്ത് ബഹ്റൈന് വന്‍ കുതിച്ചു ചാട്ടം സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് കാബിനറ്റ് വിലയിരുത്തി. രാജ്യം കണ്ട ഏറ്റവും വലിയ വിമാനത്താവള വികസനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.
‘ഗള്‍ഫ് ഇന്‍ഡസ്ട്രി എക്സ്പോ -2016’ന്‍െറ വിജയം കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇത്തരം എക്സിബിഷനുകള്‍ വിജയിപ്പിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലബനാനുമായുള്ള ബന്ധം പുന$പ്പരിശോധിക്കാനുള്ള സൗദി തീരുമാനത്തെ കാബിനറ്റ് സ്വാഗതം ചെയ്തു. ലബനാനുള്ള ആയുധസഹായം നിര്‍ത്തിവെക്കാനാണ് തീരുമാനം. അയല്‍ രാജ്യങ്ങളുമായുള്ള സഹകരണ വിഷയത്തിലും സൗദി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
55ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന കുവൈത്ത് ഭരണകൂടത്തിനും ജനങ്ങള്‍ക്കും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു. ഭരണാധികാരി ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് കൂടുതല്‍ ഉയരത്തിലത്തെട്ടെയെന്ന് സന്ദേശത്തില്‍ പറഞ്ഞു.
റെഡിമെയ്ഡ്, വസ്ത്ര നിര്‍മാണ മേഖലയില്‍ നിക്ഷേപ പദ്ധതികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി. ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ബഹ്റൈനില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വിഷയവും കാബിനറ്റ് ചര്‍ച്ച ചെയ്തു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.