40 വർഷത്തെ പ്രവാസം; രവീന്ദ്രൻ ഇനി തിക്കോടിയിലേക്ക്
text_fieldsമനാമ: 40 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ ചിറക്കൽ രവീന്ദ്രൻ. 1984ൽ ആണ് രവീന്ദ്രൻ ബഹ്റൈനിൽ എത്തിയത്. കൺസ്ട്രക്ഷൻ മേഖലയിൽ തൊഴിലാളിയായായിരുന്നു തുടക്കം. 24 വർഷമായി ഡ്രൈവറായി ജോലി നോക്കുകയാണ്. നാലു ദശകങ്ങൾകൊണ്ട് ബഹ്റൈനിന്റെ മുക്കും മൂലയുമടക്കം പരിചിതമായി. ഈ രാജ്യംതന്ന അവസരങ്ങളാണ് 70ാം വയസ്സുവരെ ഇവിടെതന്നെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്.
മക്കളെയെല്ലാം പഠിപ്പിക്കാൻ കഴിഞ്ഞു എന്നത് പ്രവാസത്തിന്റെ നേട്ടമാണ്. നാട്ടിൽ ‘അമ്മ’മിൽ എന്ന പേരിൽ വെളിച്ചെണ്ണ, ഫ്ലോർ മില്ലിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഭാര്യ ലീലയോടൊപ്പം മിൽ നോക്കി നടത്തി സ്വസ്ഥനാകാനാണ് തീരുമാനം. മൂന്നു മക്കളിൽ മൂത്ത മകളായ രഞ്ജി സത്യൻ അൽനൂർ ഇന്റർനാഷനൽ സ്കൂൾ ടീച്ചറാണ്. മകൾ കുടുംബത്തോടൊപ്പം ബഹ്റൈനിലുണ്ട്. രണ്ടാമത്തെ മകൻ രഞ്ജിത്ത് ബഹ്റൈൻ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ നാട്ടിലാണ്.
മൂന്നാമത്തെ മകൾ രജിഷ എയർഇന്ത്യ എക്സ്പ്രസിൽ എയർ ഹോസ്റ്റസായി ജോലി ചെയ്യുന്നു. സഹോദരൻ രഘുനാഥൻ ഇവിടെയുണ്ടായിരുന്നത് സഹായമായിരുന്നു. സഹോദരൻ ഇവിടെത്തന്നെ തുടരുകയാണ്. രവീന്ദ്രൻ 14ന് നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.