ഗാന്ധിയന്‍ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കുക –സാറ ജോസഫ്
text_fieldsമനാമ: ഭീഷണമായ രാഷ്ട്രീയ-സാമൂഹികാവസ്ഥ നിലനില്‍ക്കുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറ ജോസഫ് പറഞ്ഞു. വളരെ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം കണ്ടിട്ടില്ലാത്തവിധമുള്ള വലിയ മാറ്റങ്ങളാണ് ഇപ്പോഴുള്ളത്. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ ചില കാര്യങ്ങള്‍ നാം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ള അസഹിഷ്ണുതയുടെ അന്തരീക്ഷം അതിനെല്ലാം അപ്പുറത്താണ്. -അവര്‍ അഭിപ്രായപ്പെട്ടു. ‘ആപ്’ ബഹ്റൈന്‍െറ നേതൃത്വത്തില്‍ നടന്ന ഫാഷിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിനിടെ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു സാറ ജോസഫ്.
ഇന്ത്യ ആത്യന്തികമായി മതനിരപേക്ഷ-ജനാധിപത്യ രാജ്യമാണ്. മതസഹിഷ്ണുത നമ്മുടെ അവകാശമാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വന്തം വിശ്വാസത്തില്‍ നിലനില്‍ക്കാനുള്ള അവകാശമുണ്ട്. സഹിഷ്ണുതയാണ് ഇന്ത്യന്‍ സമൂഹത്തിന്‍െറ മുഖമുദ്ര. ഇതിനിടയില്‍ ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധം ഉയര്‍ത്തുന്നവര്‍ മറ്റുരാജ്യങ്ങളിലേക്ക് പോകണം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.
ദലിത് വിഷയങ്ങളില്‍ ഗാന്ധിജിയെ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ട കാര്യമില്ല. ഗാന്ധിജിയുടെ ചില തീരുമാനങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ പോരായ്മകള്‍ കണ്ടേക്കാം. എന്നാല്‍ അതുകൊണ്ട് ഗാന്ധിജിക്ക് ദലിത് വിരോധം ഉണ്ടായിരുന്നു എന്ന് പറയാനാകില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മതങ്ങളെ വോട്ടുബാങ്കായി കണ്ട് പ്രീണനം നടത്തുകയാണ് ചെയ്തത്. ഇന്ത്യയിലിപ്പോള്‍ ശത്രുമതം മാത്രമേ ഉള്ളൂ. അയല്‍മതം ഇല്ല. ഇതായിരുന്നില്ല ഗാന്ധിജിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് മതേതര പാര്‍ട്ടി എന്നുപറയുന്നുണ്ടെങ്കിലും അവര്‍ ഏറ്റവും കൂടുതല്‍ ജാതി-മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. അപ്പോള്‍ എങ്ങിനെയാണ് അവര്‍ക്ക് മതേതരമാകാന്‍ കഴിയുക? നിലവിലുള്ള എല്ലാ കക്ഷികളോടും ആശയപരമായ ബദല്‍ ആകാനുള്ള കെല്‍പ് ആം ആദ്മി പാര്‍ട്ടിക്കുണ്ട്. എന്നാല്‍ കേരളം പോലൊരിടത്ത് അതിന്‍െറ വളര്‍ച്ച പതിയെ മാത്രമേ സാധ്യമാകൂ. എല്ലാ പാര്‍ട്ടികളുടെയും വളര്‍ച്ചക്ക് സമയം എടുത്തിട്ടുണ്ട്. ബി.ജെ.പി പോലും ഇപ്പോഴും കേരളത്തില്‍ എക്കൗണ്ട് തുറക്കും എന്നാണ് പറയുന്നത്. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ എല്ലാ മേഖലകളും അതിശക്തമായി കയ്യടക്കി വച്ചിരിക്കുകയാണ്. എല്ലാ ട്രേഡ് യൂനിയനുകളും സര്‍വീസ് സംഘടനകളും സാംസ്കാരിക കൂട്ടായ്മകളും പാര്‍ട്ടികള്‍ കയ്യടക്കിയിരിക്കുന്നു. കേരളത്തില്‍ പൊതുജനം തന്നെ ഇല്ലാത്ത അവസ്ഥയാണ്. ‘പാര്‍ട്ടിജനം’ മാത്രമേ ഉള്ളൂ.
എനിക്ക് വിശ്വാസരാഹിത്യമുണ്ടായത് ഇടതുപക്ഷ ആശയങ്ങളോടല്ല. അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനശൈലിയിലാണ്. ഇടതുപക്ഷ ആശയങ്ങള്‍ സംസാരിക്കുന്നത് സമത്വത്തെക്കുറിച്ചാണ് എന്നതിനാല്‍ അതില്‍ വിശ്വാസരാഹിത്യം ഉണ്ടാകേണ്ട കാര്യമില്ല. സാമ്പത്തികമായും ലിംഗപരമായും ഒന്നും സമത്വമില്ലാത്ത ആളുകളാണ് നമ്മള്‍. നമുക്ക് സാമ്പത്തിക മുന്നേറ്റമുണ്ടായതിന്‍െറ പുറംമോടി മാത്രമാണുള്ളത്.
ടി.പി ശ്രീനിവാസനുനേരെയുണ്ടായ കയ്യേറ്റം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരെയാണ് സഹായിക്കുക എന്നത് ഇവര്‍ ആലോചിക്കേണ്ടതുണ്ട്.
നമ്മുടെ യുവാക്കള്‍ക്ക് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ മടുത്തുകഴിഞ്ഞു. കക്ഷിരാഷ്ട്രീയത്തില്‍ മനംമടുത്ത യുവതലമുറയാണ് ആംആദ്മിയിലേക്ക് വരുന്നത്. അക്രമ രാഷ്ട്രീയം വെറുക്കുന്ന സ്ത്രീകളും ‘ആപി’ലേക്ക് വരുന്നു. കേരളത്തില്‍ തുടക്കത്തില്‍ ‘ആപി’ലേക്ക് കടന്നുവന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. ‘ആപി’ന്‍െറ ഏറ്റവും വലിയ കരുത്ത് അതിന് ഒരു പ്രത്യയശാസ്ത്രമുണ്ട് എന്നതാണ്. നമ്മള്‍ പരിചയിച്ച പ്രത്യയശാസ്ത്രമല്ല, മറിച്ച് ഭാവിയില്‍ മാത്രം മനസിലാക്കാന്‍ സാധിച്ചേക്കാവുന്ന ഒരു സാധ്യതയാണ് ‘ആപി’നുള്ളത്. ഡല്‍ഹിയിലെ ‘ഒറ്റനമ്പര്‍, ഇരട്ട നമ്പര്‍’ വാഹന പരിഷ്കാരം ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയത് വലിയ പ്രാധാന്യത്തോടെയാണ് ലോകം കണ്ടത്. ഇത് നടപ്പാക്കിയത് അഭ്യര്‍ഥനയിലൂടെയാണ്. ആക്രമണ രീതിയിലല്ല തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നത്. ഇതൊരു പുതിയ ശൈലിയാണ്.
ചുംബനസമരം അത് നടന്ന സമയത്തെ ഒരു സമരരീതിയാണ്. അതിന് തുടര്‍ച്ചയുണ്ടാകും എന്നൊന്നും പറയാന്‍ സാധിക്കില്ല. അന്നത്തെ പ്രതിഷേധത്തിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. സദാചാര പൊലീസിങ്ങിനെ ശരീരം കൊണ്ട് തന്നെ പ്രതിരോധിക്കാന്‍ തയ്യാറായ യുവജനങ്ങളുടെ ഒരു ശ്രമമായിരുന്നു അത്. പക്ഷേ, എല്ലാകാലവും ആ സമരരൂപവുമായി മുന്നോട്ടുപോകാനാകും എന്ന് കരുതുന്നില്ല. ചുംബനസമരം ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് മറ്റ് സമരരൂപങ്ങളുടെ അത്രയും ശക്തിയുണ്ടാകും എന്നും കരുതാനാകില്ല.
ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തെ ആശയപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇടതുപക്ഷത്തിന് സാധിക്കുമെങ്കിലും പ്രായോഗികമായി അവര്‍ക്ക് പറ്റുന്നില്ല.
ദാദ്രി സംഭവത്തിനുശേഷം പോലും കാര്യക്ഷമമായി ഇടപെടാന്‍ രാഷ്ട്രീയക്കാര്‍ക്ക് പറ്റിയില്ല. പ്രതിരോധിച്ചത് എഴുത്തുകാരാണ്. രാജ്യത്ത് ഏറ്റവും അഹിതമായത് സംഭവിക്കുമ്പോള്‍ കവിതയെഴുതാന്‍ തനിക്ക് സാധിക്കില്ളെന്നും അതിനപ്പുറമുള്ള പ്രതിരോധങ്ങള്‍ വേണ്ടി വരുമെന്നും അതിനാലാണ് അവാര്‍ഡ് തിരിച്ചുകൊടുത്തതെന്നും സാറാ ജോസഫ് പറഞ്ഞു. എഴുത്തുകാരിയെന്ന നിലയില്‍ വളരെയേറെ വിലമതിക്കുന്ന അവാര്‍ഡാണ് തിരിച്ചു കൊടുക്കുന്നത്. അതില്‍ സങ്കടവുമുണ്ട്. എന്നാല്‍, അതാണ് ശരി എന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്. ഏറ്റവും പ്രിയപ്പെട്ട വസ്തു ത്യജിക്കുക എന്നതാവും ചിലപ്പോള്‍ ചെയ്യാവുന്ന ഏറ്റവും മികച്ച പ്രവൃത്തി.
ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. മറിച്ചുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വിജയിക്കില്ല. ഇന്നത്തെ സാഹചര്യത്തില്‍ വരേണ്ടതായ ഒരു എഴുത്തുണ്ട്. ലാറ്റിനമേരിക്കയിലും മറ്റും വന്നതുപോലുള്ള ഒരു എഴുത്ത് ഇന്ത്യയില്‍ ഉണ്ടായി വരേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഒരു പക്ഷേ അതിന് സമയം എടുത്തേക്കാം. -സാറ ജോസഫ് പറഞ്ഞു. സാറാജോസഫിനൊപ്പം നിസാര്‍ കൊല്ലം, കെ.ആര്‍.നായര്‍, പങ്കജ്നഭന്‍, അസ്കര്‍ പൂഴിത്തല, ഗിരീഷ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.