42 വർഷത്തെ പ്രവാസം; അഷ്റഫും കുടുംബവും 24ന് നാട്ടിലേക്ക്
text_fieldsമനാമ: നീണ്ട 42 വർഷത്തെ പ്രവാസത്തിനുശേഷം അഷ്റഫും കുടുംബവും 24ന് നാട്ടിലേക്ക് തിരിക്കുകയാണ്. സ്വന്തം നാടായ കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളിയിലെ സിദ്ര എന്ന വീട്ടിലായിരിക്കും ഇനിയുള്ള കാലം. 1982ൽ ബഹ്റൈനിലെത്തുമ്പോൾ ജീവിതത്തെപ്പറ്റി നിരവധി സ്വപ്നങ്ങളുണ്ടായിരുന്നു. അതിൽ ഏറിയ പങ്കും നിറവേറി എന്ന സന്തോഷം തിരിച്ചുപോകുമ്പോഴുണ്ട്. പക്ഷേ ഈ കാലയളവിൽ ഒരു മകനെ നഷ്ടമായതിന്റെ സങ്കടം ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്ന് അഷ്റഫ് പറയുന്നു.
ആന്തലൂസ് ഗാർഡനടുത്തുള്ള സൂപ്പർ മാർക്കറ്റിലാണ് അഷ്റഫ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. നീണ്ട 15 വർഷങ്ങൾ അവിടെ ജോലി ചെയ്തു. അതിനുശേഷം ടൂബ്ലിയിലെ അൽജസീറയിൽ ചേർന്നു. 27 വർഷമായി അവിടെയാണ് ജോലി ചെയ്യുന്നത്. ബാക്ക് ഓഫീസ് കോ ഓർഡിനേറ്ററായാണ് വിരമിക്കുന്നത്. ഭാര്യ സീനത്തിനും മൂന്നു മക്കളോടുമൊപ്പമായിരുന്നു ബഹ്റൈനിൽ താമസിച്ചിരുന്നത്.
മൂത്ത മകൻ സാഫിർ ഡിേപ്ലാമാറ്റിക് ഏരിയയിലുള്ള പ്രിന്റിങ് പ്രസിലെ ജീവനക്കാരനാണ്. കുടുംബമായി ബഹ്റൈനിൽ താമസിക്കുകയാണ്. മകൾ ഇബ്തിസാമിന്റെ ഭർത്താവ് ബഹ്റൈനിൽ ഒരു കമ്പനിയിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മക്കളെയെല്ലാം പവിഴദ്വീപ് വളർത്തി. ജീവിതത്തിൽ കൂടുതൽ കാലയളവും ഇവിടെയാണ് ചെലവഴിച്ചത്.
പക്ഷേ, ഇന്ത്യൻ സ്കൂളിൽ പഠിച്ച മകൻ സയാന്റെ വേർപാടിന്റെ ദുഃഖം ഒരിക്കലും മറക്കാനാവില്ല. എട്ടു മുതൽ പ്ലസ് ടു വരെ ഇന്ത്യൻ സ്കൂളിൽ പഠിച്ചതിനുശേഷമാണ് മകൻ ബിരുദ പഠനത്തിനായി നാട്ടിലേക്ക് പോയത്. അതിനിടെ ബൈക്ക് ആക്സിഡന്റിൽ മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനെക്കുറിച്ച് നല്ല ഓർമകൾ മാത്രമേയുള്ളൂ. വന്നപ്പോഴുള്ള ബഹ്റൈനല്ല ഇപ്പോഴുള്ളത്. വലിയ മാറ്റങ്ങൾ സംഭവിച്ചു. അന്നം തന്ന ഈ നാടിനോട് എന്നും സ്നേഹവും കടപ്പാടുമുണ്ടെന്നും അഷ്റഫ് പറയുന്നു.
അഷ്റഫും ഭാര്യ സീനത്തും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.