32 വർഷത്തെ പ്രവാസം; മുഹമ്മദ് അബ്ദുല്‍ ഖാദർ ഇനി ജന്മനാട്ടിലേക്ക്
text_fieldsമനാമ: തിരുവനന്തപുരം പൂവാർ സ്വദേശിയായ ബൈത്തുന്നൂർ മുഹമ്മദ് അബ്ദുൽ ഖാദർ ബഹ്റൈനിലെത്തിയിട്ട് 32 വർഷങ്ങളായി. തന്റെ 27ാമത്തെ വയസ്സിൽ ഇവിടെയെത്തുകയും ജന്മനാടിനേക്കാൾ കൂടുതൽ കാലം ബഹ്റൈനിൽ ചെലവഴിക്കുകയും ചെയ്ത അദ്ദേഹം നാട്ടിലേക്ക് തിരികെപ്പോകുന്നത് ഏറെ ചാരിതാർഥ്യത്തോടെയാണ്. എല്ലാപ്രവാസികളെയും പോലെ കുടുംബപ്രാരബ്ധം, സഹോദരിമാരുടെ വിവാഹം, വീട്,സ്വന്തം ജീവിതം കരുപിടിപ്പിക്കൽ എന്നിങ്ങനെ സ്വപ്നങ്ങളുമായാണ് ബഹ്റൈനിലെത്തിയത്. തിരിഞ്ഞുനോക്കുമ്പോൾ ഏറെ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറയുന്നു.
31 വർഷമായി മനാമയിലെ ശൈഖ് ബദർ സൽമാൻ ആൽ ഖലീഫയുടെ അൽഖാത്തിബ് ട്രാവൽ ഏജൻസിയിലായിരുന്നു ജോലി. ഈ കാലത്തിനിടയ്ക്ക് സഹോദരിമാരുടെ വിവാഹം,സ്വന്തം വിവാഹം, വീട്, നാലു മക്കളുടെ വിദ്യാഭ്യാസം എന്നീ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സാധിച്ചു. കുടുംബത്തെ ഇടയ്ക്ക് ഇവിടെ കൊണ്ടുവന്നിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നതിനാൽ നാടുവിട്ട് നിൽക്കുന്നതിന്റെ വിഷമം അറിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. ബഹ്റൈൻ പ്രവാസത്തിനിടക്ക് ധാരാളം പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാൻ സാധിച്ചിട്ടുണ്ടെന്ന് നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹം പറഞ്ഞു.
വന്നകാലം മുതൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന്റെ പ്രവർത്തനങ്ങളിലും ജീവകാരുണ്യരംഗത്തും സജീവമായിരുന്നു. ഇനിയുള്ള കാലം സ്വന്തം നാട്ടിൽ കഴിയണമെന്ന താൽപര്യംകൊണ്ടാണ് തിരികെപ്പോകുന്നത്. ബഹ്റൈനും സംഘടനാപ്രവർത്തനത്തിനിടക്ക് പരിചയപ്പെട്ട ആയിരക്കണക്കിനു വരുന്ന പ്രവാസികളും എന്നും മനസ്സിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.