കാവാലത്തിന്‍െറ വിയോഗം: അനുശോചിച്ചും ഓര്‍മ പുതുക്കിയും ബഹ്റൈന്‍ സംഘടനകള്‍
text_fieldsമനാമ: നാടകാചാര്യനും കവിയുമായ കാവാലം നാരായണ പണിക്കരുടെ വിയോഗത്തില്‍ ബഹ്റൈനിലെ വിവിധ സംഘടനകളും വ്യക്തികളും അനുശോചനം രേഖപ്പെടുത്തി. 2012ല്‍ കേരളീയ സമാജത്തിന്‍െറ ക്ഷണം സ്വീകരിച്ച് ബഹ്റൈനില്‍ എത്തിയ കാവാലം നാരായണ പണിക്കര്‍ ഇവിടെ ഒരു മാസക്കാലം താമസിച്ചാണ് ‘ഭഗവദജ്ജൂകം’ എന്ന നാടകം പ്രവാസി കലാകാരന്‍മാരെ വെച്ച് അവതരിപ്പിച്ചത്. ബിനോയ് കുമാറിന്‍െറ നേതൃത്വത്തില്‍ നടന്ന ഈ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കേരളീയ നാടോടി കലാപാരമ്പര്യത്തില്‍ നിന്നും കണ്ടെടുത്ത കഥാസന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കാവാലം കൃതികള്‍ അവതരണത്തിന്‍െറ വൈജാത്യം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് നവ്യാനുഭൂതി നല്‍കിയെന്ന് കേരളീയ സമാജം സാഹിത്യ വിഭാഗം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യന്‍-മലയാള നാടക വേദിയില്‍ പാരമ്പര്യത്തിന്‍െറ കരുത്തുകൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുകയും പാരമ്പര്യ കലാരൂപങ്ങളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് കാവാലം എന്ന് ‘ജ്വാല’ ഭാരവാഹികള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
കാവാലത്തിന്‍െറ ശിഷ്യന്‍ കൂടിയായ നാടക പ്രവര്‍ത്തകന്‍ അനില്‍ സോപാനം ഗുരുവിന്‍െറ നിര്യാണത്തില്‍ അഗാധമായ ദു$ഖം രേഖപ്പെടുത്തി. ശിഷ്യരെല്ലാം അദ്ദേഹത്തെ ‘ആശാന്‍’ എന്നാണ് വിളിച്ചിരുന്നത്. തന്‍െറ പേരിനൊപ്പമുള്ള ‘സോപാനം’ വന്നുചേര്‍ന്നത് കാവാലത്തിന്‍െറ നാടക പ്രസ്ഥാനത്തില്‍ നിന്നാണെന്നും അതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന്‍െറ മണ്‍മണമുള്ള നാടക പ്രസ്ഥാനത്തിനാണ് തിരശ്ശീല വീണതെന്ന് അനില്‍ കൂട്ടിച്ചേര്‍ത്തു.
അരങ്ങിലേക്ക് ആദ്യമായി ചുവടുവെക്കാനുള്ള അവസരമുണ്ടായത് കാവാലത്തിന്‍െറ നാടകത്തിലൂടെയാണെന്നും അദ്ദേഹത്തിന്‍െറ വിയോഗം നാടക മേഖലക്ക് തീരാനഷ്ടമാണെന്നും അഭിനേത്രിയായ വിജിന സന്തോഷ് പറഞ്ഞു.
സംസ്കൃത നാടകങ്ങളെ മലയാളിക്ക് ഏറ്റവും ലളിതമായി പരിചയപ്പെടുത്തിയ നാടകാചാര്യനാണ് കാലയവനികയില്‍ മറഞ്ഞതെന്ന് കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തനത് നാടക വേദിയുടെ പ്രയോക്താവായ കാവാലം ഇന്ത്യന്‍ നാടക രംഗത്ത് അനശ്വര സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്ന് ഫ്രന്‍റ്സ് ബഹ്റൈന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. നാടക മേഖലയില്‍ തനത് ശൈലി ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഗാനരചനയിലും ഇത് പ്രകടമാണ്. കവി, ഗാന രചയിതാവ്, നാടകകൃത്ത്, ഗവേഷകന്‍ എന്നീ മേഖലകളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്‍െറ വേര്‍പാട് സാംസ്കാരിക കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്. ബഹ്റൈന്‍ സന്ദര്‍ശിച്ച രണ്ട് സന്ദര്‍ഭങ്ങളിലും അദ്ദേഹം ഫ്രന്‍റ്സ് ആസ്ഥാനം സന്ദര്‍ശിച്ചത് ദീപ്ത സ്മരണയായി നിലനില്‍ക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മലയാള നാടകവേദിയെ അടിമുടി അഴിച്ചുപണിത കാവാലത്തിന്‍െറ നിര്യാണം സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് ‘പ്രതിഭ’ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കാവാലം തുടങ്ങി വെച്ച ശൈലിയോട് പിണങ്ങി നിന്നവര്‍ക്കുപോലും അദ്ദേഹത്തിന്‍െറ കലയുടെ ഒൗന്നിത്യം അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. ഗാനശാഖയിലും കാവാലും സ്വന്തം ഇടം നിര്‍മിച്ചെടുത്തു. കാലമേറെ കഴിഞ്ഞാലും കേരളം കാവാലത്തെ മറക്കില്ളെന്നും സന്ദേശത്തില്‍ തുടര്‍ന്നു.
കാവാലത്തിന്‍െറ നിര്യാണത്തില്‍ അനുശോചിച്ച് കേരളീയ സമാജത്തില്‍ അനുശോചന യോഗം ചേര്‍ന്നു. കാവാലത്തിന്‍െറ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു. കാവാലവുമായുള്ള ഊഷ്മള ബന്ധവും അദ്ദേഹം അനുസ്മരിച്ചു. സെക്രട്ടറി എന്‍.കെ.വീരമണി, ശിവകുമാര്‍ കൊല്ലറോത്ത്, മനോഹരന്‍ പാവറട്ടി, വിജു കൃഷ്ണന്‍, സതീന്ദ്രന്‍ കൂടത്തില്‍, വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.