42,000 പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി –എല്‍.എം.ആര്‍.എ
text_fieldsമനാമ: 42,000 അനധികൃത വിദേശ തൊഴിലാളികള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള അനധികൃത വിദേശികളില്‍ 76 ശതമാനത്തോളം പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ രംഗത്ത് വന്നത്. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് മാസമായി തുടരുന്ന പൊതുമാപ്പ് ഉപയോഗിച്ച് 10,125 വിദേശ തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോയി. 31,894 പേര്‍ രേഖകള്‍ ശരിയാക്കി ഇവിടെ തന്നെ തങ്ങുകയും ചെയ്തിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ ഏറ്റവുമധികം ബംഗാളികളും പിന്നെ ഇന്ത്യക്കാരും തുടര്‍ന്ന് പാകിസ്താനികളുമാണ്. എക്സ്പാറ്റ് ഇന്‍സൈഡര്‍ നടത്തിയ പഠന പ്രകാരം പ്രവാസികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള അറബ് രാജ്യങ്ങളില്‍ പ്രഥമ സ്ഥാനമാണ് ബഹ്റൈനുള്ളത്. അന്താരാഷ്ട്ര തലത്തില്‍ 17ാം സ്ഥാനവുമുണ്ട്.
പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചതായി അദ്ദേഹം അറിയിച്ചു. പൊതുമാപ്പ് വിജയിപ്പിക്കുന്നതിന് പത്രങ്ങളില്‍ പരസ്യം നല്‍കുകയും വിവിധ ഭാഷകളില്‍ ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താന്‍ മുന്നോട്ട് വരാത്തവര്‍ക്ക് ഇനി ഒരു അവസരം നല്‍കുകയില്ളെന്നും നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും ഉസാമ മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പ് വിജയിപ്പിക്കുന്നതിന് സഹകരിച്ച മാധ്യമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.