2026 ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരം: ബഹ്റൈൻ ടീം ജപ്പാനിൽ
text_fieldsബഹ്റൈൻ ഫുട്ബാൾ ടീം പരിശീലനത്തിനിടെ
മനാമ: 2026 ലോകകപ്പിനായുള്ള ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്കായി ബഹ്റൈൻ ഫുട്ബാൾ ടീം ജപ്പാനിലെത്തി. വരാനിരിക്കുന്ന നിർണായക രണ്ട് എവേ മാച്ചുകൾക്കാണ് ടീം ഒരുങ്ങുന്നത്. ഈ മാസം 20ന് ജപ്പാനെ അവരുടെ മൈതാനത്ത് നേരിടും. ശേഷം ഇന്തോനേഷ്യയെ 25ന് ജകാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിലും നേരിടും. എന്നാൽ, ഒരാഴ്ചക്കുള്ളിൽ രണ്ടു മത്സരങ്ങൾ കളിക്കേണ്ടിവരുക എന്നത് കളിക്കാർക്ക് വെല്ലുവിളിനിറഞ്ഞതാണെന്ന് ബഹ്റൈൻ പരിശീലകൻ ഡ്രാഗൻ തലാജിക് പറഞ്ഞു. എന്നിരുന്നാലും കളിക്കാരിലെ ആത്മവിശ്വാസത്തിലുറച്ചുനിന്ന തലാജിക് രാജ്യത്തിനായി ചരിത്രം സൃഷ്ടിക്കാനുള്ള ഈ അവസരം അവർ നഷ്ടപ്പെടുത്തില്ലെന്നും കൂട്ടിച്ചേർത്തു. ടീം ജപ്പാനിലേക്ക് പുറപ്പെടുന്നതിനു മുമ്പ് പ്രാദേശിക മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാൻ ടീം അവരുടെ സ്ക്വാഡ് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല, പക്ഷേ എതിരാളികളെക്കുറിച്ച് ഞങ്ങൾ വ്യക്തമായ ധാരണയുണ്ട്, അവർ ടീം പ്രഖ്യാപിക്കുന്നതിലൂടെ അതിന് പാകത്തിൽ തന്ത്രങ്ങളൊരുക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രാദേശിക സൗഹൃദ മത്സരങ്ങളിലെ ദേശീയ ടീമിന്റെ പ്രകടനത്തിൽ പൂർണ തൃപ്തി അറിയിച്ച താലജിക് ജപ്പാനെ നേരിടാനൊരുങ്ങുന്ന ടീമിൽ നല്ല ആത്മ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.
നിലവിൽ ഗ്രൂപ് സിയിൽ അഞ്ചാം സ്ഥാനത്തുള്ള ബഹ്റൈന് മൂന്ന് എവേ മാച്ചുകളും ഒരു ഹോം മാച്ചുമടക്കം നാല് മത്സരങ്ങളാണ് കളിക്കേണ്ടത്. ജൂൺ അഞ്ചിന് സൗദിക്കെതിരെയാണ് ഹോം മാച്ച്. തൊട്ടടുത്ത ആഴ്ച ജൂൺ പത്തിന് ചൈനയെ അവരുടെ ഹോം ഗ്രൗണ്ടിലും നേരിടും. കഴിഞ്ഞ ജനുവരിയിൽ ഗൾഫ് കപ്പ് നേട്ടത്തിന് സാക്ഷിയായ ടീമംഗങ്ങൾ ഭൂരിഭാഗവും യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിലിടം നേടിയിട്ടുണ്ട്. കൂടാതെ പുതുതായി രണ്ടുപേർക്കും അവസരം ലഭിച്ചിട്ടുണ്ട്.
ആറ് കളികളിൽ നിന്ന് 16 പോയന്റുമായി ജപ്പാനാണ് ഗ്രൂപ് സിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു ജയവും നാല് സമനിലയും ഒരു തോൽവിയുമായി ഏഴു പോയന്റോടെ രണ്ടാം സ്ഥാനത്താണ് ആസ്ട്രേലിയ. ബഹ്റൈന് പുറമെ മറ്റു ടീമുകളായ ഇന്തോനേഷ്യ, സൗദി അറേബ്യ, ചൈന എന്നീ ടീമുകൾ ആറ് പോയന്റ് വീതം നേടി യഥാക്രമം സ്ഥാനത്ത് തുടരുന്നു. യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ ആകെ മൂന്ന് ഗ്രൂപ്പുകളാണുള്ളത്. ഇറാൻ, ഖത്തർ, ഉസ്ബകിസ്താൻ, യു.എ.ഇ, കിർഗിസ്താൻ, ഉത്തര കൊറിയ തുടങ്ങിയവർ ഗ്രൂപ് എയിലും, ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ, കുവൈത്ത് എന്നീ ടീമുകൾ ഗ്രൂപ് ബിയിലും ഉൾപ്പെടുന്നു.
ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. മൂന്നും നാലും സ്ഥാനക്കാർ യോഗ്യതാ മത്സരത്തിന്റെ നാലാം റൗണ്ടിലേക്ക് പരിഗണിക്കപ്പെടും. ഗൾഫ് കപ്പ് നേടിയതിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുന്ന ബഹ്റൈൻ ടീം വലിയ ആത്മവിശ്വാസത്തിലാണ് ബൂട്ടുകെട്ടാനൊരുങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.