രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം; മുഹമ്മദ് കാസിം ഇന്ന് നാട്ടിലേക്ക്
text_fieldsമനാമ: പാലക്കാട് തൃത്താല കുമ്പിടിതാഴത്തെ പീടികക്കൽ മുഹമ്മദ് കാസിം (50) ബഹ്റൈൻ പ്രവാസത്തോട് ബുധനാഴ്ച വിടപറയുന്നു. 1997ലാണ് കാസിം ആദ്യമായി ബഹ്റൈനിലെത്തുന്നത്. ഗഫൂളിലെ സ്വദേശി വീട്ടിൽ ഹൗസ് ബോയി ആയാണ് ജോലി ലഭിച്ചത്. കഴിഞ്ഞ 25 വർഷവും ഒരേ വീട്ടിലാണ് കാസിം ജോലിചെയ്തത്. ഒഴിവുസമയങ്ങളിൽ പ്രയാസപ്പെടുന്നവരെ തന്നെക്കൊണ്ട് കഴിയുംവിധം സഹായിക്കുകയാണ് ഹോബിയെന്ന് കാസിം പറയുന്നു. കെ.എം.സി.സി പാലക്കാട് കമ്മിറ്റി അംഗമാണ്. ഉമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. രണ്ടാമത്തെ മകളുടെ വിവാഹം ഫെബ്രുവരിയിലാണ്. ഏക മകൻ ബഹ്റൈനിലുണ്ട്. കാര്യമായ നീക്കിയിരിപ്പൊന്നുമില്ലാത്ത കാസിം സന്തുഷ്ടനായാണ് മടക്കം. പ്രായമായ ഉമ്മയും രോഗിയായ ഭാര്യയെയും ശുശ്രൂഷിക്കാൻ താൻ ഇനി നാട്ടിൽതന്നെ ഉണ്ടാവണമെന്ന് കാസിം പറയുന്നു. സ്വന്തം നാടുപോലെ ഇഷ്ടപ്പെട്ട ബഹ്റൈന്റ സ്നേഹവും കരുതലും നിധിപോലെ മനസ്സിൽ സൂക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തിയാലും സാമൂഹിക സേവനരംഗത്ത് പ്രവർത്തനനിരതനാവുമെന്നും കാസിം അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.