തെഹ്റാനിലെ സൗദി എംബസി ആക്രമണം: മന്ത്രിസഭ അപലപിച്ചു
text_fieldsമനാമ: തെഹ്റാനിലെ സൗദി എംബസി ആക്രമിച്ച സംഭവത്തെ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു.
ഗുദൈബിയ പാലസില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷനായിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നയതന്ത്ര നിലപാടുകള്‍ക്കും വിരുദ്ധമായ നടപടിയാണ് ഇതെന്നും കാബിനറ്റ് വിലയിരുത്തി. തീവ്രവാദത്തിനെതിരെ സൗദി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകള്‍ക്കും നടപടികള്‍ക്കും മന്ത്രിസഭ പൂര്‍ണ പിന്തുണ അറിയിച്ചു.
ഓരോ രാജ്യത്തിനും തങ്ങളുടെ നാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളാവുന്നതാണ്. ഇത് എല്ലാ അന്താരാഷ്ട്ര വേദികളും ഉറപ്പുനല്‍കുന്ന വിഷയമാണെന്നും അതിനാല്‍ സൗദി സ്വീകരിച്ച നടപടികള്‍ ന്യായമാണെന്നും വിലയിരുത്തി.
നയതന്ത്ര കാര്യാലയങ്ങളും അതിലുള്ള ഉദ്യോഗസ്ഥരെയും സംരക്ഷിക്കേണ്ട ബാധ്യത അതത് രാജ്യങ്ങള്‍ക്കാണ്.
എന്നാല്‍ തെഹ്റാനിലെ സൗദി എംബസിക്ക് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ഇറാന് വീഴ്ച പറ്റിയെന്നും ഇത് ഗൗരവതരമാണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
സൗദിയുടെ ആഭ്യന്തര കാര്യത്തില്‍ ഇറാന്‍െറ ഇടപെടലിനെയും കാബിനറ്റ് അപലപിച്ചു.
തീവ്രവാദം കയറ്റുമതി ചെയ്യുന്നതിന് ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഇറാന്‍ നടപടികളില്‍ പ്രതിഷേധിച്ച് അവരുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.