2026 ലോക ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ് ബഹ്റൈനിൽ
text_fieldsമനാമ: 2026ൽ നടക്കുന്ന ലോക ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്റർനാഷനൽ ടേബ്ൾ ടെന്നിസ് ഫെഡറേഷൻ (ഐ.ടി.ടി.എഫ്) ബഹ്‌റൈനെ തിരഞ്ഞെടുത്തു. ഐ.ടി.ടി.എഫ് ഉച്ചകോടിയുടെ ഭാഗമായി നടന്ന 2023 വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, സുപ്രീം കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ വീക്ഷണത്തിന് അനുസൃതമായാണ് ബഹ്‌റൈനെ തിരഞ്ഞെടുത്തത്. ബഹ്‌റൈനെ പ്രതിനിധാനം ചെയ്ത് ബഹ്‌റൈൻ ടേബ്ൾ ടെന്നിസ് അസോസിയേഷൻ (ബി.ടി.ടി.എ) ചെയർപേഴ്‌സൻ ശൈഖ ഹയാത്ത് ബിൻത് അബ്ദുൽ അസീസ് ആൽ ഖലീഫ, ബി.ടി.ടി.എ വൈസ് പ്രസിഡന്റ് അലി അബ്ദുഅലി അൽ മദെഹ്, ബി.ടി.ടി.എ സെക്രട്ടറി ജാഫർ ഹാദി അൽ മഹ്ഫൂസ് എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടെ, ഐ.ടി.ടി.എഫ് ചട്ടങ്ങൾക്ക് അനുസൃതമായി വിജയകരമായി ടൂർണമെന്റ് സംഘടിപ്പിക്കാൻ ബി.ടി.ടി.എക്ക് കഴിയുമെന്ന് ശൈഖ ഹയാത്ത് ബിൻത് അബ്ദുൽ അസീസ് ആൽ ഖലീഫ പറഞ്ഞു.നിരവധി ലോക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ച പാരമ്പര്യം രാജ്യത്തിനുണ്ട്. ആധുനിക കായിക സൗകര്യങ്ങൾ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് ബഹ്റൈനെ തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള കളിക്കാർക്ക് സവിശേഷമായ മത്സരാനുഭവമായിരിക്കും ബഹ്റൈനിൽ ലഭിക്കുക എന്നും ശൈഖ ഹയാത്ത് ബിൻത് അബ്ദുൽ അസീസ് ആൽ ഖലീഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.