സമാജം വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം ഭരണസമിതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെ, പുതിയ ഭരണസമിതി പിടിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമായി.
കഴിഞ്ഞ ഏപ്രിലില്‍ ഭരണം തുടങ്ങിയ യുനൈറ്റഡ് പാനല്‍ (രാധാകൃഷ്ണ പിള്ള വിഭാഗം) സ്ഥാനാര്‍ഥികളാണ് ഇപ്പോഴത്തെ ഭരണസമിതി. സമാജത്തില്‍ വര്‍ഷങ്ങളായി നിലനിന്ന യുനൈറ്റഡ് പാനല്‍ ഇത്തവണ നെടുകെ പിളരുകയായിരുന്നു. തുടര്‍ന്ന്, പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പാനലും കെ.ജനാര്‍ദ്ദനന്‍െറ പാനലും തമ്മിലായിരുന്നു മത്സരം. രാധാകൃഷ്ണപിള്ളയുടെ പാനല്‍ വന്‍ വിജയത്തോടെയാണ് ഭരണം ഉറപ്പിച്ചത്.
സമാജത്തെ ചുറ്റിപ്പറ്റിയുള്ള സംഘടനകളായ ‘ജ്വാല’, ‘പയനിയേഴ്സി’ലെ ഒരു വിഭാഗം, രാധാകൃഷ്ണപിള്ള പാനലിനെ പിന്തുണച്ച ബഹ്റൈന്‍ പ്രതിഭ തുടങ്ങിയ സംഘടനകളിലുള്ളവരാണ് സമാജത്തിലെ ഭൂരിപക്ഷം അംഗങ്ങളും.
പുതിയ ഭരണസമിതിയില്‍ ആരൊക്കെ എത്തണമെന്ന കാര്യം തീരുമാനിക്കാനായി ചെറുതും വലുതുമായ യോഗങ്ങളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ചില പ്രമുഖ നേതാക്കളുടെ വീടുകളിലും ഈ വിഷയത്തില്‍ ഒത്തുചേരലുകള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയുടെയും സമാജം ഭരണസമിതിയുടെയും ഉള്‍പ്പിരിവുകള്‍ കൂട്ടിയിണക്കാനുള്ള ചില ശ്രമങ്ങളും നടക്കുന്നുണ്ട്. സ്കൂള്‍ ഭരണസമിതിയിലുള്ള പലരും സമാജം പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ്.
പ്രധാനമായും സമാജത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളുന്ന ‘ജ്വാല’ക്കും ‘പയനിയേഴ്സി’നും പുറമെ, ഈയിടെ ‘മാനവീയം’ എന്ന പേരില്‍ പുതിയൊരു സംഘടനകൂടി മുന്നോട്ടു വന്നിട്ടുണ്ട്. ജാതി-മത സംഘടനകളും സമാജം ഭരണസമിതിയുടെ പങ്കുപറ്റാന്‍ അവസരം കാത്തിരിക്കുകയാണ്.
ഭരണം കയ്യാളുന്നവരില്‍ ഓന്നോ രണ്ടോ പേര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം തന്നെ വിവിധ സംഘടനകളുടെ പിന്‍ബലത്തോടെയാണ് വരിക. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണുമായി ഇപ്പോഴത്തെ സമാജം ഭരണസമിതി കൈകോര്‍ത്തത് വലിയ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം, വിഘടിച്ച് നില്‍ക്കുന്ന പലരും ഭരണപക്ഷത്തോട് അടുത്തതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ തെരഞ്ഞെടുപ്പിന്‍െറ വരണാധികാരിയായി ദേവന്‍ ഹരികുമാറിനെ നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേണോ അതോ അനുരഞ്ജനത്തില്‍ കാര്യങ്ങള്‍ നീങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതായിട്ടില്ല. ഈ മാസം അവസാനം നോമിനേഷന്‍ നല്‍കാറാണ് പതിവ്. പിന്‍വലിക്കാനുള്ള സമയം ഒരാഴ്ചയായിരിക്കും. മാര്‍ച്ച് അവസാനമാണ് ജനറല്‍ ബോഡി നടക്കാറുള്ളത്. മാര്‍ച്ച് 31വരെയാണ് ഭരണസമിതിയുടെ കാലാവധി.
പി.വി.രാധാകൃഷ്ണപിള്ളയു ടെയും എന്‍.കെ.വീരമണിയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി തുടരാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍, ഭാരവാഹി പട്ടികയിലേക്ക് കടുത്ത ആര്‍.എസ്.എസ്. ബന്ധമുള്ള ഒരാള്‍ വരുന്നതിനെ ‘പ്രതിഭ’ ശക്തമായി എതിര്‍ക്കുമെന്നാണ് അറിയുന്നത്.തങ്ങളുടെ എതിര്‍പ്പ് അവഗണിച്ചും ഈ നീക്കവുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ നീക്കമെങ്കില്‍, പിന്തുണയുണ്ടാകില്ളെന്ന് ‘പ്രതിഭ’ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
നിലവിലുള്ള വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്തും ട്രഷറര്‍ ദേവദാസ് കുന്നത്തും അടുത്ത കമ്മിറ്റിയില്‍ തുടരാന്‍ താല്‍പര്യമില്ല എന്നറിയിച്ചിട്ടുണ്ട്. കമ്മിറ്റിയിലെ മറ്റു ചിലരും തുടരില്ല എന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.