കേരളീയ സമാജം വനിതാവേദി പ്രവര്‍ത്തനങ്ങള്‍ സീമ ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം വനിതാവേദി ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും കഴിഞ്ഞ ദിവസം നടന്നു. പ്രശസ്ത നടി സീമ ഉദ്ഘാടനം നിര്‍വഹിച്ചു. ജന.സെക്രട്ടറി എന്‍.കെ.വീരമണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, കാനറ ബാങ്ക് ബഹ്റൈന്‍ സി.ഇ.ഒ ഗീതിക ശര്‍മ, വനിതാവേദി പ്രസിഡന്‍റ് മോഹിനി തോമസ്, സെക്രട്ടറി ബിജി ശിവ തുടങ്ങിയവര്‍ സംസാരിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വനിതാവേദി ഭാരവാഹിത്വവും പ്രവര്‍ത്തനവും വിപുലീകരിച്ചതായി പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.
ബഹ്റൈനില്‍ മലയാളികളുടെ കൂട്ടായ്മ സജീവമായി നിലനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സീമ പറഞ്ഞു. സാധാരണ വിദേശങ്ങളില്‍ പോകുമ്പോള്‍ സ്റ്റേഡിയത്തിലും ഗ്രൗണ്ടിലും മറ്റുമാണ് പരിപാടികള്‍ നടത്തുക. മലയാളികള്‍ക്ക് സ്വന്തം കെട്ടിടത്തില്‍ വിദേശത്തും ഇത്തരം പരിപാടികള്‍ നടത്താന്‍ സാധിക്കുന്നു എന്നത് അഭിമാനകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നടി ഇഷ തല്‍വാറും സംഘവും അവതരിപ്പിച്ച നൃത്തം അരങ്ങേറി. ജോസ്മി ലാലു, ബീന ആഷ്ലി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. വനിതാവിഭാഗം അംഗങ്ങള്‍ സംഘഗാനവും നൃത്തവും അവതരിപ്പിച്ചു. ഇന്നലെ സീമയുമായി മുഖാമുഖവും നടന്നു.
സാഹിത്യവിഭാഗം തയാറാക്കിയ ‘ജാലകം’ മാസികയുടെ ആദ്യപതിപ്പ് പി.വി.രാധാകൃഷ്ണപിള്ള സീമക്ക് നല്‍കി പ്രകാശനം ചെയ്തു.
പ്രീതി നമ്പ്യാര്‍ ആണ് എഡിറ്റര്‍. ധര്‍മരാജ്, അജിത് മാത്തൂര്‍, ഡി.സലീം, പ്രസാദ് ചന്ദ്രന്‍, അനീഷ് റോണ്‍, ജയകൃഷ്ണന്‍, രാജഗോപാല്‍, ധര്‍മരാജ്, ജഗദീഷ് ശിവന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കരയാണ് ഏകോപനം നിര്‍വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.