44 വർഷം നീണ്ട പ്രവാസം; വടകരയിലേക്ക് തിരികെ അബ്ദുറഹ്മാൻ
text_fieldsമനാമ: 44 വർഷം നീണ്ട പ്രവാസത്തിനുശേഷം സ്വദേശമായ വടകരയിലേക്ക് തിരിച്ചുപോകുകയാണ് അബ്ദു റഹ്മാൻ. 1980ലാണ് തിരുവള്ളൂർ തുമ്പോളി അബ്ദു റഹ്മാൻ ബഹ്റൈനിലെത്തുന്നത്. ആദ്യ സമയങ്ങളിൽ തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ടി. പരിമിതമായ സൗകര്യങ്ങളിലായിരുന്നു ജീവിതം.
ചൂട് അസഹ്യമാകുമ്പോൾ ടെറസ്സിൽ പോയി കിടക്കും. ഈച്ച ശല്യം രൂക്ഷമായിരുന്നു. പിന്നീട് അറബ് ഭവനത്തിൽ ജോലി ലഭിച്ചതോടെയാണ് കഷ്ടപ്പാടുകൾ കുറേയൊക്കെ മാറിയത്. മൂന്നരവർഷത്തെ ഈ ജീവിതത്തിനിടയിൽ അറബിക്, ഇംഗ്ലീഷ് ഭാഷകൾ വശത്താക്കി. പിന്നീട് കുറെക്കാലം ബുദയ്യയിൽ കോൾഡ് സ്റ്റോറേജ് ഏറ്റെടുത്ത് നടത്തി.
ബ്രിട്ടീഷ് സ്വദേശികളൂടെ വീട്ടിൽ ഹൗസ്ബോയ് ആയും ജോലിനോക്കി. പിന്നീട് റീജൻസി ഹോട്ടലിൽ ജീവനക്കാരനാകുകയായിരുന്നു. അവിടെ പർച്ചേസ് വിഭാഗത്തിൽ 31 വർഷമായി ജോലി നോക്കുകയാണ്. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും സംഘടന പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തി. കെ.എം.സി.സിയിലും സമസ്തയിലും പ്രവർത്തിച്ചു.
‘തണൽ’ അടക്കം ജീവകാരുണ്യ സംഘടനകളിലും സജീവമായിരുന്നു. കുടുംബം കുറെക്കാലം ബഹ്റൈനിലുണ്ടായിരുന്നു. നാലു മക്കളിൽ രണ്ടുപേർ ഇവിടെയാണ് ജനിച്ചത്. കുടുംബം ഇപ്പോൾ നാട്ടിലാണ്. ഇനി തിരികെപോയി നാട്ടിൽ ബിസിനസ് തുടങ്ങാനാണ് ആഗ്രഹം. ഇത്രയും നാൾ ഹൃദയത്തിന്റെ ഭാഗമായിരുന്ന ബഹ്റൈനിനോട് വിടപറയുമ്പോൾ ദുഃഖമുണ്ടെന്നും അബ്ദു റഹ്മാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.