ഒന്നരവര്‍ഷത്തിനകം ബഹ്റൈനില്‍ മൂന്ന് ഹൈപര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കും –എം.എ. യൂസഫലി
text_fieldsമനാമ: ബഹ്റൈനില്‍ ഒന്നര വര്‍ഷത്തിനകം മൂന്ന് ഹൈപര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ജുഫൈര്‍ ലുലുവിന്‍െറ ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഞ്ച് അഹ്ലി ക്ളബിലെ ഗലേറിയ മാളില്‍ ബഹ്റൈനിലെ ആറാമത് ഹൈപര്‍മാര്‍ക്കറ്റ് ഉടന്‍ തുറക്കും. ഇതുവരെ 110 ദശലക്ഷം ദിനാറിന്‍െറ നിക്ഷേപമാണ് ലുലു ബഹ്റൈനില്‍ നടത്തിയത്. 1100 ബഹ്റൈനികള്‍ക്ക് ഇതിനകം ജോലി നല്‍കാന്‍ സാധിച്ചിട്ടുണ്ട്. പുതിയ പദ്ധതികളിലൂടെ 500 പേരെ കൂടി നിയമിക്കും.
എണ്ണ വിലയിടിവ് താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ഇതിന് മുമ്പും സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ ഒരുതരത്തിലും ഇത് ബാധിക്കില്ല. നിരവധി വികസന പദ്ധതികളില്‍ ജി.സി.സി രാജ്യങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. പെട്രോളിനെ ആശ്രയിക്കാതെ തന്നെ മുന്നോട്ടുപോകാന്‍ ഇത് സഹായിക്കും. ബഹ്റൈനില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ്. പുതുതായി പ്രഖ്യാപിക്കപ്പെട്ട വികസന പദ്ധതികള്‍ ഇതിന് തെളിവാണ്. ഭരണാധികാരികളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളിലും കൂടുതല്‍ ഹൈപര്‍മാര്‍ക്കറ്റ് തുറക്കാനുള്ള തീരുമാനമാനത്തിലാണ് ഗ്രൂപ്. സൗദിയിലും ഒമാനിലും ഈജിപ്തിലും അടുത്തുതന്നെ പുതിയ ഹൈപര്‍മാര്‍ക്കറ്റുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലുലുവിന്‍െറ 120ാമത്തെയും ബഹ്റൈനിലെ അഞ്ചാമത്തെയും ഹൈപര്‍മാര്‍ക്കറ്റാണ് ജുഫൈര്‍ മാളില്‍ ബുധനാഴ്ച തുറന്നത്. ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായ- വാണിജ്യ മന്ത്രി സായിദ് അല്‍ സയാനി, തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍, ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ ദൈജ് ആല്‍ ഖലീഫ, ശൈഖ് അഹ്മദ് ഖലീഫ ആല്‍ ഖലീഫ, ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, അമേരിക്കന്‍ അംബാസഡര്‍ വില്യം റൂബക്ക്, യു.കെ. അംബാസഡര്‍ സൈമണ്‍ മാര്‍ട്ടിന്‍, ലുലു എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.
1,20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായതെല്ലാം ഒരുകുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്. ജുഫൈര്‍, ഹൂറ, ഗുദൈബിയ, അദ്ലിയ, ഉമ്മുല്‍ഹസം എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുതിയ ഹൈപര്‍മാര്‍ക്കറ്റ് ഗുണകരമാകും. പഴങ്ങള്‍- പച്ചക്കറികള്‍, ഇറച്ചി, പാലുല്‍പന്നങ്ങള്‍, ബേക്കറി തുടങ്ങിയവക്കെല്ലാം പ്രത്യേകം വിഭാഗങ്ങളുണ്ട്. ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളും ലഭ്യമാണ്. ഇലക്ട്രോണിക്സ്, ഐ.ടി. ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വിപുലവും ആധുനികവുമായ ശേഖരം ഇവിടെയുണ്ട്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തെരഞ്ഞെടുക്കാവുന്ന വിധത്തിലാണ് ഉല്‍പന്നങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.